ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് ആളൊരു പരമരസികനാണ്. അഴിമതി മുതല്‍ ആണവായുധ യുദ്ധം വരെയും പരിണയം മുതല്‍ പാമ്പുവിഷം വരെയുമുള്ള വിഷയങ്ങളെല്ലാം നര്‍മ്മത്തില്‍ ചാലിച്ചേ അദ്ദേഹം പറയാറുള്ളു. ഈയിടെ ബിജെപി ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു സംയുക്തയോഗം നടന്നു. യോഗത്തില്‍ പങ്കാളിയായിരുന്ന രാഹുല്‍ഗാന്ധിയോട് ലാലു ഉപദേശിച്ചു, അടുത്ത പ്രധാനമന്ത്രിയാക്കാം. പക്ഷേ പോയി കല്യാണം കഴിച്ചിട്ടു വാ. അവിവാഹിതനോ, വിഭാര്യനോ, ഭാര്യയെ ഉപേക്ഷിച്ചവനോ പ്രധാനമന്ത്രിയാകുന്നത് അശുഭലക്ഷണമാണ്. കണ്ടില്ലേ മോഡി. കല്യാണം കഴിച്ച പെണ്ണിനെ നീയിവിടെ ഈ കമ്പിത്തൂണില്‍ ചാരി നിന്നോ, ഞാനൊരു ചായ കുടിച്ചിട്ട് വരാമെന്ന് പറഞ്ഞ് മുങ്ങിയതാണ്. പിന്നീടൊരിക്കലും മോഡി ആ പെണ്ണിനെ കണ്ടിട്ടില്ല. ആ പാവം പെണ്ണ് വൃദ്ധയായി ഇപ്പോഴും ഇലക്ട്രിക് പോസ്റ്റും ചാരിനില്പാണ്. ‘കല്യാണം കഴിച്ചിട്ടും ബ്രഹ്മചാരി‘യായി കഴിയുന്ന പ്രധാനമന്ത്രി മോഡി അശുഭലക്ഷണമായതുകൊണ്ടാണല്ലോ നാമിപ്പോള്‍ ഈ ദുരിതക്കയത്തില്‍ കിടന്നുപിടയുന്നത്. രാജ്യത്തെയാകെത്തന്നെ വിറ്റുതുലച്ചുകഴിഞ്ഞിരിക്കുന്നു. നമ്മളറിയാതെ, അതുകൊണ്ട് വീര്‍ത്ത ഖജനാവുമായി ഭരണത്തിലേറാമെന്ന പൂതിയും വേണ്ട. ഇത്രയും പറഞ്ഞിട്ട് രാഹുലിന്റെ ചെവിയില്‍ ലാലു നമ്മുടെ വികെഎന്റെ ‘നായിന്റെ മോന്‍’ എന്ന കഥ ചൊല്ലിക്കൊടുത്തുവെന്നാണ് കിംവദന്തി.
കഥയിങ്ങനെ: കോലോത്തെ കാരണവര്‍ ശങ്കുണ്ണി മേനോന്‍ അന്തരിച്ചു. രാവിലെ പത്ത് മണിക്കായിരിക്കും അന്ത്യമെന്ന് ജ്യോത്സ്യന്മാരും വെെദ്യന്മാരുമൊക്കെ പ്രവചിച്ചുവെങ്കിലും വിടചൊല്ലിയത് അവരുടെ പ്രവചനങ്ങളെയെല്ലാം തെറ്റിച്ച് ആറ് മണിക്കൂര്‍ വെെകിയായിരുന്നു. ഘടാഘടികനും താന്തോന്നിയും അപാര ധെെര്യശാലിയുമായിരുന്നു മേനോന്‍. ഭാര്യയും മക്കളും മരുമക്കളുമൊക്കെ മരണശയ്യക്കടുത്തുണ്ട്. മൃതദേഹത്തെ നോക്കി അയലത്തെ പെണ്ണുങ്ങള്‍ അടക്കം പറഞ്ഞു. ചത്തെങ്കിലും ആ കിടപ്പു കണ്ടോ, ചമഞ്ഞല്ലേ കിടപ്പ്! തറവാട് ക്ഷയിച്ചെങ്കിലും കാര്‍ന്നോര്‍ ഒന്നിനും ഒരു കുറവ് വരുത്തിയില്ല. എല്ലാം സുഭിക്ഷം. എല്ലാപേര്‍ക്കും പുത്തനുടുപ്പുകള്‍, ഇഷ്ടഭോജ്യങ്ങള്‍, വേലക്കാരുടെ ഒരു പട തന്നെയുണ്ട്. അംഗരക്ഷകര്‍ക്ക് വെട്ടിത്തിളങ്ങുന്ന വേഷഭൂഷകള്‍. ശങ്കുണ്ണിമേനോനെ കണ്ടുപഠിക്കണമെന്ന് നാട്ടുകാര്‍. മോഡിയെ കണ്ടുപഠിക്കണമെന്ന് അനുയായികള്‍ പറയുമ്പോലെ. ഇരു ചെവിയുമറിയാതെ എ ല്ലാം നോക്കി നടത്തുന്ന ശങ്കുണ്ണി മേനോന്‍. മുറ്റത്ത് തുമ്പിക്കയ്യുയര്‍ത്തി നില്‍ക്കുന്ന കൊമ്പനാന. മേനോന്റെ ദഹനവും സഞ്ചയനവും നാല്പത്തൊന്നടിയന്തിരവും സര്‍വാണിസദ്യയുമെല്ലാം കഴിഞ്ഞ് നാട്ടുകാരെല്ലാം പിരിഞ്ഞു. കോലോത്തുള്ളവര്‍ പുതിയ കാര്‍ന്നോരായി ഏറ്റവും മൂത്തയാളെ തിരഞ്ഞെടുത്തു. മേനോന്റെ ഒരു പ്രതിമ തന്നെ മുറ്റത്ത് സ്ഥാപിക്കണമെന്ന് ഒരു കൂട്ടര്‍. അതുവേണ്ട ഒരു ഫോട്ടോ വച്ച് പൂമാല ചാര്‍ത്തി കെടാവിളക്ക് കത്തിച്ചാല്‍ മതിയെന്ന് മറ്റൊരു കൂട്ടര്‍. അദ്ദേഹത്തോട് അങ്ങനെയങ്ങ് നന്ദികേട് കാട്ടരുതല്ലോ. പുതിയ കാര്‍ന്നോര്‍ കണക്കുപ്പിള്ളയോട് കണക്കുപുസ്തകം കൊണ്ടുവരാന്‍ പറഞ്ഞു. പുതിയ കോലോത്തെ തമ്പുരാന്‍ കണക്കുപുസ്തകത്തിലെ താളുകള്‍ ഒന്നൊന്നായി മറിച്ചു. തറവാട് പണയത്തില്‍. ആനയെ വിറ്റുകഴിഞ്ഞു. ചുറ്റുമതില്‍ വരെ വിറ്റു. തന്റെ മരണശേഷം മാത്രമേ മതിലിന്റെ കല്ലുകള്‍ പൊളിക്കാവൂ എന്ന് കരാറുമുണ്ട്. ഓരോ പേജ് മറിക്കുമ്പോഴും പുതിയ തമ്പ്രാനു ഞെട്ടല്‍. നെറ്റിയും മേലാകെയും വിയര്‍ക്കുന്നു. മുഖംപോലും ഞെട്ടുന്നു. വീട്ടുകാര്‍ കാര്യം തിരക്കി. പുതിയ കാരണവര്‍ മീശപിരിച്ച് അന്തരീക്ഷത്തിലേക്ക് തുപ്പിയിട്ട് പറയുന്നു; ‘നായിന്റെ മോന്‍’! വികെഎന്‍ കഥയിലെ ശങ്കുണ്ണിമേനോന് മോഡിയുമായി എന്തെങ്കിലും സാദൃശ്യം തോന്നിയെങ്കില്‍ അത് സാങ്കല്പികം മാത്രമാണ്.
ബംഗളൂരുവില്‍ നിന്നുള്ള ഒരു വാര്‍ത്തയുണ്ട്. 35കാരനായ ഒരു എന്‍ജിനീയര്‍ ആത്മഹത്യ ചെയ്യുന്നു. കാരണം കല്യാണം കഴിക്കാന്‍ പെണ്ണിനെ കിട്ടാത്തത്‍. പെണ്ണിനെ നോക്കി നടന്ന് ചെരിപ്പ് തേഞ്ഞതു മിച്ചം. ഇനി വയ്യ, ഒരുമുഴം കയറില്‍ ജീവനൊടുക്കി. ശേഷം ചിന്ത്യം ശുഭം! ഈ മണുഗുണുന്താനറിയില്ലായിരുന്നോ നമ്മുടെ പെണ്‍പിള്ളാരും അങ്ങ് കളറായെന്ന്. ഈയിടെ പുറത്തുവന്ന ഒരു കണക്കനുസരിച്ച് 80 ശതമാനത്തോളം യുവതികളും വിവാഹത്തെ വെറുക്കുന്നു. കല്യാണത്തോടെ ആടിപ്പാടി നടക്കാനും കാമുകന്മാരെ മാറിമാറി തിരഞ്ഞെടുക്കാനുമുള്ള അവകാശം നഷ്ടപ്പെടുന്നു. കുടുംബകലഹമില്ല, ഗാര്‍ഹിക പീഡനമില്ല. കോടതിയും വിവാഹമോചനക്കേസും ജീവനാംശമെന്ന നക്കാപ്പിച്ചയും വേണ്ട. 31കാരിയായ അധ്യാപികയ്ക്ക് 15കാരനായ സ്വന്തം വിദ്യാര്‍ത്ഥിയെ വരനായി കിട്ടുന്ന മധ്യപ്രദേശും കര്‍ണാടകവും ഇന്ത്യയിലാണെന്നു പോലും അറിയാതെ തൂങ്ങിച്ചത്ത ബംഗളൂരുവിലെ പാവത്താന്‍. പരസ്പരസമ്മതത്തോടെയുള്ള ലെെംഗികബന്ധത്തില്‍ പെണ്ണിന്റെ പ്രായം 18ല്‍ നിന്നും 16 ആയി കുറയ്ക്കണമെന്ന കോടതിവിധിയുള്ളപ്പോള്‍ ആ വഴിക്ക് നോക്കിക്കൂടായിരുന്നോ മണ്ടശിരോമണിക്ക്. നമ്മുടെ ന്യായാസനങ്ങളും സ്ത്രീകേന്ദ്രീകൃതമാവുന്നുവോ. പെണ്ണിനെ 14 സെക്കന്‍ഡ് നോക്കിയാല്‍ കേസ്, പിഴ, തടവ്. പെണ്ണാണെങ്കില്‍ പുരുഷനെ തിരിഞ്ഞുനോക്കാറുപോലുമില്ല. എന്തൊരു വിവേചനം. കല്യാണം കഴിച്ചാലോ. ഒരു ഗ്ലാസ് കയ്യില്‍ നിന്നുടഞ്ഞതിന്റെ പേരില്‍പോലും ഭര്‍ത്താവിന് ഭാര്യയുടെ പീഡനം. രാജ്യത്തൊട്ടാകെ ഭര്‍തൃപീഡനപരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുരുഷനെ പീഡിപ്പിക്കുന്നതിന് അറുതിവരുത്താന്‍ നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം ചെറുപ്പക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഭര്‍ത്താവിനെ മര്‍ദിക്കുന്നതിന് കേസെടുക്കാന്‍ വകുപ്പില്ലെന്ന് പറഞ്ഞ് ഹര്‍ജികള്‍ അത്യുന്നത ന്യായാസനം ചെലവ് സഹിതം തള്ളി. എന്തുചെയ്യാന്‍ ഒരു ദിവസം മാത്രം കുരിശ് ചുമന്നവന്‍ കര്‍ത്താവ്. ജീവിതാവസാനം വരെ കുരിശ് ചുമക്കുന്നവന്‍ ഭര്‍ത്താവ് എന്നാണല്ലോ പണ്ടാരാണ്ടോ പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപി ഓരോ ഡക്കുവേലകള്‍ ഇറക്കും. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബജ്റംഗ്ബലി ജയ്ഹോ എന്ന് മോഡി തന്നെ തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ച് ഹനുമാന്റെ പേരില്‍ വോട്ട് പിടിത്തത്തിന് ശ്രമിച്ചുവെങ്കിലും സംഗതി ചീറ്റിപ്പോയി. മോഡി തോറ്റ് തുന്നംപാടി. ഹനുമല്‍ ഭഗവാന് വേറെ പണിയില്ലേ. മധ്യപ്രദേശില്‍ മാനസിക വെെകല്യമുള്ള ഒരു ആദിവാസി യുവാവിന്റെ മുഖത്ത് ഒരു ബിജെപി നേതാവ് മൂത്രമൊഴിച്ചു. ഈ വാര്‍ത്ത ഇന്ത്യക്കാകെ നാണക്കേടായി. ഉടന്‍തന്നെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ ഉത്തരവിടുന്നു, ആരവിടെ, ആ മൂത്രാഭിഷിക്തനെ എന്റെ മുന്നില്‍ ഹാജരാക്കൂ. സ്റ്റേറ്റ് കാറില്‍ ആദിവാസിയായ തെരുവ് ഭ്രാന്തന്‍ മുഖ്യമന്ത്രിയുടെ സവിധത്തിലേക്ക് ആനയിക്കപ്പെടുന്നു. പൊടുന്നനെ മുഖ്യമന്ത്രി ആദിവാസിയുടെ കാല്‍കഴുകി മാപ്പിരക്കുന്നു. കാലില്‍ വെള്ളം നനയുന്നത് കണ്ട് ഭ്രാന്തന്‍ ചോദിക്കുന്നു. മുഖ്യമന്ത്രിയും എന്റെ കാലില്‍ മൂത്രമൊഴിക്കുകയാണോ! ഈ നാടകവും അമ്പേ ചീറ്റിപ്പോകും. ആസന്നമായ തെരഞ്ഞെടുപ്പില്ലായിരുന്നെങ്കില്‍ മൂത്രാഭിഷിക്തന്‍ സംശയകരമായ സാഹചര്യത്തില്‍ തെരുവില്‍ കാണപ്പെട്ടതിന് എന്നേ അകത്താവുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.