5 December 2025, Friday

രാഹുലൻമാരുടെ മാങ്കൂട്ട വിഹാരങ്ങൾ

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
August 1, 2025 4:15 am

“വാർധക്യത്തിലങ്കീശചരണം ഭജിക്കാമെ-
ന്നോർത്തിരിപ്പവർ മൃതരാകുന്നൂ യൗവനത്തിൽ,
യൗവനവനത്തിലെ കാന്താര മതിൽചുറ്റി
ദിവ്യമാം മുക്തിമാർഗം കളവൂ യുവാക്കന്മാർ
വിഷയഭോഗങ്ങളാലില്ലൊരു തൃപ്തി,
യവസുഷിരമുള്ള പാത്രം പോലെയാണതിൽ പകർ-
ന്നൊഴിക്കും ഭോഗതീരം നിമിഷം കൊണ്ടു ചോർന്നു
കഴിയും കഥ, പിന്നെ പാത്രവുമുടഞ്ഞീടും.”
മഹാകവി കെ വി സൈമണിന്റെ ‘വേദവിഹാരം’ എന്ന മനോഹരവും അർത്ഥസമ്പുഷ്ടവുമായ കവിതയിലെ വരികളാണിത്. ‘വേദവിഹാരത്തിന്റെ മൗലികത്വം’ എന്ന ശീർഷകത്തിൽ കവി അയ്യപ്പപ്പണിക്കർ തന്റെ നിരൂപണ കുറിപ്പിൽ ഈവിധം കുറിച്ചു — “പില്‍ക്കാല ചരിത്രവസ്തുതകളും മറ്റും പുരാണാഖ്യാനത്തിൽ നിന്ന് ഇടകലർത്തുന്നത് സ്വാതന്ത്ര്യം കാട്ടലല്ലേ”. പിൽക്കാല ചരിത്ര വസ്തുതകൾക്കൊപ്പം വർത്തമാനകാല ചരിത്ര വസ്തുതകളും പുരാണാഖ്യാനത്തിൽ നിന്ന് ഇടകലർത്തുന്നത് എഴുത്തുകാരന്റെ, വേലിക്കെട്ടുകൾ കൊണ്ട് തകർക്കാനാവാത്ത സ്വാതന്ത്ര്യം തന്നെയാണ്. ആ സ്വാതന്ത്ര്യം ദുഃസ്വപ്നങ്ങളുടെയും ദുരാചാരങ്ങളുടെയും കണ്ണൂനീർപ്പുഴകളുടെയും കൊള്ളയുടെയും വേട്ടകളുടെയും കണ്ണീർമഴയുടെയും ജീവനറ്റുപോകലിന്റെയും ദുരിതപ്പെയ്ത്തുകാലത്ത് കപടസ്നേഹത്തിന്റെയും തരിമ്പുമില്ലാത്ത നാട്യ കാരുണ്യത്തിന്റെയും നീചമുഖങ്ങളെ കാലം തിരശീല നീക്കി കാണിക്കുന്നു. 

പ്രളയം, ഭൂകമ്പം, ഉരുൾപൊട്ടൽ, തോരാമഴ, ഇടിമിന്നലുകൾ അവയിലൊക്കെ നുറുങ്ങിവീഴുന്ന ശരീരങ്ങൾ, കാണാമറയത്ത് കാണാക്കയങ്ങളിൽ മറഞ്ഞുപോയവർ ഇതൊക്കെയും മാനവികതയും ഹൃദയവിശുദ്ധിയും കണ്ണിലെ കൃഷ്ണമണിപോലെ കരുതുന്നവരെ ഹൃദയം പൊട്ടുമാറുച്ചത്തിൽ അലമുറയിടീക്കും. സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തങ്ങളിലേർപ്പെടാൻ മുൻപിൻ നോക്കാതെ എടുത്തു ചാടിക്കും. അതേസമയം ദൈന്യതയുടെയും ദയാവായ്പിന്റെയും കാരുണ്യത്തിന്റെയും ചെന്നായത്തോലണിഞ്ഞവർ മനസിൽ ആർത്താർത്തു ചിരിക്കും. ആ ചിരി മറച്ച്, പൊയ്ക്കണ്ണീരോടെ വിതുമ്പും. അപ്പോഴും മനസിൽ ഈ പ്രകൃതിക്ഷോഭത്തിൽ നിന്ന് എത്ര കോടികൾ സംഭരിച്ച് തങ്ങളുടെ ഖജനാവുകളെ കൂടുതൽ സുശക്തമാക്കാമെന്ന സുഖകരമായ ചിന്തയിൽ അവർ അഭിരമിക്കും. യൂത്തും മൂത്തും നിൽക്കുന്ന കോൺഗ്രസുകാരും ലീഗുകാരും വിനോദത്തിൽ ആറാടും. അതുകൊണ്ടാണ് കവി സൈമൺ കുറിച്ചത്, ‘വാർധക്യത്തിൽ കൃപയുടെ ചരണവും കാത്തിരിക്കാമെന്ന് കരുതുന്നവർ യൗവനത്തിൽത്തന്നെ മരിക്കുന്നു. യൗവനവനത്തിലെ കാന്താര മതിൽ ചുറ്റി ദിവ്യമാം മുക്തിമാർഗം യുവാക്കൾ കളയുന്നു‘വെന്ന്.

ധനാർത്ഥികളായ കപടദയാലുക്കൾ ചൂരൽമലയിലും മുണ്ടക്കൈയിലും ദുരിതാശ്വാസമെന്ന പേരിൽ പണവും സ്വത്തും പിരിച്ച് വീതം വയ്പിനായി കലഹിക്കുന്നു, കഴുത്തിനു കുത്തിപ്പിടിക്കുന്നു, ചവിട്ടിവീഴ്ത്തുന്നു. നിറഞ്ഞ കണ്ണുകളുമായി ചാനൽ കാമറകൾക്കു മുന്നിൽ ഉടയാത്ത ഖദറുടുപ്പും ഖദർമുണ്ടുമായി അഭിനയിച്ച കൂട്ടരാണിവർ. ഖദറിനെയും ഗാന്ധിജിയെയും നൂൽചക്രത്തെയും ‘ന്യൂ ജെൻ’ കോൺഗ്രസുകാർ എന്നേ മറന്നുപോയിരിക്കുന്നു. ഷാഫി പറമ്പിൽമാർക്കും രാഹുൽ മാങ്കൂട്ടത്തിൽമാർക്കും അനുചരൻമാർക്കും ഹൈടെക് വസ്ത്രങ്ങളോടാണ് പ്രിയം. കോൺഗ്രസുകാരനാവണമെങ്കിൽ ഖദർ ധരിക്കണമെന്ന് കോൺഗ്രസ് ഭരണഘടനയിൽ പറഞ്ഞിട്ടുണ്ടെന്നൊക്കെ കാലഹരണപ്പെട്ട അജയ് തറയിലിനെ പോലുള്ളവർക്ക് പറഞ്ഞുനടക്കാം. ഏതു വേഷം ധരിക്കണമെന്ന് അവർക്കു തന്നെ തീരുമാനിക്കാമെന്നും ഇനി വസ്ത്രം ധരിച്ചില്ലെങ്കിലും സാരമേതുമില്ലെന്നാണ് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വി ഡി സതീശനും പറയുന്നത്. അതുകൊണ്ടാവാം ‘കടുംനീല നിറമുള്ള കഥകളും നീലക്കുറുക്കൻമാരുടെ കഥകളും മെല്ലെമെല്ലെ പുറത്തു വരുന്നത്. നീലക്കുറുക്കൻമാർക്ക് ചാനൽ ചർച്ചകളിൽ എത്രമേൽ ധാർമ്മികതയും ചാരിത്ര്യവും സത്യബോധവുമാണ് വഴിഞ്ഞൊഴുകുന്നത്! 

കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രജാപതികൾ പ്രകൃതിക്ഷോഭത്തിൽ പ്രാണനറ്റു പോയവരുടെ, പൂർണമായി ലഭിക്കാത്ത ശവശരീരങ്ങൾക്കും എല്ലിൻകഷണങ്ങൾക്കും വിലപറഞ്ഞു ധനാഢ്യരാകാൻ ശ്രമിക്കുമ്പോൾ അഴീക്കോട് എഴുതിയതുപോലെ ‘ആർഷഭാരതം ആർഷശാപത്തിന്റെ മണ്ണാ‘കുന്നു. ‘സത്യമേവ ജയതേ’ എന്നത് അസത്യമേവ ജയതേ എന്ന് എത്രയെളുപ്പം മാറ്റിയെഴുതുവാൻ ഈ ദുഷ്ടശക്തികൾക്ക് കഴിയുന്നു.
യൂത്ത് കോൺഗ്രസ് പിരിച്ചെടുത്ത ചൂരൽമല — മുണ്ടക്കെെ ദുരിതാശ്വാസഫണ്ട് ഷാഫിപറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സംഘവും അടിച്ചുമാറ്റി സ്വന്തം പാളയങ്ങളിലെ ഗുഹാമുറികളിൽ സുരക്ഷിതമാക്കിയെന്നാരോപിച്ചത് യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെ. ഒരു വർഷത്തിനുള്ളിൽ ഭൂമി വാങ്ങി നൂറ് ഭവനങ്ങൾ നിർമ്മിച്ച് എല്ലാമെല്ലാം നഷ്ടപ്പെട്ടവർക്ക് കൈമാറുമെന്നായിരുന്നു ഉരുൾപൊട്ടലിന്റെ കാലത്ത് ഷാഫി പറമ്പിലിന്റെയും രാഹുൽമാങ്കൂട്ടത്തിലിന്റെയും കണ്ണീരണിഞ്ഞ വാക്കുകൾ. ഇപ്പോൾ ഭൂമിയും നൂറു ഭവനങ്ങളും കിനാവുകൾ, പിരിച്ച അസംഖ്യം കോടികൾ കാണാമറയത്ത്. ആക്ഷേപം പുറത്തായപ്പോൾ എല്ലാ പണവും സുരക്ഷിതമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞാലേ ഭൂമി വാങ്ങുവാനും വീടു വയ്ക്കുവാനും കഴിയുവെന്നും അതുവരെ പണം എലികൾ തീറ്റയാക്കാതെ പത്തായങ്ങളിൽ സൂക്ഷിക്കുമെന്നും ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും പ്രഖ്യാപിച്ചു. ഏതു ബാങ്കിന്റേതെന്ന് പറയാതെ ഒരു ചെക്ക് ലീഫ് ഉയർത്തിക്കാട്ടാനും ഇരുവരും മറന്നില്ല. ധനസമാഹരണം നിർത്തിവെച്ചിരിക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു. അപ്പോൾ ഇത്രനാൾ പിരിവുത്സവം പൊടി പൊടിക്കുകയായിരുന്നു എന്ന് സാരം. പത്തായങ്ങൾ തുറക്കുവാൻ രാഹുൽ ഗാന്ധി എന്ന് അനുമതി നൽകുമോ ആവോ?
മാങ്കൂട്ടത്തിൽ പറഞ്ഞത് പച്ചക്കള്ളമാണെന്ന് അദ്ദേഹത്തിന്റെ സ്വന്തം ജില്ലക്കാരനായ അനുയായി, നുണപരമ്പരകളുടെ മുനയൊടിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിജയ് ഇന്ദുചൂഢൻ മാധ്യമങ്ങളോട് പറഞ്ഞത് ധനസമാഹരണം ഇപ്പോഴും അനവരതം തുടരുന്നുവെന്നാണ്. ഒരു നിയോജക മണ്ഡലത്തിന് രണ്ടു ലക്ഷം രൂപയാണ് ക്വാട്ട. അതായത് ഒരു ജില്ലയിൽ കോടികൾ. ഫണ്ടു പിരിവ് സംസ്ഥാന വ്യാപകമായും പുറത്തും നടക്കുന്നതിനാൽ ആകെ എത്ര രൂപ കിട്ടിയെന്നത് പറയാനാവില്ലെന്നും പത്തനംതിട്ട ഉപാധ്യക്ഷൻ പറയുന്നു. അപ്പോൾ ആഗോള പിരിവാണ്. പത്തനംതിട്ടയിൽ നിന്ന് കൊടുത്ത പണത്തിന്റെ കണക്കു ചോദിച്ചപ്പോൾ ബാങ്ക് സ്റ്റേറ്റ്മെന്റ് തന്റെ കൈയ്യിലില്ലെന്നായിരുന്നു പാവമാം ദാസന്റെ വിചിത്ര വാദം. പത്തനംതിട്ടയിൽ ലഭിച്ച തുകപോലും പറയാനാവില്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിന്റെയാകെ കണക്കുകളെങ്ങെനെ വെളിപ്പെടുത്തും. 

കൊള്ളയടിയിൽ തലസ്ഥാന ജില്ല പിന്നിട്ടുനിന്നാൽ മോശമല്ലേ? കാട്ടാക്കട മണ്ഡലത്തിലുൾപ്പടെ കൊഴുക്കുന്ന ധനത്തട്ടിപ്പ്. ജില്ലാ കമ്മിറ്റിയും മണ്ഡലം ബൂത്ത് കമ്മിറ്റികളും നോട്ടുകെട്ടുകൾക്കുമേൽ കിടന്ന് അടിയോടടി. യൂത്തിൽ നിന്ന് മൂത്തതിലേക്കും പടർന്നു തട്ടിപ്പ് പരമ്പരകളുടെ അടിവേരുകൾ. വയനാട് ജില്ലാ അധ്യക്ഷൻ മുതിർന്ന നേതാവ് എൻ ഡി അപ്പച്ചന് തെറിയഭിഷേകത്തിനും കൈയ്യാങ്കളിക്കും വിധേയനാകേണ്ടി വന്നു. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി വിജയൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയോട് ഫോണിലൂടെ ഏറ്റുമുട്ടുമ്പോൾ ഇരുവരുടെയും വാക്ചാതുര്യം പുറത്തു വരുന്നു. കള്ളപ്പണത്തിലൂടെയാണ് താൻ വളർന്നതെന്നും തന്നെ നയിക്കുന്നവനും കള്ളപ്പണത്തലവനാണെന്നുമാണ് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ സി വിജയൻ പറഞ്ഞത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിത് മോഹനോട് കെ സി വിജയൻ തന്നെക്കൊണ്ട് എല്ലാം പറയിക്കരുതെന്നും വയനാട് ഫണ്ട് എത്ര തട്ടിയെടുത്തെന്നറിയാമെന്നും പ്രഖ്യാപിക്കുന്നു. കള്ളവോട്ട് വാങ്ങിയും വ്യാജ ഐഡന്റിറ്റി കാർഡുണ്ടാക്കിയുമാണ് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനെയും സംസ്ഥാന അധ്യക്ഷനെയും പ്രതിഷ്ഠിച്ചതെന്ന നഗ്നസത്യവും വിജയൻ വെളിപ്പെടുത്തി. 

തേച്ചുമിനുക്കിയ ഉടുപ്പും മുണ്ടുമുടുത്ത്, റോസ് പൗഡറിട്ട് ചാനലുകളിൽ മുഖം കാണിച്ച് പണപ്പിരിവിൽ രമിച്ചു നടന്നാൽ പോരെന്നും അതുകൊണ്ട് സംഘടന വളരില്ലെന്നും ജനകീയ പ്രശ്നങ്ങളിൽ സമരം ചെയ്ത് ഒരു വാർഡിൽ 20 പേരെയെങ്കിലും കണ്ടെത്തണമെന്നുമുള്ള മഹാ അപരാധം മുതിർന്ന നേതാവ് പി ജെ കുര്യൻ യൂത്ത് കോൺഗ്രസ് വേദിയിൽ പറഞ്ഞുപോയി. എന്തായിരുന്നു പ്രത്യാക്രമണം! കിട്ടാവുന്ന സ്ഥാനമാനങ്ങളൊക്കെ വാങ്ങിയെടുത്ത ശേഷം ഇപ്പോൾ തങ്ങളെ പണം പിരിക്കുവാൻ പോലും അനുവദിക്കുകയില്ലെന്നോ എന്നായി മാങ്കൂട്ടങ്ങള്‍. കവി പറഞ്ഞതുപോലെ ‘എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണുനീരിനെ വിൽക്കുന്നവരുടെ കഥ കഴിയാനും അവരുടെ പാനപാത്രങ്ങൾ ഉടഞ്ഞുവീഴാനും’ ഇനി അധികനേരം വേണ്ടി വരില്ല.
ചുമ്മാതല്ല മുതിർന്ന നേതാവ് പാലോട് രവി പറഞ്ഞത് “തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ തോറ്റമ്പും. നിയമസഭാ തെരഞ്ഞെടുപ്പോടെ പൊടിപോലും കണ്ടുപിടിക്കാൻ കിട്ടില്ലെന്ന്. പാലോട് രവിയിൽ നിന്ന് രാത്രി തന്നെ രാജി എഴുതിവാങ്ങി. 48 കോടി പിരിച്ച് ഒരു തുണ്ട് ഭൂമി വാങ്ങാതെ, 80 ലക്ഷത്തിലെത്തിച്ചുവെന്ന് പറയുന്നവരെ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ കൊണ്ട് മൂടുകയും ചെയ്യുന്നു.
ഗുജറാത്തില്‍ കച്ചിലെ ഭൂകമ്പവേളയിലും രാജ്യത്തും വിദേശത്തും കോൺഗ്രസും യൂത്ത് കോൺഗ്രസും ലീഗും യൂത്ത് ലീഗും തീവ്രവേദനയാൽ തീവ്രദുഃഖത്തോടെ പണം പിരിച്ചു. തങ്ങള്‍ മുണ്ടക്കെെയിൽ വാങ്ങിയതിൽ തോട്ടം ഭൂമിയില്ലെന്ന് ലീഗുകാർ വാദിക്കുമ്പോഴും തോട്ടം വിറ്റവരും വാങ്ങിയ ലീഗുകാരും ഉദ്യോഗസ്ഥർ ഹിയറിങ്ങിനു വിളിക്കുമ്പോൾ ഒളിത്താവളങ്ങളിലാണ്. എത്രയെത്ര ഘട്ടങ്ങളിൽ കോൺഗ്രസും ലീഗും പ്രളയത്തിന്റെയും ഉരുൾപൊട്ടലിന്റെയും ഹീനാക്രമണത്തിൽ മരിച്ചവരുടെ പേരിൽ പണം പിരിച്ച് കീശ വീർപ്പിച്ചു.
ഇടതുപക്ഷജനാധിപത്യ മുന്നണി സർക്കാരും ഇടതു സംഘടനകളും കണ്ണീർക്കയത്തിൽ നിന്ന കേരളത്തെ, വിശിഷ്യ വയനാടിനെ പഴയ സുന്ദര താഴ്‌വരയാക്കാൻ അക്ഷീണം യത്നിക്കുന്നു. അതിന്റെ ഫലമായി പ്രത്യാശയുടെ കിരണങ്ങൾ പ്രത്യക്ഷപ്പെടുന്നു. അതേസമയം യൂത്ത്, മൂത്ത കോൺഗ്രസ് — ലീഗുകാർ ചെമ്മനം ചാക്കോ എഴുതിയ വരികൾ പാടി നടക്കുന്നു.
‘ഹാ വരുംവരും മേലിൽ കമ്മിറ്റി തോറും ഞാനും
താവളമടിക്കുന്ന സൗവർണകാലം വരും’
.….….….….….….….….….….….….….….…
‘മോളിലുത്തരത്തിൽമേൽ പാത്തുപാത്തിരിക്കുന്ന ഗൗളിയും
പറയുന്നൂ പോക്കറ്റിൽ കിടക്കട്ടെ’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.