കാലാവസ്ഥാ വ്യതിയാനം മൂലം സവിശേഷ സസ്യസമൂഹമായ കണ്ടല്‍ക്കാടുകള്‍ വ്യാപകമായി നശിക്കുന്നു. സമുദ്രജലനിരപ്പിലുണ്ടായ ഉയര്‍ച്ചയും ഇന്ത്യന്‍ സമുദ്രത്തിലെ താപവ്യതിയാനവും മൂലം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാലദ്വീപ് സമൂഹങ്ങളിലെ പകുതിയോളം കണ്ടല്‍ക്കാടുകളാണ് ഇല്ലാതായത്. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ സുന്ദര്‍ബന്‍ ഉള്‍പ്പെടെയുള്ളയിടങ്ങള്‍ ഗുരുതരമായ ഭീഷണി നേരിടുന്നുവെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.
ഇന്ത്യന്‍ ഓഷന്‍ ഡൈപോള്‍ പോലുള്ള താപനില വ്യതിയാനം (ഐഒഡി), ലവണാംശത്തിലുണ്ടായ വര്‍ധന തുടങ്ങിയവയാണ് മാലദ്വീപിലെ കണ്ടല്‍ക്കാടുകളെ പ്രതികൂലമായി ബാധിച്ചത്. മധ്യ‑പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും മധ്യ‑കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും പ്രതിവര്‍ഷം താപനിലയില്‍ ഉണ്ടാവുന്ന വ്യത്യാസമാണ് ഇന്ത്യന്‍ ഓഷന്‍ ഡൈപോള്‍ അഥവ ഇന്ത്യന്‍ സമുദ്രത്തിലെ ദ്വി-ധ്രുവ താപനിലാവ്യത്യാസം.
ഈ വ്യത്യാസം ഇന്ത്യന്‍ സമുദ്രത്തിലെയും ചുറ്റപ്പെട്ട പ്രദേശങ്ങളിലെയും അന്തരീക്ഷ വ്യതിയാനങ്ങള്‍ക്ക് കാരണമാകും. ഐഒഡി ലോകമെമ്പാടുമുള്ള കാലാവസ്ഥയെയും മഴയെയും സാരമായി ബാധിക്കുമെങ്കിലും കൂടുതല്‍ തീവ്രമായി ബാധിക്കുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിന് ചുറ്റുമുള്ള രാജ്യങ്ങളിലാണ്.
സയന്റിഫിക് റിപ്പോര്‍ട്ട് എന്ന ജേണലിലാണ് മാലദ്വീപിലെ കണ്ടല്‍ക്കാടുകളുടെ ശോഷണത്തെക്കുറിച്ചുള്ള ഗവേഷണ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2020 മുതലാണ് പ്രകടമായ രീതിയില്‍ കണ്ടല്‍ക്കാടുകള്‍ നശിച്ചുതുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം കണ്ടല്‍ക്കാടുകളെ ഗുരുതരമായി ബാധിക്കുന്നുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ബ്രിട്ടനിലെ നോര്‍ത്ത് ഉംബ്രിയ സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗം പ്രൊഫസര്‍ വാസിലി എര്‍സേക് പറഞ്ഞു. പ്രകൃതിക്കും മനുഷ്യര്‍ക്കുമേലുമുണ്ടാകുന്ന പ്രത്യാഘാതങ്ങളാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എര്‍സേകിനൊപ്പം ഓസ്ട്രേലിയ, ബ്രസീല്‍, മാലദ്വീപ്, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഗവേഷണത്തിന്റെ ഭാഗമായിരുന്നു. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് സംഘം സമുദ്രനിരപ്പിലും താപനിലയിലുമുണ്ടായ വര്‍ധന രേഖപ്പെടുത്തിയത്.
2014–18, 2019–22 കാലഘട്ടത്തില്‍ മാലദ്വീപിന്റെ ഭാഗമായ നെയ്‌കുറേന്ദോ, ഹൊയാന്‍ദേദോ ദ്വീപുകളിലെ 27 ശതമാനം കണ്ടല്‍ക്കാടുകളും ഇല്ലാതായെന്നും പഠനത്തില്‍ കണ്ടെത്തി. സീഷല്‍സിലും മഡഗാസ്കറിലും ഇത്തരത്തില്‍ നാശമുണ്ടായി. ഇക്കാലയളവില്‍ പ്രതിവര്‍ഷം 30 മില്ലിമീറ്റര്‍ വീതമാണ് സമുദ്രജലനിരപ്പ് ഉയര്‍ന്നത്. നശിച്ചുപോയ കണ്ടല്‍ച്ചെടികളില്‍ മറ്റുള്ളവയെക്കാള്‍ ഉപ്പിന്റെ അംശവും കണ്ടെത്തിയിരുന്നു.
മാലദ്വീപ് സമൂഹത്തെ ബാധിച്ചത്ര തീവ്രമായി ഐഒഡി സുന്ദര്‍ബനെ ബാധിക്കില്ലെങ്കിലും കാലാവസ്ഥാ വ്യതിയാനം ഇവയ്ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.