1 October 2024, Tuesday
KSFE Galaxy Chits Banner 2

കലാപം ആളിപ്പടരുന്നു; മണിപ്പുൂരില്‍ കൂട്ടപ്പലായനം

web desk
ഇംഫാൽ
May 7, 2023 8:57 am

സംഘ്പരിവാർ ശക്തികളുടെ ആസൂത്രിത ഇടപെടലുകൾ വ്യാപകമായതോടെ മണിപ്പൂരിൽ കലാപകാരികൾ നാടുനീളെ അതിക്രമങ്ങൾ അഴിച്ചുവിടുകയാണ്. വീടുകളും വിദ്യാലയങ്ങളും ദേവാലയങ്ങളും കത്തിക്കുന്നു. ഗ്രാമങ്ങളിലെ ആളുകളെ ഭീഷണിപ്പെടുത്തി പണവും വസ്തുക്കളും കൊള്ളയടിക്കുന്നു. അക്രമങ്ങൾക്ക് തണലേകുകയാണ് ബിജെപി നേതാവ് നോങ്തോംബം ബിരേൻ സിങ് നയിക്കുന്ന സംസ്ഥാന സർക്കാർ. അക്രമം തുടങ്ങിയ ശേഷം ഇന്നലെ വൈകീട്ടാണ് ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 55 പേരാണ് സര്‍ക്കാര്‍ കണക്കില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ രേഖയില്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് മണിപ്പുരില്‍ സംഘര്‍ഷം ഉടലെടുത്തത്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് സര്‍ക്കാരും പൊലീസും സൈന്യവും മാധ്യമങ്ങള്‍ക്ക് കൈമാറിയ വിവരം. നിരോധനാജ്ഞയില്‍ ഇളവ് വരുത്തുന്നതായും വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. സംഘർഷം നടന്ന ചുരചന്ത്പൂരിലാണ് ഇന്ന് രാവിലെ ഏഴ് മുതൽ 10 വരെ നിരോധനാജ്ഞ ഒഴിവാക്കിയിരിക്കുന്നത്.

അതേസമയം, മണിപ്പൂരില്‍ തുടരുന്ന കലാപത്തില്‍ നൂറിനടുത്താളുകള്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പലരെയും കാണാതായിട്ടുണ്ട്. ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണവും അതിലേറെയാണ്. മണിപ്പൂരില്‍ നിന്ന് മറുനാടുകളിലേക്ക് ആളുകള്‍ പ്രാണരക്ഷാര്‍ത്ഥം പായുകയാണ്. അതില്‍ മഹാഭൂരിപക്ഷത്തിന്റെയും വീടുകളും വാഹനങ്ങളും അക്രമികള്‍ തീയിട്ടതാണ്. നാഗാ, കുകി ഗോത്രവർഗക്കാരുടെ നേതൃത്വത്തില്‍ നടന്ന ആദിവാസി ഐക്യദാർഢ്യ മാർച്ചിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ആദിവാസിയിതര മെയ്ത്തി വിഭാഗക്കാർ പട്ടികവർഗപദവി ആവശ്യപ്പെടുന്നതിൽ പ്രതിഷേധിച്ചായിരുന്നു ആയിരങ്ങൾ പങ്കെടുത്ത മാർച്ച്. ഇരുവിഭാഗങ്ങളുടെ ഏറ്റുമുട്ടലിന്റെ മറവില്‍ സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളും വിദ്യാലയങ്ങളും കത്തിക്കാനും തുടങ്ങിയതും ആസൂത്രിതമായിരുന്നു. അതിനിടെ മ്യാന്മറില്‍ നിന്ന് സായുധസംഘം മണിപ്പുരിലേക്ക് നുഴഞ്ഞുകയറിയതായും റിപ്പോര്‍ട്ടുണ്ട്.

കലാപ മേഖലയില്‍ സംസ്ഥാന സര്‍ക്കാരിന്റെയോ പൊലീസിന്റെയോ ശക്തമായ ഇടപെടല്‍ നടക്കുന്നില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പ്രധാന ദേശീയ പത്രങ്ങളെല്ലാം മണിപ്പുരിലെ യഥാര്‍ത്ഥ വസ്തുതകള്‍ പ്രസിദ്ധീകരിക്കുന്നുമില്ല. സൈന്യം നേരിട്ടെത്തി നിരവധിപേരെ സുരക്ഷിത മേഖലയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ നാല് അക്രമകാരികള്‍ കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ വന്നു.

അതേസമയം ഗ്രാമങ്ങളില്‍ നിന്ന് ആളുകള്‍ കൂട്ടപ്പലായനത്തിലാണ്. മണിപ്പുര്‍ ജിരിംബാം ജില്ലയില്‍ നിന്നുള്ള ആയിരത്തിലേറെ പേര്‍ കഴിഞ്ഞ ദിവസം അതിര്‍ത്തി കടന്ന് അസമിലെ കച്ചാര്‍ ജില്ലയിലെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ മണിപ്പുരില്‍ കുടുങ്ങിയ ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികളെയും മറ്റും അതത് നാടുകളിലേക്ക് മടങ്ങുന്നതിന് ഇംഫാല്‍ വിമാനത്താവളത്തില്‍ തങ്ങുന്നുണ്ട്. കേരളത്തില്‍ നിന്നുള്ളവരെ മടക്കിക്കൊണ്ടുവരുന്ന ദൗത്യം തുടരുകയാണ്.

 

Eng­lish Sam­mury: manip­pur riot con­tin­ues, 54 peo­ple were killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.