9 December 2025, Tuesday

മണിപ്പൂർ: സംസാരിക്കുന്ന സങ്കട ഹർജി

Janayugom Webdesk
June 28, 2025 4:45 am

രണ്ട് വർഷത്തിലധികമായി സംഘർഷത്തിൽ നിൽക്കുന്ന മണിപ്പൂർ ഇപ്പോൾ രാഷ്ട്രപതി ഭരണത്തിലാണ്. സ്വന്തം നാട്ടിലെ ജനങ്ങൾ ഇരുവിഭാഗങ്ങളായിതിരിഞ്ഞ് സംഘർഷം കൊടുമ്പിരി കൊള്ളുമ്പോൾ ഒരു വിഭാഗത്തെ സഹായിക്കുന്നുവെന്ന ആരോപണം നേരിട്ട മുഖ്യമന്ത്രി ബിരേൻ സിങ് കഴിഞ്ഞ ഫെബ്രുവരിയിൽ രാജിവച്ചതോടെയാണ് രാഷ്ട്രപതി ഭരണത്തിന് വഴിയൊരുങ്ങിയത്. മെയ്തി വിഭാഗത്തെ സഹായിക്കുന്നുവെന്ന ആരോപണം ശരിവയ്ക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നത്, കോടതി നിർദേശാനുസരണം പരിശോധനാ വിധേയമാക്കുകയും അത് അദ്ദേഹത്തിന്റേത് തന്നെയെന്ന് തെളിയിക്കപ്പെടുമെന്നുമുള്ള സാഹചര്യത്തിലായിരുന്നു രാജിയുണ്ടായത്. 

രാഷ്ട്രപതി ഭരണമെന്നാൽ നിലവിലെ സാഹചര്യത്തിൽ ബിജെപി ഭരണമെന്നു തന്നെയാണർത്ഥം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടയ്ക്കിടെ ഉന്നതതല യോഗങ്ങൾ ചേരുകയും ക്രമസമാധാന സാഹചര്യങ്ങൾ ഉൾപ്പെടെ വിലയിരുത്തുകയും ചെയ്യുന്നുണ്ടെങ്കിലും ലോക്‌സഭയിലുൾപ്പെടെ മണിപ്പൂരിൽ സാധാരണനില കൈവരിക്കുന്നുവെന്ന തെറ്റായ പ്രസ്താവന നടത്തുകയാണ് ചെയ്തത്. കഴിഞ്ഞ നവംബറിന് ശേഷം കാര്യമായ സംഘർഷമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. പക്ഷേ അതിനുശേഷവും സംഘർഷവും കൊലപാതകങ്ങളും തുടരുന്നതിന്റെ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.
ഈ പശ്ചാത്തലത്തിൽ മണിപ്പൂരിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിത സാഹചര്യങ്ങൾ പരിഹരിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ, സന്നദ്ധ സേവന രംഗങ്ങളിലുൾപ്പെടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളും വ്യക്തികളും ചേർന്ന് മണിപ്പൂരിന്റെ ഇപ്പോഴത്തെ ഭരണനേതൃത്വമുള്ള രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഒരു ഹർജി നൽകിയിരിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, സാമൂഹ്യ ക്ഷേമം ഉൾപ്പെടെ സാധാരണക്കാർക്ക് അവശ്യമായിട്ടുള്ള സേവന മേഖലകളുടെ അപര്യാപ്തതയും സ്ഥിതിവിവരക്കണക്കുകളും ചൂണ്ടിക്കാട്ടി പ്രശ്നപരിഹാരത്തിന് രാഷ്ട്രപതി ഇടപെടണമെന്ന ആവശ്യമാണ് ഹർജിയിൽ ഉന്നയിക്കുന്നത്. 

ജനങ്ങളുടെ അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യഘടകമായി വിദ്യാഭ്യാസ — ആരോഗ്യ അവകാശത്തെ ചൂണ്ടിക്കാട്ടുന്ന ഹർജി, അക്രമത്തിന്റെയും സാമൂഹിക സംഘർഷങ്ങളുടെയും ആഘാതം അനുഭവിക്കുന്ന മണിപ്പൂർ ജനതയോടുള്ള രാജ്യത്തിന്റെയാകെ ഐക്യദാർഢ്യ പ്രഖ്യാപനം കൂടിയാണ്. സംസ്ഥാനത്തെ നിലവിലുള്ള സാഹചര്യങ്ങൾ വിശദീകരിക്കുന്ന ഹർജിയില്‍ അടിയന്തരമായി അഭിസംബോധന ചെയ്യേണ്ട 10 വിഷയങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വളരെക്കാലമായി മണിപ്പൂർ ഇടയ്ക്കിടെയുള്ള അക്രമങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും, 2023 മുതലുള്ള സംഘർഷം ഇപ്പോഴും തുടരുകയാണ്. ഇത് അവശ്യസേവന മേഖലയെ, പ്രത്യേകിച്ച് വിദ്യാഭ്യാസ — ആരോഗ്യ സംരക്ഷണ സംവിധാനത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. ആശുപത്രികളും ക്ലിനിക്കുകളും തകർക്കപ്പെട്ടത് അവശ്യ ആരോഗ്യ സേവനങ്ങൾ തടസപ്പെടുത്തി. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ പ്രധാന മേഖലകളിൽ ജീവനക്കാർ ജോലി ചെയ്യുന്നതിന് ഭയക്കുന്നു. ആയിരക്കണക്കിനാളുകൾ തിങ്ങിപ്പാർക്കേണ്ടി വരുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ ശോചനീയാവസ്ഥയും പരിമിത ആരോഗ്യ പരിപാലന സംവിധാനവും രോഗം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വർധിപ്പിച്ചു. 

മണിപ്പൂരിലെ അക്രമം, തീവയ്പ്, കൊലപാതകങ്ങൾ എന്നിവ ആവർത്തിച്ച പശ്ചാത്തലത്തിൽ 70,000ത്തിലധികം ആളുകളെയാണ് മാറ്റിപ്പാർപ്പിക്കേണ്ടി വന്നത്. താഴ്‌വാരത്തെയും മലയോരത്തെയും സ്കൂളുകൾ, ഹോസ്റ്റലുകൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിലെ താൽക്കാലിക ക്യാമ്പുകളിലേക്കാണ് മാറ്റിയിരിക്കുന്നത്. നാട്ടുകാരുടെയും പൗര സംഘടനകളുടെയും കഠിന ശ്ര­മങ്ങൾ ഉണ്ടായിരുന്നിട്ടും, ദുരിതാശ്വാസം തീർത്തും അപര്യാപ്തമായി തുടരുകയാണ്. അതുകൊണ്ടുതന്നെ പലരും നാഗാലാൻഡ്, അ­സം, മിസോറാം തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലേക്കോ ന്യൂഡൽഹി, കേരളം, ബംഗളൂരു തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്കോ പലായനം ചെ­യ്തിട്ടുണ്ട്. സംഘർഷം മേഖലയെ പ്രാദേശികമായി വിഭജിക്കുകയും സഞ്ചാരം, വ്യാപാരം, ജീവിത വ്യവഹാരം എന്നിവ കർശനമായി നിയന്ത്രിക്കപ്പെടുകയും ചെയ്തു. ഭയാനക പ്രതിസന്ധിയുടെ യഥാർത്ഥ വ്യാപ്തി അധികൃതർ കുറച്ചുകാണുന്നതായി തോന്നുന്നുവെന്ന് ഹർജിയിൽ കുറ്റപ്പെടുത്തുന്നു.
സംഘർഷം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. ലൈംഗികാതിക്രമം ഉൾപ്പെടെ വ്യാപകമായ ലിംഗാധിഷ്ഠിത അക്രമങ്ങൾ നേരിടുന്നു. സഹജീവികൾക്കുണ്ടായ ഈ ദുരനുഭവങ്ങൾ മറ്റ് സ്ത്രീകളിൽ ഉത്കണ്ഠ, വിഷാദം തുടങ്ങിയ ദീർഘകാല മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. സാമ്പത്തിക അരക്ഷിതാവസ്ഥയുടെയും മാനസിക ക്ലേശത്തിന്റെയും ഇരട്ടഭാരം സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ കൂടുതൽ രൂക്ഷമാക്കി. ഇതുപോലുള്ള പ്രതിസന്ധിയിൽ, സ്ത്രീകളുടെ പതിവ് ആരോഗ്യം, ആർത്തവ, പ്രത്യുല്പാദന ആരോഗ്യം എന്നിവയ്ക്ക് ആവശ്യമായ ശ്രദ്ധ ലഭിക്കുന്നില്ല. 

കുട്ടികളും ഗുരുതരവും വ്യാപകവുമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പല കുട്ടികളും അക്രമം നേരിട്ട് കണ്ടവരും അതിന്റെ ഫലമായി കടുത്ത വിഷാദം, ഉത്കണ്ഠ എന്നിവ നേരിടുന്നവരുമാണ്. ഈ മാനസിക പ്രശ്നങ്ങൾ ഭയാനകമായി ഉയർന്ന നിരക്കുകളിലെത്തിയിരിക്കുന്നുവെന്നാണ് പഠനങ്ങളിൽ നിന്ന് ബോധ്യപ്പെടുന്നത്. തുടർച്ചയായി ഇത്തരം ആഘാതം നേരിടുന്നത്, കുട്ടികളുടെ വൈകാരികവും വൈജ്ഞാനികവുമായ വികാസം ഇല്ലാതാക്കുന്നതാണ്. ദീർഘകാല സ്കൂൾ അടച്ചുപൂട്ടലുകൾ അവരുടെ ഭാവി പഠന സാധ്യതകൾക്കും ഭീഷണിയായി. കൗൺസലിങ് പ്രോഗ്രാമുകൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും പ്രതിസന്ധിയുടെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ തീരെ അപര്യാപ്തമാണ്. 

ഉത്തർപ്രദേശിലെ നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹ്യ, സന്നദ്ധ സംഘടനയായ സ്ഫിയർ ഇന്ത്യയുടെ കണക്കനുസരിച്ച്, 10 ജില്ലകളിലായി 253 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇതുവരെയായി 200ലധികം മരണങ്ങളും 6,000ത്തിലധികം പേർക്ക് പരിക്കുകളുമുണ്ടായി. വളരെ ശോചനീയമാണ് ആരോഗ്യ സ്ഥിതിയെന്നാണ് വിവിധ ഏജൻസികളിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. ദുർബല വിഭാഗങ്ങൾ (കൊച്ചുകുട്ടികൾ, ഗർഭിണികൾ, പ്രായമായവർ) യഥാവിധി പരിചരണം ലഭിക്കാത്തത്, അവശ്യ മരുന്നുകളുടെ ദൗ­ർലഭ്യം, പ്രസവത്തിന് മതിയായ സൗകര്യങ്ങളില്ലായ്മ എ­ന്നി­വ നേരിടുന്നു. ക്ഷ­യം, എച്ച്ഐവി, എൻസിഡി ബാധിതരായ ഗുരുതരവും ദീർഘകാല പരിചരണവും ആവശ്യവുമുള്ളവർക്ക് ജീവൻരക്ഷാ മരുന്നുകൾ ലഭിക്കാത്ത സ്ഥിതി ഗൗരവത്തോടെ കാണേണ്ടതാണ്. 

ആശുപത്രികളുടെ അപര്യാപ്തത ഗുരുതരമായ കേസുകൾക്ക് ചികിത്സ തേടുന്നത് തടസപ്പെടുത്തുന്നു. വൈകല്യമുള്ളവർക്കോ മാനസികപുനരധിവാസം ആവശ്യമുള്ളവർക്കോ സേവനങ്ങൾ ലഭിക്കുന്നില്ല. സാമ്പത്തിക പ്രയാസങ്ങൾ അവശ്യചികിത്സ ലഭ്യമാക്കുന്നതിനെ കൂടുതൽ പ്രയാസപ്പെടുത്തുന്നു. പല ജില്ലകളിലും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം വളരെ കുറവാണ്. ഉദാഹരണത്തിന്, ലംകയിൽ, പ്രത്യേകിച്ച് തുയിബുവാങ്ങിലും സംഗൈക്കോട്ട് പ്രദേശത്തും രണ്ട് കേന്ദ്രങ്ങളെങ്കിലും ആവശ്യമാണ്. കാങ്പോക്പി, ടൈങ്നൗപാൽ പോലുള്ള ചില ജില്ലകളിൽ ജില്ലാ ആശുപത്രികളില്ല. തെങ്നൗപാൽ ജില്ല മുഴുവൻ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. കാങ്പോക്പിയിൽ ഒരു സിവിൽ ആശുപത്രിയും ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമുണ്ട്. സിവിൽ ആശുപത്രി ഒരു പിഎച്ച്സിയുടേതിന് സമാനമാണെങ്കിലും സൗകര്യങ്ങളുടെയും ഉപകരണങ്ങളുടെയും കിടത്തി ചികിത്സിക്കുന്നതിന്റെയും പരിമിതി കാരണം ഇതര ജില്ലകളിലെയോ അയൽ സംസ്ഥാനങ്ങളായ അസം, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെയോ ആശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിക്കപ്പെടുകയാണ്. 

സാമൂഹ്യ ആരോഗ്യ പ്രവർത്തക (സിഎച്ച്ഒ) രുടെ ക്ഷാമം ആശങ്കാജനകമാണ്. കാരണം സിഎച്ച്ഒയുടെ ഏകദേശം 80 ശതമാനം മെയ്തി സമൂഹത്തിൽ നിന്നുള്ളവരാണ്. അക്രമത്തോടെ, ഈ വിഭാഗം ഇംഫാൽ, തൗബൽ ജില്ലകളിലാണ്. അതിനാൽ ലംകയിലും മറ്റും അവരുടെ സേവനം ലഭ്യമാകുന്നില്ല. അക്രമത്തിനുശേഷം, ചുരാചന്ദ്പൂരിലെയും കാങ്പോക്പിയിലെയും മിക്ക ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തനക്ഷമമല്ല. കാരണം ചില ഗ്രാമങ്ങളിൽ ആളുകൾ ഒഴിഞ്ഞുപോയി, ചിലതിൽ ജീവനക്കാരില്ല, ചിലതിൽ അടിസ്ഥാന ഉപകരണങ്ങളില്ല. അംഗീകൃത ആരോഗ്യ സ്ഥാപനങ്ങൾ പോലും നഴ്സുമാരുടെയും ഡോക്ടർമാരുടെയും അഭാവത്തിൽ വലയുന്നതിനാൽ സ്ഥിതി വളരെ ഗുരുതരമാണെന്ന് ഹർജിയിൽ വിശദീകരിക്കുന്നു. ഈ സാഹചര്യത്തിൽ മണിപ്പൂരിലെ പൊതുജനാരോഗ്യ സ്ഥിതിഗതികൾ അന്വേഷിച്ച് രണ്ടു മാസത്തിനകം റിപ്പോർട്ട് നല്കണമെന്ന വ്യവസ്ഥയിൽ ക്യാബിനറ്റ് സെക്രട്ടറിക്ക് തുല്യ അധികാരങ്ങളുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക ദൗത്യസംഘം ഉടൻ രൂപീകരിക്കണമെന്ന് ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. 

സംസ്ഥാനത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ചരിത്രങ്ങളും ഇപ്പോൾ നേരിടുന്ന സങ്കീർണതകളും ചർച്ചചെയ്ത് പരിഹാരം കാണുന്നതിനായി വിദഗ്ധരുടെ യോഗം വിളിച്ചുചേർക്കുക, എല്ലാ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും ഒഴിവുകൾ നികത്തുകയും കൂടുതൽ ജീവനക്കാരെ അടിയന്തരമായി നിയമിക്കുകയും ചെയ്യുക, കേന്ദ്രം അധിക ഫണ്ട് അനുവദിക്കുക, ഏറ്റവും ദുർബലവിഭാഗങ്ങളുടെ അവകാശങ്ങളും സേവനങ്ങളും സംരക്ഷിക്കപ്പെടുന്നതിനായി ഫലപ്രദമായ വകുപ്പുതല ഏകോപനവും ലിംഗം, മതം, വംശം എന്നിവയുടെ അടിസ്ഥാനത്തിൽ സേവനങ്ങളിൽ വിവേചനം ഇല്ലെന്നും ഉറപ്പാക്കുക, നിശ്ചിത സമയപരിധിക്കുള്ളിൽ ഫലപ്രദവും വികേന്ദ്രീകൃതവുമായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുക, പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, ജില്ലാ ആശുപത്രികളുടെ സ്വകാര്യവൽക്കരണം നിർത്തുക, കോർപറേറ്റ്, സ്വകാര്യ ആരോഗ്യ സംരക്ഷണം നിയന്ത്രിക്കുക, ഗുണനിലവാരമുള്ള മരുന്നുകളുടെ സൗജന്യ ലഭ്യത ഉറപ്പാക്കുക, സാർവത്രിക ആരോഗ്യ പരിരക്ഷയ്ക്കൊപ്പം എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മാനസികാരോഗ്യ സേവനങ്ങളും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഹർജി മുന്നോട്ടുവയ്ക്കുന്നു. കൂടാതെ എല്ലാ പൗരന്മാരുടെയും ആരോഗ്യ അവകാശത്തിനായി സംസ്ഥാന സർക്കാർ ഒരു സമഗ്ര നിയമം കൊണ്ടുവരണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
(അവലംബം: കൗണ്ടർ കറന്റ്സ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.