
2023ലെ മണിപ്പൂർ വംശീയ അതിക്രമങ്ങളിൽ മുൻ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ പങ്ക് ആരോപിക്കപ്പെടുന്ന ഓഡിയോ ക്ലിപ്പുകൾ മുഴുവനായും ഫോറൻസിക് പരിശോധനയ്ക്ക് അയക്കാത്തത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞ് സുപ്രീം കോടതി. “തിരഞ്ഞെടുത്ത ക്ലിപ്പിങ്ങുകൾ മാത്രമാണ് അയച്ചത്” എന്ന് ഹർജിക്കാർ നവംബർ 20ന് നൽകിയ സത്യവാങ്മൂലം സൂചിപ്പിക്കുന്നുണ്ടെന്നും ഇത് തന്നെ “അസ്വസ്ഥനാക്കി” എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ലഭ്യമായ 48 മിനിറ്റോളം ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പുകൾ മുഴുവനായും ഗുജറാത്തിലെ നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിക്ക് പരിശോധനയ്ക്കായി അയക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി സർക്കാർ അധികാരികളോട് ചോദിച്ചു. ചോർന്നുപോയ ഓഡിയോ ക്ലിപ്പുകളിൽ “എഡിറ്റിംഗ് നടന്നിട്ടുണ്ട്” എന്നും അവ “മാറ്റം വരുത്തിയതാണ്” എന്നും എൻഎഫ്എസ്‌യു നേരത്തെ വിർച്വലായി ക്ലീൻ ചിറ്റ് നൽകിയിരുന്നു. സംസ്ഥാന ബിജെപിയിലെ ഭിന്നതകളെയും നേതൃമാറ്റം ആവശ്യപ്പെട്ടുള്ള മുറവിളികളെയും തുടർന്ന് ബിരേൻ സിംഗ് ഫെബ്രുവരി 9 ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, അലോക് ആരാധെ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച്, ഹർജിക്കാർ നവംബർ 20ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ അസ്വസ്ഥ അറിയിച്ചിരുന്നു. സത്യവാങ്മൂലം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് എതിർകക്ഷികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. “മുഴുവൻ ടേപ്പും ഉണ്ടായിരുന്നിട്ടും, എന്തുകൊണ്ടാണ് പരിമിതമായ ഭാഗം മാത്രം അവർ അയച്ചത്?” എന്നും “വീണ്ടും സമയം പാഴാക്കുന്നത് എന്തിനാണ്?” എന്നും ബെഞ്ച് ആരാഞ്ഞു. 56 മിനിറ്റ് ദൈർഘ്യമുള്ള ടേപ്പിൽ 48 മിനിറ്റ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് ഹർജിക്കാർക്ക് വേണ്ടി പ്രശാന്ത് ഭൂഷൺ അറിയിച്ചു. ബാക്കിയുള്ള ഭാഗം റെക്കോർഡ് ചെയ്തയാളുടെ ജീവന് ഭീഷണിയാകുമെന്നതിനാലാണ് നൽകാത്തതെന്നും അദ്ദേഹം വിശദീകരിച്ചു. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി മറുപടി നൽകാൻ ഒരാഴ്ച സമയം തേടി. കേസ് ജനുവരി 7ലേക്ക് പരിഗണിക്കാൻ ബെഞ്ച് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.