14 November 2024, Thursday
KSFE Galaxy Chits Banner 2

മണിപ്പൂർ സർക്കാര്‍ പിരിച്ചുവിട്ട് സമാധാനശ്രമം നടത്തണം

Janayugom Webdesk
September 11, 2024 5:00 am

രാഴ്ച മുമ്പാണ് ഒരു മാസത്തിനകം മണിപ്പൂരിൽ സാധാരണ നില കൈവരിക്കുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ പ്രസ്താവനയുണ്ടായത്. ഒരുവർഷത്തിലധികമായി തുടരുന്ന സംഘർഷങ്ങൾ അവസാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പക്ഷേ കേന്ദ്ര — സംസ്ഥാന സർക്കാരുകളുടെ ഭരണപരാജയത്തിന്റെ അടയാളപ്പേരായ മണിപ്പൂർ സമാധാനത്തിലേക്കല്ല, കൂടുതൽ സംഘർഷങ്ങളിലേക്കാണ് പോകുന്നതെന്നാണ് അവിടെ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്. 2023 മേയ് മൂന്നിന് ആരംഭിച്ച വംശീയ കലാപം അറുതിയില്ലാതെ തുടരുന്നതിനിടയിൽ കുറച്ചുനാള്‍ നേരിയ ശമനമുണ്ടായെങ്കിലും ഇപ്പോള്‍ പൂർവാധികം ശക്തിയോടെ പുനരാരംഭിച്ചിരിക്കുകയാണ്. പുതിയ സംഘർഷങ്ങളിൽ ഒരു ഡസനിലധികം പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും സംഘർഷം നടക്കുകയാണ്. 2023ൽ സംഘർഷം ആരംഭിക്കുന്നതിനുള്ള കാരണങ്ങളിൽ ഒന്നുപോലും പരിഹരിക്കാതെയും ഒരു വിഭാഗത്തിന് പരോക്ഷ സഹായങ്ങൾ നൽകിയും സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരും നോക്കുകുത്തിയായി നിൽക്കുന്ന കേന്ദ്ര സർക്കാരും തന്നെയാണ് മണിപ്പൂരിലെ എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്നത് ഇതിനകം വ്യക്തമായതാണ്. സംഘർഷം തുടങ്ങിയതിന്റെ കാരണങ്ങൾ ഇനിയും ആവർത്തിക്കേണ്ടതില്ല.


മണിപ്പൂർ: ബിജെപി തുറന്നുവിട്ട ഭൂതം


പക്ഷേ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും രൂക്ഷമായതിന്റെ കാരണങ്ങളിൽ സർക്കാരുകളുടെ പങ്ക് വ്യക്തമാണ്. സംഘർഷം സംബന്ധിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് അജയ് ലാംബ കമ്മിഷന് മുമ്പാകെ സമർപ്പിക്കപ്പെട്ടതും പുറത്തുവന്നതുമായ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോഴത്തെ സംഘർഷത്തിന് കാരണമായിരിക്കുന്നത്. അത് മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ ശബ്ദശകലങ്ങളാണ്. മണിപ്പൂർ കലാപം സർക്കാർ ഒത്താശയോടെ ആയിരുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു പുറത്തുവന്ന രഹസ്യസംഭാഷണം. മെയ്തി വിഭാഗത്തിന് അനുകൂല നിലപാട് സ്വീകരിച്ചതായി ബിരേൻ സിങ് ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. വിവിധയിടങ്ങളിൽ 51 എംഎം മോർട്ടാർ ബോംബുകൾ, മാരകമായ വെടിമരുന്ന് ഉപയോഗിച്ചുള്ള സ്ഫോടനം എന്നിവയെക്കുറിച്ച് അറിവ് ലഭിച്ചിരുന്നുവെന്നും വിഷയത്തിൽ മൗനം പാലിച്ചതായും മുഖ്യമന്ത്രി പറയുന്നു. പൊലീസിന്റെ കേന്ദ്രത്തിൽ നിന്ന് ആയുധങ്ങൾ കവർന്ന മെയ്തി സംഘത്തെ സംരക്ഷിച്ചതും സംഭാഷണത്തിലുണ്ട്. ആരും അറസ്റ്റിലാകില്ലെന്ന് മെയ്തികൾക്ക് ഉറപ്പ് നൽകുകയും ചെയ്യുന്നു. കുക്കി വനിതകളെ നഗ്നരായി പ്രദർശിപ്പിച്ച വിവാദ സംഭവത്തില്‍ നടപടി സ്വീകരിക്കാൻ മുതിരില്ലെന്ന് പറയുന്നതും സംഭാഷണത്തിലുണ്ട്. ആദ്യം ഇത് വ്യാജമാണെന്നാണ് സർക്കാരും ബിജെപിയും വിശദീകരിച്ചത്. എന്നാൽ ശബ്ദസന്ദേശം പുറത്തുവിട്ടവർക്കെതിരെ ഭീഷണിയുമായി ബിജെപി രാജ്യസഭാ എംപി ലീയ്ഷംബ സനാജയോബയും മുഖ്യമന്ത്രിയുടെ സഹോദരനും രംഗത്തെത്തിയതോടെ വാദം പൊളിഞ്ഞു. ഇതോടെ കലാപത്തിന് പിന്നിലെ ബിജെപി പങ്ക് പകൽ പോലെ വ്യക്തമായപ്പോഴാണ് പുതിയ പ്രതിഷേധങ്ങൾ ഉടലെടുത്തത്. മെയ്തി വിഭാഗത്തെ പട്ടിക വർഗവിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ 2023 മേയിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമാരംഭിച്ചത്. ഇതിനെതിരെ പൊലീസും മെയ്തികളും അക്രമം ആരംഭിച്ചതാണ് മണിപ്പൂരിനെ വംശീയ സംഘർഷത്തിലേക്ക് നയിച്ചത്. സമാനമായി മുഖ്യമന്ത്രിയുടെ ശബ്ദശകലങ്ങൾ പുറത്തുവന്നപ്പോൾ വീണ്ടും വിദ്യാർത്ഥികളാണ് രംഗത്തെത്തിയിരിക്കുന്നത്. അതിനിടയിൽത്തന്നെ ചില അക്രമ സംഭവങ്ങൾ ഉണ്ടായി.


മണിപ്പൂർ: യാഥാർത്ഥ്യങ്ങളും മോഡി പറഞ്ഞ നുണകളും


ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമായി അവ പരിണമിച്ചു. കുക്കികളും മെയ്തികളും പരസ്പരം തിരഞ്ഞുപിടിച്ച് കൊല്ലുകയും സർക്കാർ സ്ഥാപനങ്ങളും കെട്ടിടങ്ങളും തകർക്കുകയുമാണ്. തൗബൽ ജില്ലാ കളക്ടറുടെ ഓഫിസിലെ ദേശീയപതാക അഴിച്ചുമാറ്റി മെയ്തി വിഭാഗത്തിന്റെ കൊടി ഉയർത്തി. തലസ്ഥാനമായ ഇംഫാലിൽ മെയ്തി പ്രതിഷേധത്തിനിടെ രാജ്ഭവനുനേരെ കല്ലേറുണ്ടായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള വിദ്യാർത്ഥി പ്രതിഷേധങ്ങളും അക്രമത്തിലാണ് കലാശിച്ചത്. ഡ്രോണുകൾ ഉൾപ്പെടെ അത്യന്താധുനിക ഉപകരണങ്ങളാണ് ഇരുവിഭാഗങ്ങളും ആക്രമണ പ്രത്യാക്രമണങ്ങൾക്ക് ഉപയോഗിക്കുന്നത്. സംസ്ഥാനത്താകെ നിശാനിയമം പ്രഖ്യാപിച്ചിട്ടും അക്രമങ്ങളും കൊലപാതകങ്ങളും തുടരുകയാണ്. പൊലീസിന്റെയും സൈന്യത്തിന്റെയും കയ്യിലുള്ള ആയുധങ്ങളാണ് അക്രമികൾ നിർലോഭം ഉപയോഗിക്കുന്നത്. പൗരന്മാർക്കിടയിൽ മാത്രമല്ല, പൊലീസിലും സൈന്യത്തിലും വിഭജനമുണ്ടായിരിക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. അപ്പോഴും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അവകാശപ്പെട്ട് അക്രമികൾക്കും പൊലീസിനും സൈന്യത്തിനും അഴിഞ്ഞാടാൻ അവസരമൊരുക്കിയിരിക്കുകയാണ് സർക്കാർ. ഒരു സംസ്ഥാനത്തെ ജനങ്ങളിലെ ഭൂരിപക്ഷം ഇരുപക്ഷമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണ്. അതോടൊപ്പം സുരക്ഷാ സംവിധാനങ്ങളും ചേരിതിരിഞ്ഞിരിക്കുന്നു. ഇത്തരമൊരു സാഹചര്യം സ്വേച്ഛാധിപത്യ, സൈനിക ഭരണത്തിനു കീഴിൽ പോലും അസാധാരണമാണ്. വാചാടോപങ്ങളും വെല്ലുവിളികളുമല്ല രാഷ്ട്രീയമായ പരിഹാരമാർഗങ്ങളും ക്രിയാത്മകമായ നടപടികളുമാണ് മണിപ്പൂരിനെ സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതിന് അനിവാര്യമായിട്ടുള്ളത്. ഇപ്പോഴത്തെ സംസ്ഥാന — കേന്ദ്ര സർക്കാരുകൾക്ക് അതിന് സാധിക്കില്ലെന്നാണ് ഓരോ ദിവസവും വ്യക്തമാകുന്നത്. അതുകൊണ്ട് മണിപ്പൂരിലെ ബിജെപി സർക്കാരിനെ പിരിച്ചുവിട്ട് സമാധാനത്തിനുള്ള മാർഗങ്ങൾ തേടുകയാണ് വേണ്ടത്.

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.