22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024
November 17, 2024
November 16, 2024
November 15, 2024
November 14, 2024
November 13, 2024

മണിപ്പൂര്‍: 79 ദിവസങ്ങൾക്കുശേഷം മോഡി സംസാരിച്ചു

സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചത് മാത്രം പരാമര്‍ശം
കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
Janayugom Webdesk
ന്യൂഡൽഹി
July 20, 2023 10:16 pm

മണിപ്പൂർ വിഷയത്തിൽ 79 ദിവസത്തിനുശേഷം മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാര്‍ലമെന്റ് വളപ്പില്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം മാത്രമാണ് അദ്ദേഹം പരാമര്‍ശിച്ചത്. ഇത് പുരോഗമന സമൂഹത്തിന് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ല. സ്ത്രീസുരക്ഷ ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാതെ ക്രമസമാധാനപാലനം ഉറപ്പാക്കണം. രാജ്യത്തുടനീളമുള്ള അമ്മ പെങ്ങന്മാരുടെ അന്തസ് സംരക്ഷിക്കണം. ഹൃദയം നിറയെ വേദനയും ദേഷ്യവും തോന്നുന്നുവെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
ഇത്രയും ദിവസമായി മണിപ്പൂരില്‍ നടക്കുന്ന മറ്റ് അക്രമസംഭവങ്ങളൊന്നും പ്രധാനമന്ത്രി പരാമർശിച്ചില്ല. മാത്രമല്ല, സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന് നിർദേശിച്ച പ്രധാനമന്ത്രി ബിജെപി ഭരിക്കുന്ന മണിപ്പൂരിനൊപ്പം കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളെയും പരാമർശിച്ചു. രാജ്യത്തെ ഞെട്ടിച്ച ബിൽക്കിസ് ബാനു കേസും ഹത്രാസ് ബലാത്സംഗവും നടന്ന ഗുജറാത്ത്, ഉത്തർപ്രദേശ്, സ്ത്രീകള്‍ക്കെതിരെ നിരവധി അതിക്രമങ്ങള്‍ നടന്ന മധ്യപ്രദേശ് സംസ്ഥാനങ്ങളെ ബോധപൂർവം ഒഴിവാക്കി. നിശ്ചയിച്ചുറപ്പിച്ച വാക്കുകൾ പറഞ്ഞ് ചോദ്യങ്ങൾക്കൊന്നും നിൽക്കാതെ തിരിഞ്ഞുനടക്കുകയും ചെയ്തു. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് മോഡിയുടെ പ്രതികരണം.
ഇതിനിടെ മണിപ്പൂർ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ അം​ഗങ്ങൾ എന്നിവരോട് പ്രധാനമന്ത്രി ആശയവിനിമയം നടത്തി. വ്യാപകപ്രതിഷേധം ഉയർന്നതിനു പിന്നാലെ കുറ്റവാളികൾക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞു. അതേസമയം ഇപ്പോഴത്തേത് പുറത്തുവന്ന ആദ്യ സംഭവമാണെന്നും സമാനമായ നൂറുകണക്കിന് സംഭവങ്ങൾ നടന്നുവെന്നുമുള്ള ബിരേൻ സിങ്ങിന്റെ വാക്കുകൾ വിവാദമായി. ഇന്ത്യ ടുഡെക്ക് നല്‍കിയ ടെലഫോൺ അഭിമുഖത്തിലായിരുന്നു ബിരേൻ സിങ്ങിന്റെ വിവാദ പരാമർശം.

രണ്ടുപേര്‍ അറസ്റ്റിൽ

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച കേസിൽ 77 ദിവസത്തിനുശേഷം ആദ്യ അറസ്റ്റ്. മുഖ്യപ്രതി ഹെറാദാസ് (32) തൗബൽ ജില്ലയിൽ നിന്നാണ് പിടിയിലായത്. വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തില്‍ രണ്ടാമതൊരാളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
സംഭവത്തിൽ മേയ് 18ന് പ്രതികളെ പരാമര്‍ശിക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. രണ്ട് മാസം പഴക്കമുള്ള വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്ന് വിവാദമായപ്പോഴാണ് ദൃശ്യങ്ങള്‍ പരിശോധിച്ച് അറസ്റ്റ് നടത്തിയത്. തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. വീഡിയോയിൽ കാണുന്ന മറ്റ് വ്യക്തികളെ തിരിച്ചറിയുന്നതിന് സാങ്കേതികവിദ്യയുടെ സഹായം തേടുന്നതായും 12 പേരടങ്ങുന്ന സംഘം അന്വേഷണം നടത്തിവരുന്നതായും പൊലീസ് വ്യക്തമാക്കി.

നീതി തേടി
പ്രതിഷേധം ആളിപ്പടരുന്നു
ചുരാചന്ദ്പൂരിൽ കുക്കി വിഭാഗം വൻറാലി
ന്യൂഡൽഹി: രാജ്യം നടുങ്ങിയ മണിപ്പൂരിലെ വംശഹത്യാ ഭീകരതയിൽ പ്രതിഷേധം ആളിപ്പടരുന്നു. കുക്കി വിഭാഗക്കാർക്കുനേരെ ബിജെപി ഒത്താശയോടെ ആസൂത്രിതമായ വംശഹത്യാപരമ്പരയാണ് മണിപ്പൂരിൽ അരങ്ങേറുന്നതെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ.
രാജ്യം ഒരിക്കലും കണ്ടിട്ടില്ലാത്ത, സമാനതകളില്ലാത്ത ക്രൂരസംഭവത്തിൽ തെരുവുകളിൽ പ്രതിഷേധം നിറഞ്ഞു. ചുരാചന്ദ്പൂരിൽ വൻ ബഹുജനറാലി നടന്നു. ഇൻഡീജീനിയസ് ട്രൈബൽ ഫോറത്തിന്റെ നേതൃത്വത്തിലാണ് ആയിരക്കണക്കിനാളുകൾ പങ്കെടുത്ത റാലി അരങ്ങേറിയത്. കറുപ്പ് വസ്ത്രമണിഞ്ഞായിരുന്നു പ്രതിഷേധക്കാർ എത്തിയത്. പാർലമെന്റിലും സുപ്രീം കോടതിയിലും പ്രതിഷേധം പ്രതിഫലിച്ചു. അക്രമത്തിനിരയായവർക്ക് നീതി ഉറപ്പാക്കണമെന്നുമുള്ള ആവശ്യം രാജ്യം ഒറ്റക്കെട്ടായി ഉയർത്തി.
മേയ് നാലിന് കാങ്പോപി ജില്ലയിലാണ് മനുഷ്യത്വരഹിതമായ സംഭവം. കുക്കി-സോമി ആധിപത്യമുള്ള കാങ്പോപിയിലെ മലയോര ജില്ലയിൽ നിന്നുള്ളവരാണ് ആക്രമിക്കപ്പെട്ടത്. 20 വയസും 40 വയസും പ്രായമുള്ള രണ്ട് സ്ത്രീകളുടേതാണ് വീഡിയോ ദൃശ്യം. പൊലീസിന്റെ സംരക്ഷണത്തിൽ നിന്നും ആൾക്കൂട്ടം തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തില്‍പ്പെട്ടവരായിരുന്നു ഇവർ. ഒരു കൂട്ടം ആളുകൾ അവരെ നഗ്നരായി റോഡിലൂടെ നടത്തുന്നതും വയലിലേക്ക് കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം. സ്ത്രീകളിൽ ഒരാൾ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും ചെയ്തു.
മണിപ്പൂരിൽ മെയ്തി-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം ആരംഭിച്ചിട്ട് രണ്ടരമാസമായി. സംഘർഷത്തിൽ 150ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷം അവസാനിപ്പിക്കാൻ സംസ്ഥാന–കേന്ദ്ര സർക്കാരുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഘർഷം വീണ്ടും വ്യാപിക്കുമെന്നും ആശങ്കയുണ്ട്.
—————————
നേരിട്ട് ഇടപെടും
*മുന്നറിയിപ്പുമായി സുപ്രീം കോടതി
*സ്വമേധയാ കേസെടുത്തു

മണിപ്പൂർ വിഷയത്തിൽ അടിയന്തരമായി നടപടിയെടുക്കാൻ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നിർദേശം. നടപടിയെടുക്കാൻ സർക്കാരിന് കുറച്ച് സമയം കൊടുക്കുകയാണെന്നും, ഇല്ലെങ്കിൽ നേരിട്ട് ഇടപെടുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അസ്വസ്ഥമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സാമുദായിക സംഘർഷത്തിന് സ്ത്രീകളെ ഉപകരണമാക്കുകയാണെന്നും ഇത് ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ വീഡിയോ തെളിവാക്കി സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാൻ കേന്ദ്ര‑സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാർലമെന്റ് സ്തംഭിച്ചു

മണിപ്പൂർ കലാപത്തിൽ മുങ്ങി പാർലമെന്റിന്റെ ഇരു സഭകളും. സഭാ നടപടികൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ ആവശ്യം നിരാകരിച്ചതോടെ പാർലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചു.
സഭകളുടെ മറ്റെല്ലാ നടപടികളും നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരു സഭകളിലും റൂൾ 267 പ്രകാരം സിപിഐ നേതാവ് ബിനോയ് വിശ്വം അടക്കമുള്ള പ്രതിപക്ഷ എംപിമാർ നോട്ടീസ് നൽകിയിരുന്നു. ഇതിന് അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് പ്രതിപക്ഷം സഭകള്‍ സ്തംഭിപ്പിച്ചത്.
രാവിലെ സമ്മേളിച്ച ലോക്‌സഭ അന്തരിച്ച നിലവിലെ അംഗങ്ങൾക്കും മുന്നംഗങ്ങൾക്കും ആദരം അർപ്പിച്ച് രണ്ടുവരെ പിരിഞ്ഞു. തുടർന്നു സമ്മേളിച്ച സഭ പ്രതിക്ഷ പ്രതിഷേധത്തിൽ മുങ്ങിയതോടെ നടപടികൾ ഇന്നത്തേക്ക് പിരിയുകയാണുണ്ടായത്.
രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം അണപൊട്ടി. രാവിലെ ആരംഭിച്ച സഭ അന്തരിച്ച മുൻ അംഗങ്ങൾക്ക് ആദരം അർപ്പിച്ച് ഉച്ചയ്ക്ക് 12 വരെ ആദ്യം പിരിഞ്ഞു. തുടർന്നു സമ്മേളിച്ച സഭയിൽ മറ്റെല്ലാ നടപടി ക്രമങ്ങളും നിർത്തിവച്ച് മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. റൂൾ 267 പ്രകാരം പ്രധാനമന്ത്രി ചർച്ചകളിൽ പങ്കെടുക്കാത്തത് ചട്ടലംഘനമെന്ന വാദം തൃണമൂൽ അംഗം ഡെറിക് ഒ ബ്രയാൻ ഉയർത്തിയതോടെ സഭ പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി. തുടർന്ന് സഭാധ്യക്ഷൻ ജഗ്‌ദീപ് ധൻഖർ രണ്ടു മണിവരെ സഭാ നടപടികൾ നിർത്തിവച്ചു.
വീണ്ടും സമ്മേളിച്ചപ്പോള്‍ സഭയുടെ മേശപ്പുറത്തു വയ്ക്കാനുള്ള രേഖകളുടെ സമര്‍പ്പണത്തിനും സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ലിന്റെ അവതരണത്തിനുമിടയില്‍ പ്രതിഷേധം കനത്തതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണുണ്ടായത്.

eng­lish summary;Manipur: Modi spoke after 79 days

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.