മണിപ്പൂരില്‍ 400 ദിവസമായി തുടരുന്ന വംശീയ കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണപരാജയമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍. ഭൂരിപക്ഷം വരുന്ന മേയ്തി സമുദായവും ന്യൂനപക്ഷമായ കുക്കി വിഭാഗവും തമ്മില്‍ നടക്കുന്ന രക്തരൂക്ഷിത വംശീയ കലാപം കൈയ്യുംകെട്ടി നോക്കിനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി നിതീകരിക്കനാവില്ലെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി കുറ്റപ്പെടുത്തി. 2023 മേയ് മൂന്നിന് ആരംഭിച്ച കലാപത്തെത്തുടര്‍ന്ന് 200 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. വീടും നാടും ജീവിതോപാധികളും ഉപേക്ഷിച്ച് 60,000 ഓളം പേര്‍ പലായാനം ചെയ്തിട്ടും നിഷ്ക്രിയത്വം പാലിക്കുന്ന കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ പ്രതികരിക്കുന്നവരെ വേട്ടയാടുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുവര്‍ഷത്തിലധികമായി തുടരുന്ന വംശീയ കലാപം നിയന്ത്രിക്കാനോ, ജനങ്ങളുടെ സ്വെെരജീവിതം ഉറപ്പുവരുത്താനോ സാധിക്കാത്ത സര്‍ക്കാരുകളുടെ നടപടി ഗുരുതര വീഴ്ചയാണ്. ഭരണകൂടങ്ങള്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്ന സ്ഥിതിവിശേഷമാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
കുക്കി സ്ത്രീകള്‍ പരസ്യമായി നഗ്നരാക്കപ്പെട്ടത് അടക്കം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന നിരവധി സംഭവങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മണിപ്പൂരിലെ ആരോഗ്യ പ്രവർത്തകർ, അഭയകേന്ദ്രങ്ങളിലെ താമസക്കാർ, മാനുഷിക സംഘടനകൾ, പത്രപ്രവർത്തകർ എന്നിവരുമായി അഭിമുഖം നടത്തിയാണ് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി മോഡിയുടെ സാമ്പത്തിക സഹായ പാക്കേജ് അടക്കം കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ ഒരു സഹായവും കലാപബാധിതര്‍ക്ക് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
മേയ്തി തീവ്ര ഗ്രൂപ്പുകളായ ആരംഭായ് തെങ്കേല്‍, മേയ്തി ലിപുണ്‍ എന്നിവ ഭരണകൂടത്തിന്റെ പിന്തുണയോടെ ശക്തി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇരു ഗ്രൂപ്പുകളും ആയിരക്കണക്കിന് യുവജനങ്ങളെയാണ് സംഘടനയില്‍ അംഗങ്ങളാക്കിയിരിക്കുന്നത്. സൈന്യത്തിന്റെ ആയുധങ്ങളും ഇവര്‍ യഥേഷ്ടം ശേഖരിച്ചത് കലാപം അനിശ്ചിതമായി തുടരുന്നതിന് വഴിയൊരുക്കും. സ്ത്രീകളും കുട്ടികളുമാണ് ഇവരുടെ ഇരകളായിത്തീരുന്നത്.
മേയ്തി തീവ്രവാദ ഗ്രൂപ്പുകള്‍ നിയമം കൈയ്യിലെടുക്കുന്നത് കിരാതവാഴ്ചയുടെ ആരംഭമാണ്. കുക്കി വിഭാഗത്തില്‍പ്പെട്ടവരുടെ പരാതികള്‍ മണിപ്പൂര്‍ പൊലീസ് സ്വീകരിക്കാതിരുന്ന മൂന്ന് സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ഗുരുതരമായ സ്ഥിതിവിശേഷത്തിലുടെ സംസ്ഥാനം കടന്നുപോകുന്ന അവസരത്തിലും കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കുന്ന നിഷ്ക്രിയത്വം ജനാധിപത്യ സംവിധാനത്തിന് ഭൂഷണല്ല. അക്രമം അടിച്ചമര്‍ത്തി സംസ്ഥാനത്ത് സമാധാന ജീവിതം ഉറപ്പ് വരുത്താന്‍ അടിയന്തരമായി മുന്നിട്ടിറങ്ങണമെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.
English Summary: Manipur Rebellion; Amnesty against Central Govt
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.