മണിപ്പൂര്‍ വംശീയ കലാപത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളുമായി പൊലീസ് റിപ്പോര്‍ട്ട്. കലാപത്തില്‍ തകര്‍ന്നത് 254 പള്ളികളും 132 ക്ഷേത്രങ്ങളുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 175 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 1,108 പേര്‍ക്ക് പരിക്കേറ്റു. 32 പേരെ കാണാതായി.
ഇനിയും അവകാശികളെത്താത്ത 96 മൃതദേഹങ്ങള്‍ വിവിധ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുകയാണ് എന്നും ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഐ കെ മുയ്‌വ പറഞ്ഞു. ഇംഫാലിലെ ആര്‍ഐഎംഎസ്, ജെഎന്‍ഐഎംഎസ് ആശുപത്രികളില്‍ യഥാക്രമം 28ഉം 26ഉം മൃതദേഹങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. ചുരാചന്ദ്പൂര്‍ ജില്ലയില്‍ 42 മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുണ്ട്.
മേയ് മൂന്നിനാണ് മണിപ്പൂരില്‍ മെയ്തി-കുക്കി ഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. ആകെ 386 ആരാധനാലയങ്ങളും 4,786 വീടുകളും തീവച്ച് നശിപ്പിച്ചിട്ടുണ്ട്. 5,172 തീവയ്പ് കേസുകളാണ് സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്തത്. കലാപത്തില്‍ ആകെ 9,332 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 325 പേര്‍ അറസ്റ്റിലായി.
സംസ്ഥാന ആയുധപ്പുരയില്‍ നിന്ന് 5,668 ആയുധങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. ഇതില്‍ 1,359 എണ്ണം സുരക്ഷാ സേന വീണ്ടെടുത്തു. ഇതോടൊപ്പം കലാപകാരികളില്‍ നിന്ന് 15,050 വെടിക്കോപ്പുകളും 400 ബോംബുകളും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് അനധികൃതമായി നിര്‍മ്മിച്ച 360 ബങ്കറുകള്‍ സുരക്ഷാ സേന നശിപ്പിച്ചു എന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ അസം റൈഫിൾസിനെ സംസ്ഥാനത്ത് നിന്ന് പിൻവലിക്കണമെന്ന് മെയ്തി സംഘടനയായ സിഒസിഒഎംഐ പ്രതിനിധികൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടു. ഡൽഹിയിലെ വസതിയിൽ എത്തി പ്രതിനിധികള്‍ നിവേദനം സമർപ്പിച്ചു. മണിപ്പൂർ പ്രതിസന്ധി പരിഹരിക്കുന്നതിനായി കുക്കി വിഭാഗം ഐക്യരാഷ്ട്രസഭയെ സമീപിച്ചത് സർക്കാരിന് നാണക്കേടുണ്ടാക്കിയതായി അവർ നിവേദനത്തില്‍ പറയുന്നു.
വംശീയ കലാപത്തെക്കുറിച്ച് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റർനാഷണൽ മെയ്‌റ്റിസ് ഫോറം (ഐഎംഎഫ്) സമർപ്പിച്ച പൊതുതാല്പര്യ ഹർജി മണിപ്പൂർ ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
English Summary: Manipur riots: 175 dead
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.