മണിപ്പൂരില്‍ കലാപത്തിനിടെ പ്രക്ഷോഭകാരികള്‍ രണ്ടു വീടുകള്‍ക്ക് തീ വച്ചു. കലാപത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇംഫാലിലെ ന്യു ചെക്കോണിലാണ് സംഘര്‍ഷം ആരംഭിച്ചത്. ഒരു കൂട്ടം പ്രക്ഷോഭകാരികള്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. മെയ്തികള്‍, കുക്കികള്‍, നാഗാ തുടങ്ങി നിരവധി വിഭാഗങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന പ്രദേശമാണ് ന്യു ചെക്കോണ്‍. എന്നാല്‍ കുക്കി വിഭാഗം താമസിക്കുന്ന ഇടങ്ങളിലാണ് തീവയ്പുണ്ടായത്.
തീ അണയ്ക്കാൻ അഗ്നി രക്ഷാ സേന ശ്രമിക്കുന്നതും ഇടവഴികളിലെ പ്രക്ഷോഭകാരികളെ നിയന്ത്രിക്കാൻ ദ്രുത കര്‍മ്മ സേന പ്രയത്നിക്കുന്നതുമായുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുക്കി വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ഖാമെൻലോക് ഗ്രാമത്തിന്‍ ഒരു വനിത ഉള്‍പ്പെടെ മെയ്തി വിഭാഗത്തിലെ ഒമ്പത് പേര്‍ ഇന്നലെ കൊല്ലപ്പെട്ടതോടെയാണ് പുതിയ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ നിലനില്‍ക്കേയാണ് ആക്രമണം എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ 36 മണിക്കൂറില്‍ ആയുധം കൈവശം കൈവച്ചതിന് നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇന്നലെ മണിപ്പൂരിലെ ഏക വനിതാ മന്ത്രിയുടെ വീട് പ്രക്ഷോഭകാരികള്‍ അഗ്നിക്കിരയാക്കിയിരുന്നു. വ്യവസായ മന്ത്രി നെംചാ കിപ്പഗേങ്ങിന്റെ ഔദ്യോഗിക വസതിയാണ് ആക്രമിക്കപ്പെട്ടത്. 10 കുക്കി എംഎല്‍എമാരില്‍ ഒരാളാണ് നെംചാ. സംഭവം നടക്കുമ്പോള്‍ എംഎല്‍എ വീട്ടിലുണ്ടായിരുന്നില്ല. കുക്കുി മെയ്തി വിഭാഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ മാസം ആരംഭിച്ച വംശീയ കലാപത്തില്‍ ഇതുവരെ 100 പേര്‍ കൊല്ലപ്പെടുകയും 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധിപേര്‍ പലായനം ചെയ്യുകയും ചെയ്തു. 350 ദുരിതാശ്വാസ ക്യാമ്പുകളിലായി 60,000 പേരാണ് താമസിക്കുന്നത്.
English Summary: manipur violence
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.