22 November 2024, Friday
KSFE Galaxy Chits Banner 2

Related news

January 11, 2024
December 25, 2023
October 31, 2023
October 13, 2023
October 5, 2023
September 26, 2023
September 20, 2023
September 4, 2023
August 10, 2023
August 7, 2023

സ്ത്രീവിരുദ്ധ ഏകാധിപത്യ ഭരണകൂടങ്ങള്‍

സഫി മോഹന്‍ എം ആര്‍
July 23, 2023 4:45 am

ജനസംഖ്യയുടെ 50ശതമാനം വരുന്ന സ്ത്രീകള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്ന ഒരു ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ രാജ്യത്തെയും ലോകത്തെയും ഒരുപോലെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. ഈ നരനായാട്ട് ഇത്രയധികം ചര്‍ച്ച ചെയ്യുവാനും പ്രതിഷേധിക്കുവാനുമുള്ള കാരണം, മണിപ്പൂരും കേന്ദ്രവും ഭരിക്കുന്ന ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരുകള്‍ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പൂര്‍ണപരാജയമാണ് എന്നതുതന്നെ. സ്ത്രീകളുടെ ജീവനും സ്വത്തിനും അന്തസിനും പൂര്‍ണസംരക്ഷണം നല്‍കേണ്ടത് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. സ്ത്രീകളുടെ അന്തസിനും മാന്യതയ്ക്കും ഒരു വിലയും കല്പിക്കാതെ അവരെ നഗ്നരായി പൊതുവഴിയിലൂടെ നടത്തുകയും പരസ്യമായി ലൈംഗികമായി പീഡിപ്പിക്കുകയും സ്വന്തം അച്ഛനെയും സഹോദരനെയും കണ്‍മുമ്പില്‍ വച്ച് കൊല്ലുകയും ചെയ്ത അക്രമികളെ അമര്‍ച്ചചെയ്യുവാന്‍ കഴിയാത്ത മണിപ്പൂര്‍ സര്‍ക്കാരിന്റെ നിലപാടിനോടാണ് രാജ്യവ്യാപകമായ എതിര്‍പ്പുയരുന്നത്. ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ആര്‍ജവം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നതും ഏറെ പ്രസക്തമാണ്. സ്ത്രീകളെ അമ്മയായും ദേവിയായും കാണുന്ന പാരമ്പര്യമുള്ള രാജ്യത്താണ് ഈ ഹീനകൃത്യങ്ങള്‍ എന്നത് ലജ്ജാകരമാണ്. രാജ്യത്തെ വലിയ സാമ്പത്തികശക്തിയാക്കാന്‍ ലോകം മുഴുവന്‍ കറങ്ങി നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രാജ്യത്തെ സ്ത്രീകളുടെ ജീവനും അന്തസും സംരക്ഷിക്കുവാന്‍ കഴിയുന്നില്ലായെന്നത് വിരോധാഭാസം തന്നെ.

ഒരു രാജ്യത്തിന്റെ പുരോഗതി ആ രാജ്യത്തെ സ്ത്രീകളോട് എന്ത് സമീപനമാണ് രാജ്യം കൈക്കൊള്ളുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും എന്ന ഭരണഘടനാ ശില്പി ഡോ. ബി ആര്‍ അംബേദ്കറിന്റെയും ‘ഒരു പക്ഷിക്ക് ഒറ്റച്ചിറകുമായി പറക്കാന്‍ കഴിയില്ല എന്നതുപോലെ ഒരു രാജ്യത്തിനും സ്ത്രീകളുടെ ഉന്നമനമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ല’ എന്ന സ്വാമി വിവേകാനന്ദന്റെയും ഓര്‍മ്മപ്പെടുത്തലും ഇവിടെ പ്രസക്തമാണ്. ഇക്കാര്യങ്ങള്‍ നമ്മുടെ പ്രധാനമന്ത്രിക്ക് മനസിലാകുന്നില്ല എന്നതാണ് മണിപ്പൂരിലെ ആക്രമണങ്ങള്‍ രാജ്യത്തിന് നല്‍കുന്ന വലിയ പാഠം. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 356 ഉപയോഗിച്ച് മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് സംസ്ഥാനത്തിന്റെ ക്രമസമാധാനം പുനഃസ്ഥാപിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍, സ്വന്തം മുന്നണിയെ നിലനിര്‍ത്താന്‍ ഏതറ്റംവരെയും പോകും എന്ന അവസ്ഥയാണ്. രാജ്യത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യവും മാന്യതയും അന്തസും സംരക്ഷിക്കാന്‍ കഴിയാത്തവരായി ബിജെപി ഭരണം മാറിക്കഴിഞ്ഞു. സ്ത്രീകള്‍ക്ക് ഭരണഘടനാ അവകാശം നല്‍കുന്ന അനുച്ഛേദം 14, 15(3), 19, 21 എന്നിവയുടെ നഗ്നമായ ലംഘനമാണ് മണിപ്പൂരിലേത്. മേയ് മൂന്നാം തീയതി ആരംഭിച്ച കലാപം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും തന്നെയാണ്. ഭരണഘടനാ തത്വങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ ജനങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കേണ്ട സര്‍ക്കാര്‍ പൂര്‍ണപരാജയമായിട്ടും അതിനെ നിലനിര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നയം ജനങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ്. രാജ്യത്തെ പൗരന്മാരുടെ കടമകളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന പ്രധാനമന്ത്രി, ഭരണാധികാരിയുടെ കടമകളെക്കുറിച്ച് കൂടി ഓര്‍ക്കുന്നത് നല്ലതാണ്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തിട്ടുണ്ടെങ്കിലും മണിപ്പൂര്‍ അശാന്തമായി തുടരുന്നു. ഇത്തരം സംഭവങ്ങള്‍ രണ്ടരമാസമായി നടമാടിയിട്ടും ഒരക്ഷരം പോലും ഉരിയാടാത്ത പ്രധാനമന്ത്രി സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളെ അപലപിക്കാന്‍ വേണ്ടി മാത്രം രണ്ടുവാക്ക് പറഞ്ഞു നിര്‍ത്തി. ഇതാണോ രാജ്യത്തെ ജനങ്ങള്‍ പ്രധാനമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.


ഇതുകൂടി വായിക്കൂ: മണിപ്പൂര്‍ സംഭവങ്ങള്‍ക്ക് ഉത്തരവാദി മോഡി തന്നെ


അധികാരം നിലനിര്‍ത്താന്‍ വേണ്ടി രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കുന്നത് ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രത്തിലെ പ്രധാനമന്ത്രിക്ക് ചേര്‍ന്നതാണോ. ഹിന്ദുയിസം എന്ന മഹത്തായ സംസ്കാരത്തെ ഹിന്ദുത്വ എന്ന വര്‍ഗീയവിഷം കൊണ്ട് നശിപ്പിക്കുവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തിന് അധികനാള്‍ ജനങ്ങളെ വിഡ്ഡികളാക്കാന്‍ കഴിയില്ല. മണിപ്പൂരില്‍ നടന്ന അതിക്രമങ്ങള്‍ വെറും രണ്ട് സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമമായി നിസാരവല്‍ക്കരിക്കാന്‍ കഴിയില്ല. ഏതൊരു സ്ത്രീക്കും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് എപ്പോഴും പ്രതീക്ഷിക്കാവുന്ന അവസ്ഥയാണത്. ഗുജറാത്ത് കലാപം ഉള്‍പ്പെടെ രാജ്യത്ത് നടന്ന കലാപങ്ങളിലെല്ലാം സ്ത്രീകള്‍ ഇരയാകുന്നത് അതുകൊണ്ടാണ്. മണിപ്പൂര്‍ സംഭവത്തിലൂടെ ഇന്ത്യക്കാരുടെ ഹൃദയത്തിലേറ്റ മുറിവിന് ബിജെപി സര്‍ക്കാരുകള്‍ മറുപടി പറഞ്ഞേ മതിയാകൂ. അല്ലെങ്കില്‍ കനകസിംഹാസനത്തില്‍ ഇരിക്കുന്ന ഭരണധാകാരികളെ ജനാധിപത്യ മാര്‍ഗത്തിലൂടെ തന്നെ താഴെയിറക്കി നഗ്നരായി നടത്തുന്ന കാലം വിദൂരമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.