3 May 2024, Friday

മണിപ്പൂരില്‍ മറവുചെയ്യാന്‍ ഇടമില്ലാതെ മൃതദേഹങ്ങള്‍

റെജി കുര്യൻ
July 3, 2023 11:23 pm

എന്തിന് മണിപ്പൂരിൽ കലാപം

മണിപ്പൂരിലെ ശക്തമായ രണ്ട് മത വിഭാഗങ്ങളാണുള്ളത്. ആദ്യത്തേത് മെയ്തി. രണ്ടാമത്തേത് കുകി. ഇവർക്കിടയിൽ അസ്വാരസ്യങ്ങൾ പുതുമയല്ല. പ്രത്യേകിച്ച് ബിജെപി സർക്കാർ അധികാരത്തിൽ ഏറിയതോടെ. ക്രിസ്ത്യൻ മത വിശ്വാസം പിന്തുടരുന്ന കുകി വിഭാഗവും നിലവിൽ സംവരാണുകൂല്യങ്ങൾ ഇല്ലാത്ത മെയ്തി വിഭാഗവും തമ്മിലുള്ള പോരാട്ടത്തിന് ഒരുപാട് കാലത്തെ പഴക്കമുണ്ട്.

സംവരാണ ആകൂല്യങ്ങൾ അനുഭവിക്കുമ്പോഴും കുകി വിഭാഗം എന്നും മണിപ്പൂരിൽ ഒരു തീണ്ടാപാട് അകലെയാണ്. അവർക്കെതിരെ പുതിയ ഭരണകൂടം വിവേചന രഹിതമായ നടപടികളാണ് സ്വീകരിച്ചത്. കഞ്ചാവ് ചെടി കൃഷി ചെയ്യുന്നു, അനധികൃതമായി ആയുധങ്ങൾ കൈവശം വയ്ക്കുന്നു. അക്രമങ്ങൾക്ക് മുന്നുട്ടിറങ്ങുന്നു തുടങ്ങി നിരവധി പരാതികളാണ് ഈ വിഭാഗത്തിനെതിരെ ഉയർന്നത്. എന്നാൽ പ്രാദേശികമായി ലഭ്യമായ ആയുധങ്ങൾ ഇക്കൂട്ടർ ലൈസൻസ് നേടിയാണ് ഉപയോഗിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.

കുകി വിഭാഗത്തിലെ തലതിരിഞ്ഞ ചെറിയൊരു കൂട്ടർ സർക്കാർ പിന്തുണയോടെ നടത്തുന്ന കഞ്ചാവ് കൃഷി ഉൾപ്പെടെയുള്ള നിയമ വിരുദ്ധ പ്രവർത്തികൾ നിയന്ത്രിക്കാൻ സർക്കാരെന്തേ തയ്യാറാകുന്നില്ല എന്നാണ് കുകി വിഭാഗത്തിലെ സാമാന്യ ജനം ഉയർത്തുന്ന ചോദ്യം. സർക്കാരിന്റെ പിന്തുണയില്ലാതെ ഇത്തരം നടപടികളുമായി ആർക്കും മുന്നോട്ടു പോകാനാകില്ല. മണിപ്പൂരിലെ കലാപം സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താൻ സിപിഐ വനിതാ സംഘടനയായ ദേശീയ മഹിളാ ഫെജറേഷൻ ജനറൽ സെക്രട്ടറി ആനി രാജ ഉൾപ്പെടെയുള്ള മൂന്നംഗം പ്രതിനിധി സംഘത്തോടാണ് കലാപത്തിൽ വീടും കുടിയും ഉപജീവനവും നഷ്ടമായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സ്ത്രീകൾ ഉന്നയിച്ചത്.

മെയ്തി വിഭാഗത്തിന് സംവരണം

മണിപ്പൂരിൽ കുകി വിഭാഗം സമ്പൂർണ പിന്നോക്കാവസ്ഥയിലാണ്. അധസ്ഥിത വിഭാഗമായി കണക്കാക്കപ്പെടുന്ന ഇക്കൂട്ടരെ പാർശ്വ വൽക്കരിക്കാൻ ബിജെപി ഭരണകൂടം കാര്യമായ നീക്കങ്ങളാണ് നടത്തിയത്. ഇത്രയും കാലം പുകഞ്ഞുനിന്ന മെയ്തി-കുകി വിഭാഗങ്ങളുടെ അസ്വാരസ്യങ്ങൾ അണപൊട്ടിയത് മെയ്തി വിഭാഗത്തിന് എസ്‌ടി പദവി നൽകാനുള്ള ഉത്തരവോടെയാണ്. ഇത്തരമൊരു ഉത്തരവിനു പിന്നിൽ സംസ്ഥാന സർക്കാരിന്റെയും ബിജെപിയുടെയും കള്ളക്കളികൾ ഉണ്ടെന്ന തിരിച്ചറിവോടെ കുകി വിഭാഗം എതിർപ്പുമായി രംഗത്തെത്തി. ഈ എതിർപ്പിനെ, ക്രിസ്ത്യൻ ന്യൂനപക്ഷത്തെ ഒതുക്കി ഹൈന്ദവ അജണ്ട നടപ്പാക്കാൻ ബിജെപി നടത്തിയ നീക്കത്തിൽ പൊലിഞ്ഞത് നൂറിലധികം ജീവനുകളാണ്. കുക്കികളെ സംസ്കരിക്കാൻ ഉചിതമായ സ്ഥലം കണ്ടെത്താൻ സംസ്ഥാന സർക്കാരിനു കഴിയാത്തുമൂലം ഈ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറികളിൽ ഊഴം കാത്തു കിടക്കുന്നു.

കളി നേരത്തെ തുടങ്ങിയത്

കുകി-മെയ്തി വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടത്തെ പരമാവധി പ്രോത്സാഹിപ്പിക്കാനാണ് മണിപ്പൂരിലെ ബിജെപി ഭരണകൂടം ശ്രമിച്ചത്. അതിൽ അവർ വിജയിച്ചെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏപ്രിൽ 27ന് ഒരു ഓപ്പൺ ജിം ഉദ്ഘാടനത്തിന് മുഖ്യമന്ത്രി വരുമെന്ന വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി ആ പരിപാടിക്ക് എത്തിയില്ലെന്ന് മാത്രമല്ല ഓപ്ൺ ജിംമിന് തീവയക്കുകയും ഉണ്ടായി. ഇതോടെ കാര്യങ്ങൾ കൂടുതൽ കലുഷിതമായി.

കുകി വിഭാഗത്തിന്റെ മൂന്നു പള്ളികൾ അനധികൃതമായി സ്ഥലം കൈയേറി നിർമ്മിച്ചതാണെന്ന കാരണത്താൽ സർക്കാർ പൊളിച്ചു നീക്കി. ഇതിനു പുറമെ വന്യജീവി-വനവുമായി ബദ്ധപ്പെട്ട നിയമത്തിലെ വകുപ്പുകൾ അടിസ്ഥാനമാക്കി കുക്കികളുടെ 30–40 താമസ സ്ഥലങ്ങളും സർക്കാർ തച്ചുടച്ചു. ഇത്തരത്തിൽ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് മെയ്തി വിഭാഗത്തിനവ് സംവരണാകൂല്യം നൽകാൻ സർക്കാർ തീരുമാനിച്ചതും, ഈ തീരുമാനം ഹൈക്കോടതി ശരിവച്ചതും. ഇതോടെ കുകി വികാരം അണപൊട്ടി. ഇത് മുതലെടുത്ത് സർക്കാർ പിന്തുണയോടെ ഒരു വിഭാഗം നടത്തിയ നീക്കങ്ങളാണ് മണിപ്പൂരിനെ കലാപഭൂമിയാക്കിയത്.

മൃതദേഹങ്ങളോടും ഭരണകൂടത്തിന്റെ വിവേചനം

മഹിളാ ഫെഡറേഷന്റെ നേതൃത്വത്തില്‍ മണിപ്പൂര്‍ സന്ദര്‍ശിച്ച മൂന്നംഗ സംഘത്തിന് മനസിലാക്കാനായത് ഞെട്ടിക്കുന്ന വസ്തുതകളാണ്. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ഇനിയും മറവു ചെയ്യാത്ത മൃതദേഹങ്ങള്‍ ഉചിതമായ സ്ഥലം കണ്ടെത്താന്‍ കഴിയാത്തതുമൂലം ഇപ്പോഴും മോര്‍ച്ചറികളില്‍ കിടക്കുന്നു. മണിപ്പൂര്‍ ഭരണകൂടം മൃതദേഹങ്ങളോടു പോലും വിവേചനം കാട്ടിയെന്നും ഇതിനോട് ഏതുതരത്തിലാണ് പ്രതികരിക്കേണ്ടത്, ഏതു വാക്കാണ് ഉചിതമെന്നും പറയാനാകുന്നില്ലെന്ന് സംഘത്തിന് നേത‍ത്വം നല്കിയ ജനറല്‍ സെക്രട്ടറി ആനി രാജ ചോദിക്കുന്നു.

മണിപ്പൂരില്‍ നടക്കുന്നത് വര്‍ഗീയ കലാപമല്ല. മറിച്ച് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള കലാപമാണ്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്രയേറെ വഷളാകില്ലായിരുന്നു. അക്രമങ്ങള്‍ക്ക് പിന്നില്‍ ഒരുപാടു കാരണങ്ങളുണ്ട്. ഭൂമി, വിഭവങ്ങള്‍, അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തിന്റെ കാലങ്ങളായുള്ള പ്രതിരോധം ഇവയ്ക്കെല്ലാം പുറമെ മതവൈര്യത്തിന്റെയും തീവ്രവാദത്തിന്റെയും സാന്നിധ്യവും കലാപത്തിന്റെ കാരണങ്ങളായി. ഇതിനെല്ലാം പുറമെ സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല നയങ്ങളും ഫാസിസ്റ്റ് നിലപാടുകളും കലാപത്തിന് എണ്ണ പകര്‍ന്നു.

മണിപ്പൂരിലെ സാധാരണ ജനജീവിതവും സമാധാനവും വീണ്ടെടുക്കണമെന്ന ആവശ്യമാണ് സംഘം സന്ദര്‍ശിച്ച ക്യാമ്പുകളിലെല്ലാം ഉയര്‍ന്നു വന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതിന് അനുകൂലമായ നീക്കം ഉണ്ടാകുന്നില്ല. അക്രമങ്ങള്‍ക്ക് കാരണക്കാര്‍ കുക്കി-മെയ്തി വിഭാഗങ്ങളാണെന്നു പരസ്പരം പഴിചാരുമ്പോഴും എത്രയും വേഗം അവരുടെ സ്ഥലത്തേക്ക് മടങ്ങിപോകണം എന്ന ആവശ്യമാണ് ക്യാമ്പുകളില്‍ കഴിയുന്നവര്‍ സംഘത്തോട് പങ്കുവച്ചത്.

മഹിളാഫെഡറേഷന്‍ നേതാക്കള്‍ മണിപ്പൂരില്‍

ജൂണ്‍ 28 മുതല്‍ ജൂലൈ ഒന്നു വരെയായിരുന്നു ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ, ദേശീയ സെക്രട്ടറി നിഷ സിദ്ദു, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര അഭിഭാഷക ദീക്ഷാ ദ്വിവേദി എന്നിവരുള്‍പ്പെട്ട സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചത്. സംഘര്‍ഷത്തിന്റെ ഭാഗമായ ഇരു വിഭാഗം ജനങ്ങളുടെ പ്രതിനിധികളുമായും സംഘം പ്രത്യേകം ചര്‍ച്ചചെയ്തിരുന്നു.

ഇംഫാല്‍ കിഴക്കു-പടിഞ്ഞാറന്‍ ജില്ലകള്‍, ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്‌രാംങ്ങ്, ചുരചന്ദുപൂര്‍ തുടങ്ങിയ മേഖലകളിലെ വിവിധ ക്യാമ്പുകളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതി നേരിട്ട് ബോധ്യപ്പെട്ടതോടെ സംഘം ജില്ലാ ഭരണകൂടവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Eng­lish Sam­mury: Dead bod­ies with­out place for cre­ma­tion in Manipur Hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.