23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴ; കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ ഉടന്‍ കുറ്റപത്രം

Janayugom Webdesk
കാസര്‍കോട്‌
April 23, 2022 4:47 pm

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ കോടതിയില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. സുരേന്ദ്രന്‌ പുറമേ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബിജെപി മുൻ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠറൈ, ലോകേഷ് നോഡ എന്നിവരെ കൂടി പ്രതി ചേര്‍ത്താണ്‌ ജില്ലാ ക്രൈംബ്രാഞ്ച്‌ കുറ്റപത്രം സമർപ്പിക്കുക.

തെരഞ്ഞെടുപ്പ്‌ കോഴയുമായി ബന്ധപ്പെട് ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്‌. കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിക്കേണ്ട നടപടിക്രമം മാത്രമാണ്‌ ബാക്കിയുള്ളത്‌. സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയിൽ നിന്ന് അനുമതി ലഭിച്ചാലുടൻ കാസർകോട് സിജെഎം കോടതിയിൽ കുറ്റപത്രം നൽകും. നിലവില്‍ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന വകുപ്പാണ്‌ ചുമത്തിയിരിക്കുന്നത്‌. ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളും കൂടി ഉള്‍പ്പെടുത്തിയായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബി‌എസ്‌പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയ്‌ക്ക്‌ കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ്‌ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്‌. തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന പരാതിയില്‍ ഐപിസി 171 ബി, ഇ വകുപ്പാണ്‌ സുരേന്ദ്രനെതിരെ ചുമത്തിയത്‌. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനാണ്‌ സുന്ദര തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുണ്ടായ കാരണം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്‌.

കെ സുരേന്ദ്രന്‍ മതല്‍സരിച്ച മണ്ഡലത്തില്‍ ആ പേരിനോട്‌ സാമ്യമുള്ള താന്‍ മത്സരിച്ചാല്‍ വേ്‌ാട്ട്‌ കുറയുമെന്ന്‌ ബിജെപി ആശങ്കപ്പെട്ടിരുന്നുവെന്നും നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതിനായി 2.5 ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കിയെന്നുമായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. മഞ്ചേശ്വരത്ത്‌ ഇടതുമുന്നി സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ ആദ്യം ബദിയെടുക്ക പൊലീസ് കേസെടുത്ത്‌ അന്വേഷണമാരംഭിക്കുകയായിരുന്നു. പിന്നീടാണ്‌ തെരഞ്ഞെടുപ്പ്‌ കോഴക്കേസ്‌ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തത്‌. കെ സുരേന്ദ്രന്‍ അടക്കം നിരവധി പേരെ ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്‌തിരുന്നു.

Eng­lish summary;Manjeswaram Elec­tion Bribery; sub­mit charge sheet against K Suren­dran and others
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.