ഹൈദരാബാദ്
November 18, 2025 9:12 pm
ഉന്നത മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‌വി ഹിദ്മയടക്കം ആറുപേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആന്ധ്രപ്രദേശിലെ അല്ലൂരി സീതരാമരാജു ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് മാദ്‌വി ഹിദ്മ കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശത്തിനു സമീപമാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് ജില്ലാ പൊലീസ് മേധാവി അമിത് ബര്‍ദാര്‍ പറഞ്ഞു. മറ്റൊരു ഓപ്പറേഷനില്‍ പ്രമുഖ മാവോയിസ്റ്റ് നേതാവ് ദേവ്ജി ഉള്‍പ്പെടെ 31 പേര്‍ പിടിയിലായി.
പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി(പിഎൽജിഎ) ബറ്റാലിയൻ‑1 തലവനാണ് മാദ്‍വി ഹിദ്‌മ. സര്‍ക്കാര്‍ ഹിദ്മയുടെ തലയ്ക്ക് 50 ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്നു. 1981 ല്‍ ഛത്തീസ്‌ഗഡിലെ സുക്മയില്‍ ജനിച്ച ഹിദ്മ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയിലെ ഏക ബസ്‌തർ ഗോത്ര വിഭാഗക്കാരനും കൂടിയായിരുന്നു. ഏറ്റുമുട്ടലില്‍ ഹിദ്മയുടെ ഭാര്യ രാജി എന്ന രാജിയക്കയും കൊല്ലപ്പെട്ടതായാണ് വിവരം. ഗറില്ലാ ആക്രമണ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതിലും രാജ്യത്ത് നടന്ന പ്രധാന മാവോയിസ്റ്റ് ആക്രമണങ്ങളിലും ഹിദ്മയ്ക്ക് വലിയ പങ്കുണ്ടെന്ന് പൊലീസ് ആരോപിക്കുന്നു.
2010ല്‍ ദണ്ടേവാഡയില്‍ 76 സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ആക്രമണവും, 2013‑ല്‍ കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ 27 പേരെ കൊന്ന ആക്രമണവും ഹിദ്മയുടെ നേതൃത്വത്തിലായിരുന്നു. 2021‑ല്‍ 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട സുക്മ‑ബിജാപൂര്‍ ആക്രമണത്തിലും ഹിദ്മയ്ക്ക് പങ്കുണ്ടെന്ന് സുരക്ഷാ സേന പറയുന്നു,
ഇക്കൊല്ലം ഇതുവരെ ഛത്തീസ്‌ഗഡില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ 263 നക്‌സലുകളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 234 പേര്‍ സുക്‌മയടക്കമുള്ള ഏഴ് ജില്ലകള്‍ ഉള്‍പ്പെടുന്ന ബസ്‌തര്‍ മേഖലയില്‍ നിന്ന് മാത്രമുള്ളവരാണെന്നും സുരക്ഷാസേനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വിജയവാഡ, കൃഷ്ണ, ഏലൂരു, എന്‍ടിആര്‍ ജില്ലകളില്‍ നിന്നാണ് നിലവില്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ദേവ്ജി ഉള്‍പ്പെടെ 31 മാവോയിസ്റ്റുകളെയും പിടികൂടിയിരിക്കുന്നത്. തിപ്പിരി തിരുപ്പതി എന്നുംദേവ്ജി അറിയപ്പെടുന്നത്. സിപിഐ മാവോയിസ്റ്റിന്റെ അവശേഷിക്കുന്ന രണ്ട് പിബി അംഗങ്ങളില്‍ ഒരാളായിരുന്നു ദേവ്ജി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.