17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 6, 2025
April 4, 2025
April 1, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025
March 27, 2025
March 27, 2025
March 27, 2025

മരക്കാര്‍ ഒടിടിയില്‍ തന്നെ ; തിയേറ്റര്‍ റിലീസില്ല

Janayugom Webdesk
തിരുവനന്തപുരം
November 5, 2021 2:16 pm

മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ്‌ ആയിരിക്കുമെന്ന്‌ ഫിലിംചേംബർ. തിയറ്റർ ഉടമകൾ വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറായില്ലെന്നും, തിയറ്റർ റിലീസിനായുള്ള ചർച്ചകൾ ഇതോടെ നിർത്തുകയാണെന്നും ഫിലിംചേംബർ പ്രസിഡന്റ്‌ സുരേഷ്‌ കുമാർ പറഞ്ഞു.നഷ്‌ടം വന്നാൽ തിയറ്റർ ലാഭത്തിൽനിന്ന്‌ നിർമാതാവിന്‌ പത്ത്‌ ശതമാനം നൽകണം എന്നായിരുന്നു ഉടമകളോടുള്ള ആവശ്യം. നഷ്‌ടം വരാൻ സാധ്യതയില്ലാത്ത സിനിമയാണ്‌. എന്നാൽ അതും തിയറ്റർ ഉടമകൾക്ക്‌ സ്വീകാര്യമായില്ല. സർക്കാരിനെയും ഇക്കാര്യം ബോധിപ്പിച്ചിട്ടുണ്ട്‌. കൂടെനിന്ന്‌ മന്ത്രി സജി ചെറിയാനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്‌ — സുരേഷ്‌ കുമാർ പറഞ്ഞു.

ഇതോടെ മരക്കാർ ഒടിടി റിലീസ്‌ ആയിരിക്കുമെന്ന്‌ ഉറപ്പായി. ആമസോൺ പ്രൈമിൽ ആയിരിക്കും സിനിമ എത്തുക എന്നാണ്‌ വിവരം. തീയതി മാത്രമാണ്‌ ഇനി തീരുമാനിക്കാനുള്ളത്‌. മുൻകൂർ തുകയായി 40 കോടിആവശ്യപ്പെട്ട നിർമാതാവ്‌ ആന്റണി പെരുമ്പാവൂർ ഒടുവിൽ 15 കോടി എന്നതിലേക്ക്‌ എത്തിയിരുന്നു. അതും തിയറ്റർ ഉടമകൾ അംഗീകരിച്ചിരുന്നു. എന്നാൽ നഷ്‌ടം സംഭവിച്ചാൽ തിയറ്റർ വിഹിതത്തിൽനിന്ന്‌ നിശ്‌ചിത തുക നൽകാണമെന്ന ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം തിയറ്റർ ഉടമകൾ അംഗീകരിക്കാൻ തയ്യാറായില്ല. ഇതോടെ സിനിമ സംഘടനകൾ തമ്മിലും പ്രശ്‌നങ്ങൾ രൂക്ഷമായിട്ടുണ്ട്‌.

ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്നും മരയ്ക്കാര്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. അത് തിയേറ്ററുടമകളില്‍ കടുത്ത അതൃപ്‌തിയുണ്ടാക്കുകയും ചെയ്‌തു. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് തിയേറ്ററുകള്‍ തുറന്നത്. എന്നാല്‍ ജനപങ്കാളിത്തമില്ല. മിക്ക തിയേറ്ററുകളിലും ഷോകള്‍ റദ്ദാക്കേണ്ട സാഹചര്യമുണ്ടായി. മരയ്ക്കാര്‍ പോലൊരു ചിത്രം റിലീസിനെത്തിയാല്‍ പ്രേക്ഷകര്‍ കൂടുതലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു തിയേറ്ററുടമകള്‍.

100 കോടിരൂപയോളം ചെലവിട്ടാണ് ചിത്രം നിര്‍മിച്ചത്. ഏകദേശം രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിനെ പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് .

eng­lish sum­ma­ry: marakkar film will be released on ott
you may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.