14 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 6, 2025
April 4, 2025
April 1, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025
March 27, 2025
March 27, 2025
March 27, 2025

ശരാശരിയിൽ ഒതുങ്ങിയ മരക്കാർ

കെ കെ ജയേഷ്
December 2, 2021 4:51 pm

നൂറു കോടിയുടെ മുതൽ മുടക്ക്… ദേശീയ പുരസ്കാരം… ചിത്രീകരണത്തിന് മുമ്പ് തുടങ്ങി റിലീസിംഗ് വരെ ഉണ്ടാക്കിയെടുത്ത പ്രതീക്ഷ… ലോക വ്യാപകമായുള്ള റിലീസ്… പ്രേക്ഷകർ ഏറെ കാത്തിരുന്ന മോഹൻലാൽ ചിത്രം മരക്കാർ : അറബിക്കടലിന്റെ സിംഹം പക്ഷേ ശരാശരി സിനിമാ കാഴ്ച മാത്രമായി അവസാനിച്ചു. നൂറു കോടി മുടക്കിയെടുക്കുന്ന ബ്രഹ്മാണ്ട ചിത്രത്തിന് നല്ലൊരു തിരക്കഥ വേണമെന്ന ചിന്ത സംവിധായകൻ പ്രിയദർശന് ഉണ്ടാവാതെ പോയതു മുതൽ ചിത്രത്തിന്റെ പതനവും ആരംഭിച്ചു. ദുർബലമായ തിരക്കഥയിൽ പ്രിയൻ ഒരുക്കിയ ദൃശ്യ വിസ്മയങ്ങളെല്ലാം ആത്മാവില്ലാത്ത കെട്ടുകാഴ്ചകളായി പരിണമിച്ചു. വൈകാരിക നിമിഷങ്ങളാവട്ടെ യാതൊരു വികാരവും പ്രേക്ഷകരിൽ സൃഷ്ടിക്കുന്നുമില്ല. നരസിംഹം പോലുള്ള ഷാജി കൈലാസ് ചിത്രങ്ങളിലേതു പോലെ മറ്റ് കഥാപാത്രങ്ങളുടെ സംസാരത്തിലൂടെ മരക്കാരെന്ന വീര നായകന്റെ വരവറിയിക്കുകയാണ് സംവിധായകൻ. എന്നാൽ സ്ക്രീനിലെത്തുന്ന മരക്കാറെ അതിന്റെ തീവ്രതയിൽ അവതരിപ്പിക്കുവാൻ പ്രിയദർശന്റെ തിരക്കഥയ്ക്ക് കഴിയുന്നില്ല. അതി നാടകീയമായ ഡയലോഗുകളിൽ കുടുങ്ങി മോഹൻലാലും പലപ്പോഴും നിസ്സഹായനാവുന്നു. വിരസമാണ് ചിത്രത്തിലെ സംഭാഷണങ്ങൾ. കുറച്ചു കഞ്ഞിയെടുക്കട്ടെ മാണിക്യാ എന്ന ഒടിയനിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ ഡയലോഗിന് ശേഷം ട്രോളൻമാർ ആഘോഷമാക്കുകയാണ് ബെട്ടിയിട്ട ബായത്തണ്ട് പോലെ കെടക്കണ കെടപ്പ് കണ്ടോ എളാപ്പാ എന്ന മരയ്ക്കാറിലെ ഡയലോഗ്.

അതി വൈകാരികമായ ഒരു കഥാമുഹൂർത്തത്തിൽ ഇത്തരമൊരു ഡയലോഗ് കയറി വരുമ്പോൾ കൂക്കി വിളിക്കുകയാണ് പ്രേക്ഷകർ. ഇതുപോലെ സൂക്ഷ്മതയില്ലാതെ എഴുതി വെച്ച ഡയലോഗുകൾ തന്നെയാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ. ചരിത്രവും കേട്ടുകേൾവിയും ഭാവനയുമെല്ലാം സമം ചേർത്ത് അവതരിപ്പിക്കുന്ന പ്രിയദർശൻ തന്റെ തന്നെ തേന്മാവിൻ കൊമ്പത്തിലെ ആ കുടത്തിനെ വരെ ഒഴിവാക്കാൻ തയ്യാറല്ല. ശോഭനയുടെ കയ്യിൽ നിന്ന് വഴുതിയ ആ കുടം കൽപ്പടവുകളിലൂടെ ചാടിച്ചാടി താഴേക്ക് ഉരുണ്ടു പോകുന്നുണ്ട് മരക്കാറിലും. കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് സിനിമ . അയാളുടെ വേദന നിറഞ്ഞ ഭൂത കാലത്തിൽ നിന്ന് തുടങ്ങുന്ന സിനിമ ഒരു കൊള്ളക്കാരനായി ചിത്രീകരിക്കപ്പെടുന്ന കുഞ്ഞാലിയുടെ ജീവിതത്തിലേക്ക് സഞ്ചരിക്കുന്നു. പോർച്ചുഗീസ് സൈന്യത്തെ നേരിടാൻ കടലിൽ ഇന്ദ്രജാലം കാട്ടുന്ന കുഞ്ഞാലിയുടെ സഹായം സാമൂതിരി തേടുന്നതോടെ സിനിമ ആവേശപ്പെടുത്തുന്ന നിമിഷങ്ങളിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുമെങ്കിലും അതും വെറുതെയാവുന്നു. ഒഴുക്കില്ലാത്ത കഥ പറച്ചിലിൽ വൈകാരിക രംഗങ്ങൾ പലപ്പോഴും ഒരു ചലനവും സൃഷ്ടിക്കുന്നില്ല.

രണ്ടാം പകുതിയിൽ സിനിമ കൂടുതൽ ദുർബലമാകുകയും ചെയ്യുന്നു. എത്രയൊക്കെ സാങ്കേതിക മികവ് അവകാശപ്പെട്ടാലും സിനിമ കണ്ടിറങ്ങുമ്പോൾ ഓർത്തിരിക്കാൻ ഒന്നുമില്ലാതിരിക്കുമ്പോൾ ഉണ്ടാകുന്ന ശൂന്യത തന്നെയാണ് മരക്കാറും സമ്മാനിക്കുന്നത്. കടലും യുദ്ധക്കപ്പലുകളും കരയിലും കടലിലുമുള്ള യുദ്ധങ്ങളുമെല്ലാമുണ്ടെങ്കിലും ആവേശപ്പെടുത്തുന്ന കാഴ്ചകളായി അതും മാറുന്നില്ല. കോട്ടയും കൊട്ടാരങ്ങളും യുദ്ധക്കപ്പലുകളുമെല്ലാം ഒരുക്കിയ സാബു സിറിലിന് കൈയ്യടിക്കാം. എസ് തിരുവിന്റെ ക്യാമറാക്കാഴ്ചകളും മോശമല്ല. എന്നാൽ എഡിറ്റിംഗ് പലപ്പോഴും പാളി. ജന്മനാടിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച മരക്കാറെ അതി ഗംഭീരമാക്കാൻ മോഹൻലാലിന് സാധിച്ചിട്ടില്ല. ദുർബലമായ കഥാപാത്രസൃഷ്ടിയും ദയനീയമായ ഡയലോഗുകളും ഇതിനൊരു കാരണമാണ്. കുഞ്ഞാലിയുടെ ഹൃദയവേദനകളും നിസ്സഹായതയും പ്രേക്ഷകരിൽ വിങ്ങലായി അനുഭവപ്പെടുത്തുന്നതിൽ ലാലും പ്രിയദർശനും പരാജയപ്പെടുന്നു. എന്നാൽ കുഞ്ഞാലിയുടെ ചെറുപ്പകാലം അവതരിപ്പിച്ച പ്രണവ് തന്റെ വളർച്ച അടയാളപ്പെടുത്തുന്നുണ്ട്. നാടകീയത കടന്നുവരുന്നുണ്ടെങ്കിലും മങ്ങാട്ടച്ചനായി ഹരീഷ് പേരടി മികച്ച പ്രകടനം കാഴ്ച വെച്ചു. അനന്ദനായെത്തുന്ന അർജുനും ചിന്നാലിയായെത്തിയ ജയ് ജെ ജക്രിത്ത് എന്ന നടനും കൈയ്യടി നേടി. ആക്ഷൻ രംഗങ്ങളിലെല്ലാം ഗംഭീര പ്രകടനമാണ് ജയ് ജെ ജക്രിത്ത് കാഴ്ച വെക്കുന്നത്. പട്ടുമരയ്ക്കാറായി സിദ്ധിഖും ചിത്രത്തിൽ നിറഞ്ഞു നിന്നു. ചന്ദ്രോത്ത് പണിക്കരായി സുനിൽ ഷെട്ടിയും തങ്കുടുവായി പ്രഭുവും അച്ചുതനായി അശോക് ശെൽവനും സാമൂതിരിയായി നെടുമുടി വേണുവും കുട്ടിയാലി മരയ്ക്കാരായി ഫാസിലുമെല്ലാം ചിത്രത്തിലുണ്ട്. സിനിമ കണ്ടിറങ്ങിയപ്പോൾ ഈ സിനിമയ്ക്ക് എങ്ങിനെയാണ് ദേശീയ പുരസ്കാരം ലഭിച്ചത് എന്ന ചോദ്യം മാത്രം മനസിൽ ബാക്കിയാവുന്നു.

Eng­lish Sum­ma­ry: Marakkar Movie review

You may like this video

YouTube video player

TOP NEWS

April 14, 2025
April 13, 2025
April 12, 2025
April 12, 2025
April 11, 2025
April 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.