21 December 2024, Saturday
KSFE Galaxy Chits Banner 2

മാരിയമ്മാ ഹരോഹര!

ദേവിക
വാതിൽപ്പഴുതിലൂടെ
October 7, 2024 4:45 am

കഴി‍ഞ്ഞ ദിവസം മലപ്പുറത്ത് ഒരു മുന്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു. എം ആര്‍ അജിത് കുമാറിനെപ്പോലുള്ള ഒരു എഡിജിപിയുടെ കീഴില്‍ പ്രവര്‍ത്തിക്കേണ്ടിവന്നതിന്റെ മനോവ്യഥ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നുവെന്നാണ് കുടുംബം വെളിപ്പെടുത്തിയത്. എഡിജിപിയുടെ സ്വന്തം കുടുംബക്ഷേത്രം പോലും കൊള്ളയടിക്കപ്പെട്ട സംഭവത്തില്‍ പൊലീസുകാരന്‍ അതീവ ഖിന്നനായിരുന്നു. വിഗ്രഹത്തിലെ ആഭരണങ്ങള്‍ മോഷണം പോയതിലല്ല പരേതന് ദുഃഖം, ഇങ്ങനെയൊരാളാണല്ലോ തന്റെ മേലധികാരിയെന്നതിലായിരുന്നു നാണക്കേട്. ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായി മഹാകാണിക്ക, തിരുനടയില്‍ നിന്നും തമിഴന്‍ ഉരുട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചതിലും പൊലീസുകാരന്‍ കണ്ണീര്‍വാര്‍ത്തിരുന്നുവത്രേ. ഇങ്ങനെയൊരു വി‍ഡ്ഡി ക്രമസമാധാന ചുമതല വഹിക്കുന്നതു കണ്ടിരിക്കുന്നതിനെക്കാള്‍ ആത്മഹത്യയാണ് നല്ലതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നുവത്രേ. ഒടുവില്‍ ഗത്യന്തരമില്ലാതെ ആ പാവം ആത്മഹത്യ ചെയ്തു! ഇങ്ങനെയൊരു എഡിജിപിയെ നിലനിര്‍ത്തിയാല്‍ കേരളത്തിന്റെ പോക്കെങ്ങോട്ടായിരിക്കുമെന്നാണ് ഇന്നലെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പരിതപിച്ചത്. മാന്യനായതുകൊണ്ട് അജിത് കുമാറിനെ പന്ന്യന്‍ മറ്റൊന്നും വിളിച്ചില്ലെന്നേയുള്ളു. 

ഈ പൊലീസ് തമ്പ്രാന്‍ ചെന്നുചാടുന്നതെല്ലാം അബദ്ധങ്ങളില്‍. മൂകാംബികയില്‍ ദര്‍ശനത്തിനു പോകുന്നവഴിക്ക് തൃശൂരെത്തിയപ്പോള്‍ അവിടെ പൂരമഹോത്സവം കലക്കുന്നു. തൃശൂര്‍ സ്റ്റൈലല്ല ‘കലക്ക’ലെന്ന് തെളിയിക്കാന്‍ തന്റെ സ്റ്റൈലിലൊരു പൂരം കലക്കല്‍. സുരേഷ് ഗോപിയെ വിളിച്ചുവരുത്തിപ്പറയുന്നു, അളിയാ ഞാന്‍ പൂരം കലക്കി കാണിച്ചുതരാം. അളിയന്‍ ലോക്‌സഭയിലേക്ക് ജയിച്ചു കയറി വാ. പിന്നീടങ്ങോട്ട് ആനകളെ പട്ടിണിക്കിടുക, പൂരപ്രേമികളോട് വഴക്കുകൂടുക, ലാത്തിച്ചാര്‍ജ് നടത്തുക തുടങ്ങിയ കലാപരിപാടികള്‍! പൂരം കലങ്ങിയപ്പോള്‍ ഇതാണ് കലക്കല്‍ എന്ന കൃതാര്‍ത്ഥതയോടെ നേരേ കൊല്ലൂരമ്മയുടെ ദര്‍ശനത്തിന് മൂകാംബികയിലേക്ക്. മരമണ്ടന്‍ എന്ന് ഈ ഏമാനെ വിളിക്കാന്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകള്‍ തന്നെ തെളിവ്. തെളിവുനശിപ്പിക്കാന്‍ കൂടിക്കാഴ്ചയ്ക്കു പോയത് ആര്‍എസ്എസുകാരന്റെ വാഹനത്തില്‍. ഇതിനുപകരം ഔദ്യോഗിക വാഹനത്തില്‍ പോയി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലോ. ക്രമസമധാനപാലനത്തിന് ഒരു സംഘടനയുടെ സഹായം തേടുന്നതില്‍ ഒരു നിയമവിലക്കുമില്ല. പകരം താന്‍ നടത്തിയത് സ്വകാര്യ സന്ദര്‍ശനമായിരുന്നുവെന്ന് പറഞ്ഞ് ആളായതിന്റെ ഊരാക്കുടുക്കില്‍പ്പെട്ടു പുളയുന്ന അവസ്ഥ. പോയബുദ്ധി ആനപിടിച്ചാലും തിരിച്ചു കിട്ടില്ലല്ലോ എന്ന് അറിയാത്ത ഏക മലയാളി അജിത് തമ്പ്രാനല്ലാതെ മറ്റാരുണ്ട്. 

ഇതിനിടെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നു. ആര്‍എസ്എസ് നേതാവും ഈ തീവ്രവാദസംഘടന സംസ്ഥാനത്ത് നടത്തുന്ന അക്രമപരമ്പരകളുടെ സൂത്രധാരനുമായ വത്സന്‍ തില്ലങ്കേരിയുമായി അജിത് നടത്തിയ ചര്‍ച്ചയുടെ വിവരങ്ങളാണത്. കേരളത്തിലെ പൊലീസ് സേനയെ ഹിന്ദുവല്‍ക്കരിക്കാനും മുസ്ലിം വിരുദ്ധമാക്കാനുമുള്ള ഗൂഢാലോചനയാണത്രെ നടന്നത്. വാര്‍ത്ത ശരിയാണെങ്കില്‍ ഇങ്ങനൊരാളെ ക്രമസമാധാനപാലനത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ഏല്പിച്ചാല്‍ നാട് കുരുതിക്കളമാവുകയാവും ഫലം. പിന്നെയും ചില അഭ്യൂഹങ്ങള്‍ സമൂഹത്തില്‍ പരക്കുന്നുണ്ട്. എല്ലാം ബ്ലാക്ക്മെയിലിങ് സ്വഭാവമുള്ളവ. അജിത്തിനെ സ്ഥാനത്തുനിന്ന് മാറ്റിയാല്‍ ആര്‍എസ്എസിന്റെ ആശീര്‍വാദത്തോടെ സിബിഐയിലേക്ക് പോകുമെന്നും എന്നിട്ട് കേരളത്തില്‍ വന്ന് ചിലരെയൊക്കെ ഉലത്തിക്കളയുമെന്നാണ് ഒരഭ്യൂഹം. സര്‍വീസ് സ്റ്റോറിയെഴുതി എല്ലാം വിളിച്ചുപറയുമെന്ന് മറ്റൊരു അഭ്യൂഹം. ഇയാളെ ഇനിയും ആ സ്ഥാനത്ത് അരിയിട്ടുവാഴിക്കണോ?

ഇന്ത്യയിലുടനീളം മോഡിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ പണിയണമെന്നാണ് ബിജെപിയുടെ തീരുമാനം. താന്‍ ഭഗവാനു തുല്യമാണെന്ന് മോഡി സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞ സാഹചര്യത്തിലാണ് മോഡീക്ഷേത്ര പരമ്പര വരാന്‍ പോകുന്നത്. അതേസമയം, ചൈനയില്‍ നിന്നും മറ്റൊരുത്തരവിന്റെ വാര്‍ത്ത വരുന്നു. ചൈനയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ കര്‍ത്താവിന്റെയും കന്യാമറിയത്തിന്റെയും വിഗ്രഹങ്ങള്‍ക്കുപകരം പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന്റെ ചിത്രങ്ങള്‍ മാത്രം പ്രതിഷ്ഠിച്ചാല്‍ മതിയെന്ന്! ഹിന്ദി-ചീനി ഭായിഭായി, മോഡി-ഷീപിങ് ഭായിഭായി എന്ന് കാലം മാറുന്ന അവസ്ഥ. സമൂഹത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന വ്യക്തിപൂജ തിരിച്ചുകൊണ്ടുവരുന്നതില്‍ ചൈനയും ഇന്ത്യയും അങ്ങനെ ഒറ്റക്കെട്ടായി. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും‍ ഇന്ത്യയില്‍ ആദ്യമായി മോഡിക്ഷേത്രം നിര്‍മ്മിച്ച ബിജെപി നേതാവ് മയൂര്‍ മുന്‍റേ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചെന്നാണ് വാര്‍ത്ത. മോഡിയുടെ അമ്പലവും താന്‍ ഇടിച്ചുനിരപ്പാക്കുമെന്ന് മയൂര്‍ ഭീഷണിപ്പെടുത്തുന്നു. ക്ഷേത്രധ്വംസനത്തിന് ഇനി മുഹൂര്‍ത്തം കുറിക്കുകയേ വേണ്ടൂ!

ലൈംഗികശേഷി പൊലീസണ്ണന്മാര്‍ നേരിട്ടുതന്നെ പരിശോധിക്കുന്ന ഇന്ത്യയിലെ പ്രഥമ എംഎല്‍എ മുകേഷ് ആണെന്ന വാര്‍ത്ത പുറത്തുവന്നിട്ട് മൂന്നാഴ്ച കഴിഞ്ഞു. പക്ഷേ എന്താണ് ഈ ലൈംഗികശേഷി പരിശോധന എന്നറിയാന്‍ മെഡിക്കല്‍ ജേ‍ണലുകള്‍ പരതുകയായിരുന്നു. പണ്ടൊരിക്കല്‍ ‘മീടൂ’ കാലത്ത് പ്രസിഡന്റ് ട്രംപിനെ ലൈംഗികശേഷി പരിശോധനയ്ക്കുവിധേയനാക്കിയെന്ന വാര്‍ത്ത വന്നിരുന്നു. വയറ്റില്‍ അമര്‍ത്തുക, ഇക്കിളിപ്പെടുത്തുക എന്നിവയാണ് ലൈംഗികശേഷിയളക്കുന്നതെന്നാണ് നാമൊക്കെ ധരിച്ചുവച്ചിരുന്നത്. മെഡിക്കല്‍ ജേണലുകള്‍ തപ്പിയപ്പോഴല്ലേ അറിയുന്നത് എന്തെല്ലാം കലാപരിപാടികളാണ് ലൈംഗികശേഷി പരിശോധിക്കാന്‍ നടത്തുന്നതെന്ന്. വൃഷണത്തില്‍ തട്ടി വിഷ്വല്‍ ഇറക്‌ഷന്‍ ടെസ്റ്റ്, ഡോപ് ഇന്‍ അള്‍ട്രാ സൗണ്ട് സ്കാന്‍ എന്നിവയ്ക്കുപുറമേ ലിംഗാഗ്രത്തില്‍ മരുന്നുകുത്തിവച്ചുള്ള പരിപാടിവരെ. ടെസ്റ്റിനു വിധേയരാവുന്നവര്‍ പുറത്തിറങ്ങി പറയും …വേണ്ടായിരുന്നുവെന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.