22 November 2024, Friday
KSFE Galaxy Chits Banner 2

മരിയെ റോസ: തെക്കേ അമേരിക്ക ഇടതുപക്ഷത്തേക്ക്

രാജാജി മാത്യു തോമസ്
May 15, 2022 5:30 am

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ഇത് മരിയെ റോസയുടെ രണ്ടാം തരംഗമാണ്. മരിയെ റോസ അഥവാ ഇളംചോപ്പു തരംഗം അല്ലെങ്കിൽ പിങ്ക് തരംഗം എന്നത് തെക്കേ അമേരിക്കയുടെ ഇടതുപക്ഷ രാഷ്ട്രീയധാരയിലേക്കുള്ള ചുവടുമാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. തെക്കേ അമേരിക്കയുടെ ആ മാറ്റത്തിന് അടിവരയിടുന്ന രണ്ട് ദേശീയ തെരഞ്ഞെടുപ്പുകളെയാണ് രാഷ്ട്രീയലോകം ഇക്കൊല്ലം ഉറ്റുനോക്കുന്നത്. ഈമാസം 29നു നടക്കുന്ന കൊളംബിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പും ഒക്ടോബറിൽ ബ്രസീലിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പും മരിയെ റോസയുടെ ഭൂഖണ്ഡത്തിലെ പിന്തിരിപ്പിക്കാനാവാത്ത തിരിച്ചുവരവിന് അടിത്തറപാകുമെന്നാണ് അവിടെനിന്നുള്ള എല്ലാ സൂചനകളും അടിവരയിടുന്നത്. ഈ നൂറ്റാണ്ടിന്റെ ഒന്നാം പതിറ്റാണ്ടിൽ ഭൂഖണ്ഡത്തിലാകെ വീശിയടിച്ച പിങ്ക് തരംഗം ഇടക്കാലത്ത് തിരിച്ചടികൾ നേരിട്ടുവെങ്കിലും സമീപകാലത്ത് ഇടതുപക്ഷശക്തികൾ ആവേശകരമായ തിരിച്ചുവരവാണ് കാഴ്ചവയ്ക്കുന്നത്.
യുഎസ് എക്കാലത്തും തങ്ങളുടെ പിന്നാമ്പുറമായി കണക്കാക്കിപ്പോന്ന തെക്കേ അമേരിക്കയിലെ അവരുടെ ഉറച്ച ഔട്ട്പോസ്റ്റാണ് കൊളംബിയ. കഴിഞ്ഞ ഏഴുപതിറ്റാണ്ടിലേറെയായി യുഎസ് മേൽക്കോയ്മയെയും ആഭ്യന്തര രാഷ്ട്രീയ, സാമ്പത്തിക മേഖലകളിന്മേൽ അവർക്കും അവരുടെ തദ്ദേശീയ കൂട്ടാളികൾക്കുമുള്ള താല്പര്യങ്ങളെയും ചോദ്യം ചെയ്തേക്കാവുന്ന ആർക്കുംതന്നെ അവിടെ അധികാരത്തിലെത്താൻ കഴിഞ്ഞിട്ടില്ല. അതിനെതിരെ ശബ്ദമുയർത്താൻ തുനിഞ്ഞവരുടെ ചോരയിൽ മുങ്ങിയ കൂട്ടക്കുരുതികളുടെ കഥകൂടിയാണ് കൊളംബിയയുടെ ചരിത്രം. പ്രതികരിക്കാനും പ്രതിഷേധിക്കാനും നിവൃത്തിയില്ലാതെ ആയുധമെടുത്ത് പോരാടാൻ തയാറായവരെ വിമതരും ഗറില്ലകളുമായി മുദ്രകുത്തി കൂട്ടത്തോടെ ഉന്മൂലനംചെയ്യുക പതിവായിരുന്നു. അതിനാവശ്യമായ കൂലിപ്പട്ടാളങ്ങൾക്കു യുഎസ് പരിശീലനവും ആയുധവും യഥേഷ്ടം നൽകി. യുഎസ് ബഹുരാഷ്ട്ര കോർപറേറ്റുകൾക്കു വേണ്ട അസംസ്കൃത വസ്തുക്കളുടെയും ആഗോള മയക്കുമരുന്ന് മാഫിയകളുടെയും വിഹാരകേന്ദ്രമാണ് കൊളംബിയ. എന്നാൽ, അവയെ ഒരു ദുഃസ്വപ്നംപോലെ പഴങ്കഥയാക്കുന്ന രാഷ്ട്രീയമാറ്റമാണ് ഈ മാസാവസാന ഞായറാഴ്ച നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.


ഇതുകൂടിവായിക്കൂ:  ശ്രീലങ്ക ഇന്ത്യക്കും ലോകത്തിനും നല്‍കുന്ന പാഠം


ഭൂമിയുടെ പുനർവിതരണം ആവശ്യപ്പെട്ട ഇടതുപക്ഷ ഗറില്ലകളും കൊളംബിയൻ സേനയുമായുള്ള സായുധപോരാട്ടത്തിന് അഞ്ചുപതിറ്റാണ്ടിലേറെ ചരിത്രമുണ്ട്. എന്നാൽ, തെക്കേ അമേരിക്കയിലെ പലരാജ്യങ്ങളിലും ഇടതുപക്ഷം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലൂടെ പൊതുജീവിതത്തിന്റെ മുഖ്യധാരയിൽ എത്തിയപ്പോഴും കൊളംബിയൻ ഇടതുപക്ഷം ഒറ്റപ്പെട്ടു നിൽക്കുകയായിരുന്നു. മുൻ ഇടതുപക്ഷ ഗറില്ല ഗുസ്റ്റാവോ പെട്രോയുടെ മുഖ്യധാരാ രാഷ്ട്രീയ പ്രവേശമാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന് പുതിയ ദിശാമുഖം നൽകിയത്. ഈ നൂറ്റാണ്ടിന്റെ കൊളംബിയൻ രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന മുൻ പ്രസിഡന്റ് അൽവാറോ ഉറിബെയുടെയും അയാളുടെ പിൻഗാമികളായ യുവാൻ മാനുവൽ സാന്റോസ്, ഇവാൻ ഡ്യൂക്ക് എന്നിവരുടെയും നയങ്ങളെ നിശിതമായി വിമർശിച്ച പെട്രോ 2018 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡ്യൂക്കിനോട് പൊരുതി തോറ്റെങ്കിലും പിന്നീട് തലസ്ഥാന നഗരിയായ ബൊഗോട്ടയുടെ മേയറായും തുടർന്ന് ദേശീയ സെനറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ രണ്ടാഴ്ചമാത്രം ബാക്കിനിൽക്കെ കടുത്ത ഉറിബിസ്റ്റായി അറിയപ്പെടുന്ന ഇവാൻ ഡ്യൂക്കിനെക്കാൾ ഏതാണ്ട് 25 ശതമാനം വോട്ടുകൾക്ക് മുന്നിലാണ് ഗുസ്റ്റാവോ പെട്രോ. ഇടതുപക്ഷത്തിന്റെ ഈ മുന്നേറ്റം കൊളംബിയൻ വലതുപക്ഷത്തെയും യുഎസ് താല്പര്യങ്ങളെയും സ്വാഭാവികമായും വിറളിപിടിപ്പിച്ചിട്ടുണ്ട്. അത് എങ്ങനെയാണ് തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കാൻ പോന്ന ബാഹ്യ, ആഭ്യന്തര ഇടപെടലുകളായി മാറുക എന്നത് കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളു. പരമ്പരാഗത ഇടതുപക്ഷ സ്വാധീന മേഖലയ്ക്കുപുറത്ത് മധ്യവർഗ വോട്ടുകളെ സ്വാധീനിക്കാൻ എത്രത്തോളം പെട്രോയ്ക്കു കഴിയും എന്നതാണ് വെല്ലുവിളി. അവിടെയാണ് വലതുപക്ഷവും പ്രതീക്ഷ അർപ്പിക്കുന്നത്.

 


ഇതുകൂടിവായിക്കൂ:  ബൊൾസൊനാരൊയുടെ രാജി ആവശ്യപ്പെട്ട് ബ്രസീലിൽ പ്രതിഷേധം


 

പട്ടാളഭരണ മുക്തമായ ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും ജനകീയമായ ഭരണമായിരുന്നു വർക്കേഴ്സ് പാർട്ടി നേതാവ് ലൂയിസ് ഇനാസിയോ ലുല ഡി സിൽവ പ്രസിഡന്റായിരുന്ന 2003 മുതൽ 2010 വരെയുള്ള എട്ടുവർഷക്കാലം. 87 ശതമാനം ജനസമ്മിതിയോടെയാണ് ലുല തന്റെ രണ്ടാംവട്ട ഭരണകാലാവധി പൂർത്തിയാക്കിയത്. അതിനു മുൻപുണ്ടായിരുന്ന ദശകങ്ങളിലെ ഇരുളടഞ്ഞ ചരിത്രത്തിൽനിന്നും ജനങ്ങളെയും രാഷ്ട്രത്തെയും ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പുതിയ തീരത്തടുപ്പിച്ചാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. എന്നാൽ പിൻഗാമിയായിവന്ന ദിൽമ റൂസേഫിനോ വർക്കേഴ്സ് പാർട്ടിക്കോ ലുല കാഴ്ചവച്ച പ്രകടനം തുടരാനായില്ല. തെരഞ്ഞെടുപ്പുകളിൽ വർക്കേഴ്സ് പാർട്ടിക്ക് തിരിച്ചടികളുണ്ടായി. കെട്ടിച്ചമച്ച അഴിമതിയുടെപേരിൽ ലുല തടവിലായി. അട്ടിമറിയിലൂടെ പ്രസിഡന്റ് ദിൽമ റൂസേഫ് പാർലമെന്റിൽ വിചാരണചെയ്യപ്പെട്ട് പുറത്തായി. യുഎസ് പിന്തുണയോടെ തദ്ദേശീയ വലതുപക്ഷത്തിന്റെ നേതാവ് ജയിർ ബോൾസനാരോ പ്രസിഡന്റായി അവരോധിക്കപ്പെട്ടു. ബ്രസീൽ അതിന്റെ ഇരുണ്ട ഭൂതകാലത്തിലേക്ക് തിരിച്ചുനടക്കുകയായിരുന്നു. ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും അരാജകത്വത്തിലേക്കും അഴിമതിയിലേക്കുമുള്ള തിരിച്ചുപോക്ക്. കോവിഡ് മഹാമാരി ഏറ്റവുമധികം മനുഷ്യജീവൻ കവർന്ന നാടുകളിലൊന്നായി ബ്രസീൽ മാറി. കോവിഡ് പ്രതിരോധ മരുന്ന് വാങ്ങുന്നതിൽപോലും വൻ അഴിമതി അരങ്ങേറി. എന്നാൽ 2021 മാർച്ചിൽ ലുലയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള സുപ്രീം ഫെഡറൽ കോടതിയുടെ വിധി ഒരിക്കൽക്കൂടി ബ്രസീലിന്റെ ചരിത്രം മാറ്റി എഴുതുകയാണ്.

മേയ് ഏഴിന് സാവോപോളയിൽ നടന്ന ഒരു പടുകൂറ്റൻ റാലിയോടെ 79 കാരനായ ലുല തന്റെ മൂന്നാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ചു. റാലിയും തെരഞ്ഞെടുപ്പുഫലം സംബന്ധിച്ചു ഇതിനകം പുറത്തുവന്ന അഭിപ്രായവോട്ടെടുപ്പുകളും പഠനങ്ങളുമെല്ലാം നിലവിലെ തീവ്രവലതുപക്ഷ പ്രസിഡന്റ് ബോൾസനാരോയെക്കാൾ പത്തൊമ്പതു മുതൽ 22 ശതമാനം വരെ വോട്ടുകൾക്ക് മുന്നിലാണ് ലുല എന്ന് വിലയിരുത്തുന്നു. ലുലയ്ക്ക് 43 ശതമാനം മുതൽ 45 ശതമാനം വരെ വോട്ടുകൾ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലുലയുടെ വിജയം ബ്രസീലിനും തെക്കേ അമേരിക്കൻ രാഷ്ട്രീയത്തിനും ഒരു വഴിത്തിരിവായിരിക്കും എന്നാണ് നിരീക്ഷകർ കാണുന്നത്. ഒന്നാമതായി, യുഎസിന്റെയും കോർപറേറ്റ് ധനശക്തിയുടെയും പട്ടാളത്തിന്റെയും പിന്തുണയോടെ തീവ്രവലതുപക്ഷം സംഘടിപ്പിച്ച അട്ടിമറിയെ അതിജീവിച്ചു നടത്തുന്ന തിരിച്ചുവരവ് മേഖലയിലെ ഇടതുപക്ഷത്തിന് ആത്മവിശ്വാസവും ആവേശവും പകർന്നുനല്കും. രണ്ടാമതായി, ബ്രസീൽ ജനതയ്ക്ക് അത് സാമ്പത്തിക നീതിയെപ്പറ്റിയും മനുഷ്യാവകാശങ്ങളെപ്പറ്റിയും പുതിയ പ്രതീക്ഷ നൽകുന്നു. ലുലയുടെയും ബ്രസീലിലെ ഇടതുപക്ഷത്തിന്റെയും ഈ തിരിച്ചുവരവ് ഒറ്റപ്പെട്ട സംഭവമല്ലെന്നു ഭൂഖണ്ഡത്തിലെ സമീപകാല സംഭവവികാസങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.


ഇതുകൂടിവായിക്കൂ:  ബ്രസീലിൽ രണ്ടരലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചു


തെക്കേ അമേരിക്കൻ ഇടതുപക്ഷത്തിന്റെ പ്രതിരോധ ശേഷിയുടെയും തിരിച്ചുവരവിനുള്ള കരുത്തിന്റെയും ഉത്തമ നിദർശനമായിരുന്നു കഴിഞ്ഞവർഷം നവംബറിൽ നടന്ന ഹോണ്ടുറാസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഷിയോമാറോ കാസ്ട്രോയുടെ ഉജ്ജ്വല വിജയം. കാസ്ട്രോയുടെ ഭർത്താവും നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ട ഹോണ്ടുറാസ് പ്രസിഡന്റുമായിരുന്ന മാനുവൽ സിലായാ യുഎസ് പിന്തുണയോടെ നടന്ന ഒരു പട്ടാള അട്ടിമറിയിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട് കോസ്റ്റാറിക്കയിലേക്ക് നാടുകടത്തപ്പെട്ടു. പന്ത്രണ്ടു വർഷങ്ങൾക്കുശേഷമാണ് കാസ്ട്രോയിലൂടെ ചരിത്രംകുറിച്ച തിരിച്ചുവരവ്. സിലായായുടെ അഭാവത്തിൽ യുഎസ് സാമ്രാജ്യത്തത്തിനും പട്ടാള വലതുപക്ഷ കൂട്ടുകെട്ടിനുമെതിരെ നടന്ന ത്യാഗപൂർണമായ ചെറുത്തുനില്പ് പോരാട്ടത്തിന്റെ മുന്നണി പോരാളിയായിരുന്നു ഷിയോമാറോ കാസ്ട്രോ.
യുഎസും തദ്ദേശീയ വലതുപക്ഷവും നിരന്തരം തുടരുന്ന കടന്നാക്രമണങ്ങളെയും കുപ്രചാരണങ്ങളെയും ഫലപ്രദമായി ചെറുത്ത് പരാജയപ്പെടുത്താനും പ്രവിശ്യാ ഗവർണർ പദവിയിലേക്കും മേയർ പദവികളിലേക്കും കഴിഞ്ഞ നവംബർ മൂന്നാം വാരം നടന്ന തെരഞ്ഞെടുപ്പിൽ ജയിക്കുവാനും വെനിസ്വേലയിലെ ഐക്യ സോഷ്യലിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞു. സാമ്രാജ്യത്വ, വലതുപക്ഷ ശക്തികളുടെ കള്ളപ്രചരണങ്ങൾക്കും സാമ്പത്തിക ഉപരോധത്തിനും രാഷ്ട്രീയ അട്ടിമറിശ്രമങ്ങൾക്കും വെനിസ്വേലൻ ജനത തെരഞ്ഞെടുപ്പുഫലത്തിലൂടെ ചുട്ടമറുപടിയാണ് നൽകിയത്. 23 പ്രവിശ്യാ ഗവർണർ പദവികളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളിൽ വിജയിക്കാനെ പ്രതിപക്ഷത്തിന് കഴിഞ്ഞുള്ളു. 335 മേയർ പദവികളിൽ 205ലും സോഷ്യലിസ്റ്റ് പാർട്ടി വിജയിച്ചു. ഐക്യ സോഷ്യലിസ്റ്റ് പാർട്ടിയെയും ഗവണ്മെന്റിനെയും പ്രസിഡന്റ് നിക്കൊളാസ് മഡുറോയെയും രാജ്യത്തെ തന്നെയും തകർക്കാനുള്ള ശ്രമങ്ങൾക്കാണ് ഇടതുപക്ഷ വിജയം തിരിച്ചടിയായത്.

നിക്കരാഗ്വയിൽ കഴിഞ്ഞ നവംബർ ആരംഭത്തിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പും നാലാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡാനിയേൽ ഒർട്ടേഗയുടെ വമ്പിച്ച ഭൂരിപക്ഷവും തദ്ദേശീയ എതിരാളികളെക്കാൾ ഞെട്ടിപ്പിച്ചത് ബൈഡൻ ഭരണകൂടത്തെയാണ്. വോട്ട് രേഖപ്പെടുത്തിയ 65 ശതമാനം വോട്ടർമാരിൽ 75 ശതമാനവും സാന്റിനിസ്റ്റുകൾ നേതൃത്വം നൽകിയ മുന്നണിക്കനുകൂലമായിരുന്നു. അതോടെ യുഎസ് ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം കൂടുതൽ കർക്കശമാക്കി നിക്കരാഗ്വൻ ജനതയെ മുട്ടുകുത്തിക്കാമെന്ന വ്യാമോഹത്തിലാണ് സാമ്രാജ്യത്വ, വലതുപക്ഷ ശക്തികൾ.


ഇതുകൂടിവായിക്കൂ:  ചിലിയിലും ഇടതുപക്ഷ പ്രസിഡന്റ്


നവംബറിൽ തന്നെ നടന്ന ചിലിയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയും മുൻ വിദ്യാർത്ഥി നേതാവും മുപ്പത്തിയഞ്ചുകാരനുമായ ഗബ്രിയേൽ ബോറിക്കിന്റെ വിജയം ആ രാജ്യത്തിന്റെ പിനോഷെ പട്ടാള ഏകാധിപത്യ പാരമ്പര്യത്തിൽ നിന്നും ചരിത്രത്തിൽനിന്നുമുള്ള വേർപിരിയലിനെയാണ് അടയാളപ്പെടുത്തുന്നത്. രാജ്യത്തെ മധ്യ വലതുപക്ഷത്തേയും മധ്യ ഇടതുപക്ഷത്തേയും മൂന്നും നാലും സ്ഥാനങ്ങളിലേക്ക് പിന്തള്ളിക്കൊണ്ടാണ് ബോറിക് വിജയിച്ചത്. തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിയാണ് പരമ്പരാഗത ഇടതു വലതു മുന്നണികളെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് എത്തിയത് എന്നത് കരുതലോടെ നീങ്ങാൻ ഇടതുപക്ഷത്തെ നിർബന്ധിതമാക്കുന്നു. പിനോഷെ കാലഘട്ടത്തിലെ ഭരണഘടന മാറ്റിയെഴുതാനുള്ള പ്രക്രിയയിലാണ് ചിലി ഏർപ്പെട്ടിട്ടുള്ളത്. ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള ഭരണഘടനാ നിർമ്മാണസമിതിയിൽ കരുതലോടെ നീങ്ങി ദേശീയ ഐക്യം ഊട്ടി ഉറപ്പിക്കുക എന്നതാണ് ഇടതുപക്ഷം നേരിടുന്ന വെല്ലുവിളി.
ബൊളീവിയയില്‍ യുഎസ് പിന്തുണയോടെ നടന്ന അട്ടിമറിയിൽ അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ട മാസ് (മൂവ്മെന്റ് ടുവേഡ്സ് സോഷ്യലിസം) 2020 ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചുവന്നിരുന്നു. മാസ് നേതാവ് ലൂയിസ് ആർസെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ അട്ടിമറിയെ തുടർന്ന് രാജ്യം വിടേണ്ടിവന്ന മുൻ പ്രസിഡന്റും തദ്ദേശീയ ജനവിഭാഗത്തിൽ നിന്നുള്ള ഭൂഖണ്ഡത്തിലെ ആദ്യ ഭരണാധികാരിയുമായിരുന്ന ഇവോ മൊറാലസ് രാജ്യത്ത് തിരിച്ചെത്തുകയും രാജ്യഭരണത്തിനു ആവശ്യമായ മാർഗദര്‍ശിത്തം നല്കിവരുന്നുമുണ്ട്.
നൂറ്റാണ്ടുകൾ നീണ്ടുനിന്ന പാശ്ചാത്യ അടിമത്തത്തിൽനിന്നും യുഎസ് സർവാധിപത്യത്തിൽനിന്നും തെക്കേ അമേരിക്ക സ്വാതന്ത്ര്യത്തിലേക്ക് ഉണരുന്ന പ്രതീതിയാണ് സമീപകാലത്തായി ആ ഭൂഖണ്ഡത്തിൽ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത്. തെക്കേ അമേരിക്കയിലെ ഇടതുപക്ഷ ഉണർവും അതിന്റെ ബലതന്ത്രവും രാഷ്ട്രമീമാംസ വിദ്യാർത്ഥികളെ ഏറെ ആകർഷിക്കുന്ന വിഷയമായി മാറിക്കഴിഞ്ഞു. അനുദിനം ദുർബലമായിക്കൊണ്ടിരിക്കുന്ന യുഎസ്, പാശ്ചാത്യ സാമ്രാജ്യത്വ ശക്തികൾക്കു അവർ ആഗ്രഹിക്കുന്ന രീതിയില്‍ തിരികെക്കൊണ്ടുവരാൻ കഴിയാത്തവിധം ഇടതുപക്ഷ, ജനാധിപത്യ മുന്നേറ്റമാണ് മരിയെ റോസയുടെ രണ്ടാം തരംഗം കാഴ്ചവയ്ക്കുന്നത്.

Eng­lish Summary:

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.