17 June 2024, Monday

Related news

March 18, 2024
January 21, 2024
October 5, 2023
September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023
September 4, 2023
August 12, 2023

മരിയുപോള്‍ വീണു: ലുഹാന്‍സ്‌ക് മേഖലയുടെ 80 ശതമാനവും റഷ്യന്‍ നിയന്ത്രണത്തില്‍, ചര്‍ച്ചയ്ക്ക് തയാറെന്ന് ഉക്രെയ്ന്‍

Janayugom Webdesk
April 21, 2022 10:11 pm

രണ്ടുമാസത്തോളം നീണ്ടുനിന്ന ചെറുത്തുനില്പിനൊടുവില്‍ ഉക്രെയ്‌നിലെ മരിയുപോള്‍ നഗരം വീഴുന്നു. തുറമുഖ പട്ടണമായ മരിയുപോള്‍ ‘വിജയകരമായി മോചിപ്പിച്ചതായി’ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ അവകാശപ്പെട്ടു. മോസ്‌കോയാണ് മരിയുപോള്‍ നഗരത്തെ നിയന്ത്രിക്കുന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ലാവ്റോവും പ്രഖ്യാപിച്ചു. അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റ് മാത്രമാണ് നഗരത്തില്‍ അവശേഷിക്കുന്ന ഏക ഉക്രേനിയന്‍ ശക്തികേന്ദ്രം. ഇവിടെ ആക്രമണം നടത്തി മരിയുപോള്‍ പൂര്‍ണമായി പിടിച്ചടക്കാന്‍ റഷ്യ ആദ്യം പദ്ധതിയിട്ടിരുന്നു. എന്നാല്‍ സൈനികര്‍ക്കുപുറമെ ജനങ്ങളും അഭയം തേടിയിട്ടുള്ളതിനാല്‍ സ്റ്റീല്‍ പ്ലാന്റ് ആക്രമിക്കരുതെന്ന് പുടിന്‍ സൈനികരോട് ആവശ്യപ്പെട്ടു.

ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ടണ്‍ ഉരുക്ക് ഉല്പാദിപ്പിക്കുന്ന അസോവ്സ്റ്റല്‍ പ്ലാന്റ് 1990കളില്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോള്‍ സ്ഥാപിച്ചതാണ്. നിലവില്‍ ഉക്രെയ്നിലെ ഏറ്റവും വലിയ സമ്പന്നന്‍ റിനത് അഖ്മദോവിന്റെ ഉടമസ്ഥതയിലാണിത്. അസോവ് കടലിന് അഭിമുഖമായി 11 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മൂവായിരത്തോളം ഉക്രെയ്ന്‍ സൈനികരാണ് പ്ലാന്റിലുള്ളത്. ആക്രമണ നീക്കം ഉപേക്ഷിച്ച റഷ്യ അതേസമയം കടുത്ത ഉപരോധം ഏര്‍പ്പെടുത്തി. നഗരത്തിനു പുറത്തേക്ക് ആരേയും കടത്തി വിടരുതെന്നും സൈനികര്‍ക്ക് നിര്‍ദേശം നല്കി.

ഫെബ്രുവരിയില്‍, കിഴക്കന്‍ ഉക്രെയ്‌നിലെ ഡൊണെട്സ്‌ക്, ലുഹാന്‍സ്‌ക് മേഖലകളുടെ ‘സ്വാതന്ത്ര്യം’ റഷ്യ അംഗീകരിച്ചിരുന്നു. തൊട്ടുപിന്നാലെ ഫെബ്രുവരി 24 ന് റഷ്യ സൈനിക നടപടി ആരംഭിച്ചു. ലുഹാന്‍സ്‌കിന്റെ 80 ശതമാനം പ്രദേശത്തും റഷ്യയുടെ നിയന്ത്രണത്തിലായിട്ടുണ്ടെന്ന് ലുഹാന്‍സ്‌ക് ഗവര്‍ണര്‍ അറിയിച്ചു.

കിഴക്കന്‍ ഉക്രെയ്‌നില്‍ പൂര്‍ണമായും റഷ്യയുടെ നിയന്ത്രണത്തിലാകുന്ന ആദ്യത്തെ പട്ടണം ക്രെമിനയായിരുന്നു. ഇതോടെ ലുഹാന്‍സ്‌കും ഡൊണെട്സ്‌കും ചേര്‍ന്നുള്ള ഡോണ്‍ബാസ് മേഖല മുഴുവന്‍ റഷ്യന്‍ അധീനതയിലായി. ഭൂരിഭാഗം ജനങ്ങളും റഷ്യന്‍ ഭാഷ സംസാരിക്കുന്ന പ്രദേശമാണ് ഡോണ്‍ബാസ്. 2014ല്‍ റഷ്യ പിടിച്ചടക്കിയ ക്രിമിയയും ഡോണ്‍ബാസ് മേഖലയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന നഗരമായതിനാലാണ് മരിയുപോള്‍ റഷ്യയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായി മാറിയത്.

ചര്‍ച്ചയ്ക്ക് തയാറെന്ന് ഉക്രെയ്ന്‍

മരിയുപോള്‍ ഏകദേശം പൂര്‍ണമായി റഷ്യ പിടിച്ചടക്കിയതിന് പിന്നാലെ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് പ്രഖ്യാപിച്ച് ഉക്രെയ്ന്‍. പൊതുജനങ്ങള്‍ക്ക് പുറത്തുകടക്കുന്നതിന് സുരക്ഷിത ഇടനാഴി ഒരുക്കണമെന്നും ഉക്രെയ്ന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരകണക്കിനാളുകള്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ മരിയുപോള്‍ നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റില്‍ മാത്രം ആയിരത്തിലേറെ ജനങ്ങള്‍ അഭയം തേടിയിട്ടുണ്ടെന്നാണ് കണക്ക്. കര്‍കീവ്, സപോറീഷ, നിപ്രോപെട്രോവ്സ്, ക്രാമറ്റോര്‍സ്ക് മേഖലകളിലും ഇന്നലെ കനത്ത ആക്രമണമുണ്ടായി. ഇന്നലെ മാത്രം 1001 തവണ റഷ്യന്‍ ആക്രമണമുണ്ടായെന്ന് ഉക്രെയ്ന്‍ സൈന്യം അറിയിച്ചു.

Eng­lish Sum­ma­ry: Mar­i­upol falls: Ukraine ready for talks

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.