കഴിഞ്ഞദിവസം വിദ്യാർത്ഥികൾക്കു മുന്നിൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) വമ്പൻ പ്രഖ്യാപനം നടത്തി. ഈ അധ്യയനവർഷം 23,000ത്തിലധികം ഉന്നത വിദ്യാഭ്യാസ കോഴ്സുകൾ സൗജന്യമായി പഠിക്കാമെന്നാണ് യുജിസി പ്രഖ്യാപനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി അടക്കമുള്ള വിവിധ ബിരുദാനന്തര കോഴ്സുകൾ സൗജന്യമായി പഠിക്കാൻ അവസരമൊരുങ്ങുമെന്നും വിശദീകരിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ രണ്ടാം വാർഷിക ദിനമായ ജൂലെെ 29ന് പദ്ധതി ഉദ്ഘാടനം ചെയ്തതായും അറിയിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ കേന്ദ്ര സർക്കാർ വിദ്യാഭ്യാസം സാർവത്രികമാക്കുകയാണോ എന്ന് പുതിയ വിദ്യാഭ്യാസ നയത്തിന്റെ വെളിച്ചത്തിൽ ചിന്തിക്കേണ്ടതാണ്.
രാജ്യത്തെ ഏതു പൗരനും വിദ്യാഭ്യാസം സാധ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയതെന്നും കമ്മിഷന്റെ പോർട്ടൽ വഴി സൗജന്യമായി വിവിധ കോഴ്സുകൾ പഠിക്കാമെന്നും യുജിസി പ്രസിഡന്റ് പ്രൊഫ. എം ജഗദേഷ് കുമാർ പ്രഖ്യാപനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ വിവിധ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും പ്രയോജനപ്പെടുത്തുമ്പോൾ പ്രതിദിനം 20 രൂപ വീതം ഫീസ് ഈടാക്കുമെന്നും വ്യക്തമാക്കുന്നു. സർക്കാർ നേരിട്ട് ഗ്രാന്റ് നല്കുന്ന കോളജുകളുടെ എണ്ണം ക്രമേണ കുറയ്ക്കുകയും വിദൂര വിഭ്യാഭ്യാസ മാതൃകയിൽ സ്വാശ്രയ കോഴ്സുകൾ തുടങ്ങുകയുമാണ് ഇതിന്റെ പിന്നിലെ അജണ്ടയെന്ന് വിഭ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഫണ്ട് നല്കാത്തതിനാൽ യുജിസിക്ക് കീഴിലുള്ള ഗവേഷണപദ്ധതികൾ പലതും നിലയ്ക്കുകയും സർവകലാശാലകളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന കേന്ദ്രനയവും ഇതോടൊപ്പം വിലയിരുത്തപ്പെടണം. കേന്ദ്ര സർവകലാശാലകളായ അലിഗഢ് മുസ്‍ലിം സർവകലാശാലയുടെയും (എഎംയു), ജാമിയ മിലിയ ഇസ്‍ലാമിയയുടെയും (ജെഎംയു) ഫണ്ട് വിഹിതം ഗണ്യമായി വെട്ടിക്കുറച്ച വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിഖ്യാത ഇന്ത്യന്‍ സർവകലാശാലയായ ഡല്‍ഹിയിലെ ജെ എൻ യുവിനുള്ള ഫണ്ട് വർധിപ്പിക്കാത്ത സർക്കാർ, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ ഫണ്ട് ഇരട്ടിയാക്കിയെന്നതും ശ്രദ്ധേയമാണ്. അലിഗഢ് സർവകലാശാല, ജാമിയ മിലിയ എന്നിവയുടെ ഫണ്ട് 15 ശതമാനം വെട്ടിക്കുറച്ചപ്പോള്‍ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ ബജറ്റ് 669.51 കോടിയിൽ നിന്ന് ഏഴ് വർഷം കൊണ്ട് 1,303.01 കോടിയാക്കി ഉയര്‍ത്തി.
ഈ വിവേചനങ്ങൾക്കിടയിലാണ് പുതിയ പ്രഖ്യാപനവുമായി യുജിസി രംഗത്തു വന്നിരിക്കുന്നത്. ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായി സഹകരിച്ച് ഇതിനായി പ്രത്യേക പോര്‍ട്ടല്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും യുജിസി പറയുന്നു. പ്രാദേശിക ഭാഷകളിൽ പഠനം നടത്താൻ കഴിയുമെന്ന പ്രത്യേകതയും ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മറാത്തി, ബംഗ്ലാ, ഗുജറാത്തി, തെലുങ്ക്, മലയാളം, തമിഴ്, കന്നഡ എന്നിങ്ങനെ എട്ട് ഇന്ത്യൻ ഭാഷകളിലാണ് കോഴ്സ് ലഭ്യമാകുക. 7.5 ലക്ഷം കോമൺ സർവീസ് സെന്ററുകളെയും സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ സെന്ററുകളെയും കോർത്തിണക്കിയാണ് കോഴ്സുകൾ വിദ്യാർത്ഥികള്‍ക്ക് എത്തിക്കുന്നതെന്നും പഠിതാക്കള്‍ക്ക് സർട്ടിഫിക്കറ്റുകള്‍ നല്കുമെന്നും യുജിസി പറഞ്ഞിട്ടുണ്ട്.
കേന്ദ്ര സർക്കാരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിൽ കഴിയുന്നവർക്കും ഉന്നത വിദ്യാഭ്യാസം സാധ്യമാക്കാനാണ് പദ്ധതിക്ക് രൂപം നൽകിയതെന്നും യുജിസി പറയുന്നു. എന്നാല്‍ ഇത് പൊള്ളയാണെന്ന് വിദ്യാഭ്യാസ രംഗത്തോടുള്ള കേന്ദ്രനയം വ്യക്തമാക്കുന്നു. കേന്ദ്രം ഫണ്ട് നൽകാത്തതിനാൽ എട്ട് ഗവേഷണപദ്ധതികൾ അവസാനിപ്പിച്ചുവെന്ന് യുജിസി തന്നെ സ്വന്തം വെബ്സൈറ്റിൽ വെളിപ്പെടുത്തിയത് ഇക്കഴിഞ്ഞ ജനുവരിയിലാണ്. മേജർ റിസർച്ച് പ്രോജക്ട് ഗുണഭോക്താക്കളുടെ എണ്ണം 2015–16ൽ 2900 ആയിരുന്നത് 2019–20ൽ 335 ആയി. 2015–16ൽ 107 കോടി രൂപ ചെലവിട്ടപ്പോള്‍ 2019–20ൽ നൽകിയത് 3.27 കോടി മാത്രമാണെന്നും വെബ്‍സെെറ്റിലുണ്ടായിരുന്നു. ഡോ. എസ് രാധാകൃഷ്ണൻ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ഇൻ ഹ്യുമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസസ്, എമിരറ്റസ് ഫെലോഷിപ്പ്, വനിത, പട്ടിക വിഭാഗങ്ങൾക്കുള്ള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് എന്നിവ 2018നു ശേഷം നിർത്തി. അധ്യാപകർക്കുള്ള ഗവേഷണ പുരസ്കാരം, യുജിസി മേഖലാ ഓഫീസ് വഴിയുള്ള മൈനർ റിസർച്ച് പ്രോജക്ട്, പ്രത്യേക സഹായപദ്ധതി എന്നിവയും നിർത്തി. എംആർപി പ്രകാരം ഗവേഷകർക്ക് ശാസ്ത്രപദ്ധതികളിൽ 20 ലക്ഷം വീതവും സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ 15 ലക്ഷം വീതവുമായിരുന്നു ഫെലോഷിപ്പ്. ഇന്ത്യൻ സമ്പദ്ഘടനയെക്കുറിച്ച് ഗവേഷണത്തിന് 2019ൽ യുജിസി 35 സ്ഥാപനങ്ങളെ തെരഞ്ഞെടുത്തെങ്കിലും പിന്നീട് നടപടിയുണ്ടായിട്ടില്ല.
ഈയവസരത്തിൽ 2020 ജൂലൈ 29ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ ഒളിയജണ്ടകളില്‍ ചിലത് പരിശോധിക്കാം. 2019 മേയ് 31ന് കസ്തൂരി രംഗൻ കമ്മിറ്റി സമർപ്പിച്ച കരടുരേഖയുടെ ചുവടുപിടിച്ചാണ് പാർലമെന്റ് ചർച്ച ചെയ്യാതെ നയരേഖയ്ക്ക് മന്ത്രിസഭ അംഗീകാരം നല്കിയത്. ഇന്ത്യൻ വിദ്യാഭ്യാസത്തെ വിപണിക്കു തീറെഴുതിക്കൊടുക്കുന്ന നവ ഉദാരീകരണ സമീപനമാണ് നയരേഖ മുന്നോട്ടുവയ്ക്കുന്നത്. 2017 ഫെബ്രുവരിയിൽ കൊണ്ടുവന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആക്ടോടെയാണ് മോഡി സർക്കാർ ഇത്തരം ശ്രമങ്ങൾക്ക് തുടക്കംകുറിച്ചത്. കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്ക് തുല്യാധികാരം നൽകി 1976ലെ നിയമ ഭേദഗതിയിലൂടെ കൺകറന്റ് ലിസ്റ്റിൽ വന്ന വിദ്യാഭ്യാസ സംവിധാനത്തെ അധികാര കേന്ദ്രീകരണത്തിന്റെ ഉപാധിയാക്കി മാറ്റിയിരിക്കുന്നു. യുജിസി, എഐസിടിഇ, നാക് തുടങ്ങിയവ ഒരൊറ്റ കുടക്കീഴിലാകുന്നു. അധികാര കേന്ദ്രീകരണമെന്ന ഫാസിസ്റ്റ് തത്വം വിദ്യാഭ്യാസ മേഖലയിലും പ്രാവർത്തികമാക്കുകയാണ് മോഡി സര്‍ക്കാര്‍.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദന വളർച്ചാനിരക്കിന്റെ ആറ് ശതമാനമെങ്കിലും വിദ്യാഭ്യാസത്തിന് നീക്കിവയ്ക്കണമെന്നാണ് 1968ലെ കോത്താരി കമ്മിഷൻ നിർദ്ദേശിച്ചത്. 1986ലെ ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവച്ചതും ഇതുതന്നെയാണ്. എന്നാല്‍ മോഡി സർക്കാർ ദേശീയ വരുമാനത്തിന്റെ 0.62 ശതമാനം മാത്രമാണ് ഒരു വർഷം വിദ്യാഭ്യാസത്തിന് നീക്കിവയ്ക്കുന്നത്. വിദ്യാഭ്യാസ ഗവേഷണരംഗത്തെ ധനവിനിയോഗത്തിൽ ആഗോളതലത്തില്‍ ഇന്ത്യ വളരെ പിന്നിലാണ്.
ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വയംഭരണ സ്ഥാപനങ്ങളെയും സ്വകാര്യ സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നയരേഖ വിദ്യാഭ്യാസത്തെ സർക്കാരിന്റെ ഉത്തരവാദിത്തത്തിലുള്ള പൊതുസമ്പ്രദായവും പൗരന്റെ അവകാശവുമായി കാണുന്നതിനു പകരം കമ്പോള ചരക്കാക്കി മാറ്റുകയാണ്. ഇതിലൂടെ സാമ്പത്തിക പിന്നാക്ക സമൂഹങ്ങൾക്കു പ്രാപ്യമല്ലാത്തവിധം രാജ്യത്തെ വിദ്യാഭ്യാസം വാണിജ്യവല്ക്കരിക്കപ്പെടും. വിദ്യാഭ്യാസരംഗത്തെ സ്വകാര്യവല്ക്കരണവും ഫീസ് വർധനയും നിയന്ത്രിക്കാനുള്ള ഒരു നിർദ്ദേശവും നയരേഖയിലില്ല. വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിലേക്കു വരാൻ നിർദ്ദേശമുണ്ടെങ്കിലും കോഴ്സുകൾ, ഫീസ് ഘടന എന്നിവയെക്കുറിച്ച് മൗനം പാലിക്കുന്നു. ഇങ്ങനെ വിദ്യാഭ്യാസം എന്ന അവകാശത്തെ വിപണിമൂല്യമുള്ള ചരക്കാക്കി മാറ്റുന്ന നയത്തിന്റെ ഭാഗമായി വേണം യുജിസിയുടെ പുതിയ നീക്കത്തെയും കാണാന്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.