1840കളിലായിരുന്നു അത്, പണിമുടക്കുകളും സമരങ്ങളും ആധിപത്യം പുലർത്തുകയും പ്രക്ഷോഭങ്ങള്‍ അടയാളപ്പെടുത്തുകയും ചെയ്തു. അവയിൽ ഏറ്റവും പ്രാധാന്യമുള്ളതും ക്രൂരമായി അടിച്ചമർത്തപ്പെട്ടതുമായ ഒന്ന്, നാല് ദിവസം മാത്രം നീണ്ടുനിന്ന ജൂൺ പ്രക്ഷോഭമാണ്. പാരിസിലെ ആ പ്രക്ഷോഭം ഏതാണ്ട് രണ്ട് നൂറ്റാണ്ടുകളാകാറായിട്ടും അനുരണനം ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. ബൂർഷ്വാസിയും തൊഴിലാളികളും തമ്മിലുള്ള സംഘർഷങ്ങൾ ഏറ്റവും രൂക്ഷമായിരുന്നു. 1848 ഫെബ്രുവരിയായപ്പോഴേക്കും മാറ്റങ്ങളുണ്ടായി. രണ്ട് ധാരകളായി വിഭജിക്കപ്പെട്ട പുതിയ സമൂഹം ഉയർന്നുവരാൻ തുടങ്ങി. ഒരാൾ തന്റെ അധ്വാനശക്തി മനുഷ്യാവശ്യങ്ങൾ നിറവേറ്റുന്ന ചരക്കുകൾ ഉല്പാദിപ്പിക്കാൻ ചെലവഴിച്ചു. മറ്റൊരാൾ അസംസ്കൃത വസ്തുക്കൾ, ഉല്പാദന മാർഗങ്ങൾ എന്നിവഉപയോഗിച്ച് ഉല്പാദനം നടത്തുന്ന ഉടമയായി. തറികള്‍, ഇന്ധനമോ കുതിരകളെയോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വലുതും ചെറുതുമായ പ്രാകൃത യന്ത്രങ്ങള്‍ എന്നിവയായിരുന്നു അന്ന്. ആവിശക്തി കണ്ടെത്തുകയും അതിന്റെ ഉപയോഗം വ്യത്യസ്ത യന്ത്രങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. കുറഞ്ഞ തുകയ്ക്ക് തൊഴിലാളി സൃഷ്ടിക്കുന്ന ഉല്പന്നങ്ങളെക്കാൾ നേട്ടം, കുറഞ്ഞവിലയ്ക്ക് പുതിയ തൊഴില്‍ശക്തി വാങ്ങുന്നതിലൂടെയുണ്ടായി. അസാധാരണമായ ദിവസങ്ങളായിരുന്നു അത്. കാർഷിക വ്യവസ്ഥയും ഫ്യൂഡൽ ഭരണവും ചേർന്ന ഉപരിഘടനയും തകർന്നുകൊണ്ടിരുന്നു. രാജാക്കന്മാർ ദൈവങ്ങളല്ലാതായി. എങ്കിലും സുവ്യക്തവും സ്ഥിരതയുള്ളതുമായ ഒരു ഘടകമുണ്ടായിരുന്നു, അത് സര്‍വവ്യാപിയുമായിരുന്നു. ഭക്ഷണത്തിന്റെ അഭാവവും വലിയവിഭാഗം ജനം അനുഭവിക്കുന്ന വിശപ്പിന്റെ ആധിപത്യവുമായിരുന്നു അത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ പ്രഖ്യാപിച്ച പുതിയ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം, 1789ലെ മഹത്തായ ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും പുനരുപയോഗിക്കുന്നതിൽ അവര്‍ തൃപ്തരായിരുന്നു. രാജകീയതയിലുള്ള വിശ്വാസവും അവർക്ക് നഷ്ടപ്പെട്ടിരുന്നു.
മറ്റൊരു പ്രധാനഘടകം ഫ്രാൻസിനു മുകളിൽ തങ്ങിനിന്ന പാപ്പരത്തമായിരുന്നു. സ്ഥിതിഗതികൾ അസ്ഥിരമാവുകയും പുതിയ ചിന്താഗതികളുള്ള സമൂഹത്തിന്റെ രൂപരേഖകൾ തെളിയുകയും ചെയ്തു. ജനാധിപത്യത്തിന്റെയും പ്രാതിനിധ്യ സർക്കാരിന്റെയും ആവശ്യകത വർധിച്ചുകൊണ്ടിരുന്നു. വ്യക്തിഗത അവകാശങ്ങളും സമത്വവും ഉൾക്കൊള്ളുന്ന ജനാധിപത്യ ആശയം രൂപപ്പെടുത്തുന്നതിൽ ഫ്രാൻസ് ഒറ്റയ്ക്കല്ലായിരുന്നു. മറ്റ് രാജ്യങ്ങളും മൂലധന ഭരണം തിരിച്ചറിഞ്ഞു. അപ്രതീക്ഷിതമല്ലെങ്കിലും ഫലങ്ങൾ അത്ഭുതകരമായിരുന്നു. മാർക്സും ഏംഗൽസും 1848ലെ ജൂൺദിന പ്രക്ഷോഭവും പുതിയ യന്ത്രങ്ങളും ചേര്‍ന്ന് ജനാധിപത്യ സംവിധാനമുള്ള വ്യാവസായിക യുഗത്തിന് തുടക്കമിട്ടു. 1830കളിലും 1840കളിലും, നഗരങ്ങളില്‍ തൊഴിലാളിവർഗത്തിന്റെ വികാസത്തോടൊപ്പം സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് ആശയങ്ങളും സംഘടനകളും പെരുകി. തൊഴിലാളിവർഗം വിമോചനം നേടണമെന്ന താല്പര്യമുള്ളവയായിരുന്നു ഈ ഗ്രൂപ്പുകള്‍. 1848ന്റെ തുടക്കത്തിൽത്തന്നെ, കാൾ മാർക്സും ഫ്രെഡറിക് ഏംഗൽസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പൂർത്തിയാക്കിയതിന് പിന്നാലെ യൂറോപ്പിൽ നിരവധി വിപ്ലവങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഇവ കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങളായിരുന്നില്ല, സ്വേച്ഛാധിപത്യങ്ങൾക്കെതിരെ ലിബറൽ പരിഷ്കാരങ്ങൾക്കായുള്ള വിപ്ലവങ്ങളായിരുന്നു. കൊളോണിലെ ജനാധിപത്യ പോരാട്ടത്തിൽ പങ്കെടുത്തുകൊണ്ട് മാർക്സും ഏംഗൽസും വിപ്ലവ പ്രസ്ഥാനത്തിലേക്ക് സ്വയം ചെന്നെത്തുകയായിരുന്നു.
1848 ജൂൺ ഒന്നിന്, മാർക്സിന്റെ പത്രാധിപത്യത്തില്‍ ‘ന്യൂറൈനിഷെ സെറ്റുങ്’ (ഓർഗൻ ഓഫ് ഡെമോക്രസി) എന്ന പേരില്‍ ഒരു പത്രം ആരംഭിച്ചു. അപ്പോള്‍ ഫ്രാൻസ് ഉയർന്ന തൊഴിലില്ലായ്മയോടെ സാമ്പത്തിക മാന്ദ്യത്തിന്റെ നടുവിലായിരുന്നു. ഫെബ്രുവരി വിപ്ലവത്തില്‍ ‘ജോലി ചെയ്യാനുള്ള അവകാശം’ ഉറപ്പാക്കണമെന്ന് തൊഴിലാളികൾ സർക്കാരിനോട് ആവശ്യപ്പെട്ടു, തൊഴിലാളിവർഗത്തിന്റെ ക്ഷേമം ഉറപ്പാക്കണമെന്നും. ഇത് മനസില്ലാമനസോടെ അംഗീകരിച്ചു. സർക്കാർ തൊഴിലില്ലാത്തവർക്കായി ദേശീയ വർക്ക്‌ഷോപ്പുകൾ തുടങ്ങി. ഇടയ്ക്കിടെ കുറഞ്ഞ വേതനമുള്ള ജോലികൾ വാഗ്ദാനം ചെയ്തു. നിസാരവും ഏകതാനവുമായ ആ തൊഴിലുകള്‍ പാരിസിലെ തൊഴിൽരഹിതരായ വിദഗ്ധ തൊഴിലാളികള്‍ക്ക് അപര്യാപ്തവുമായിരുന്നു. ജൂൺ 22ന്, ദേശീയ വർക്ക്‌ഷോപ്പുകൾ സർക്കാർ അവസാനിപ്പിച്ചു. തൊഴിലാളികളോട് സൈന്യത്തിൽ ചേരുകയോ ജോലിക്ക് വേണ്ടി നാടുവിടുകയോ ചെയ്യണമെന്ന് നിര്‍ദേശിച്ചു. അന്ന് വൈകുന്നേരം, തൊഴിലാളികൾ ബാരിക്കേഡുകൾ നിർമ്മിക്കാൻ തുടങ്ങി. ജൂൺദിന പ്രക്ഷോഭം ആരംഭിച്ചു. പ്രക്ഷോഭത്തെക്കുറിച്ചുള്ള വാർത്ത ലഭിച്ച നിമിഷം മുതൽ, മാർക്സും ഏംഗൽസും വിപ്ലവകാരികളെ പിന്തുണച്ചു. അവരുടെ നിലപാടിന്റെ ഫലമായി, ന്യൂറൈനിഷെ സെറ്റുങ്ങിന് അതിന്റെ ശേഷിച്ച ഓഹരി ഉടമകളെയും നഷ്ടപ്പെട്ടു. പ്രതിവിപ്ലവം ശക്തിപ്രാപിച്ചതോടെ പ്രസിദ്ധീകരണം അടച്ചുപൂട്ടി. മാർക്സ് അവസാന പതിപ്പ് പൂർണമായും ചുവന്ന മഷിയിൽ അച്ചടിച്ചു. ജൂൺ കലാപമാണ് ‘നമ്മുടെ പ്രബന്ധത്തിന്റെ സത്ത’ എന്ന് ഈ ചുവന്ന അക്ഷരങ്ങള്‍ പ്രഖ്യാപിച്ചു. ഫ്രാൻസ് ആസ്ഥാനമായുള്ള രണ്ട് പ്രവർത്തകരിൽ നിന്ന് പാരിസിൽ എന്താണ് സംഭവിക്കുന്നതെന്നവിവരം മാർക്സിനും ഏംഗൽസിനും ശേഖരിക്കാന്‍ കഴിഞ്ഞു. ഫ്രഞ്ച് നാഷണൽ അസംബ്ലിയിൽ സ്റ്റെനോഗ്രാഫറായി ജോലി ചെയ്തിരുന്ന സെബാസ്റ്റ്യൻ സെയ്‌ലർ, പരിക്കേറ്റ വിപ്ലവകാരികളെ ചികിത്സിച്ച ഡോക്ടർ ഹെർമൻ എവർബെക്ക് എന്നിവരായിരുന്നു ആ രണ്ടുപേര്‍.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മാർക്സും ഏംഗൽസും എഴുതി: ‘നമ്മുടെ സമൂഹത്തിലെ ഏറ്റവും താഴ്ന്ന വിഭാഗമായ തൊഴിലാളിവർഗത്തിന്, സമൂഹം മുഴുവന്‍ അധികാരപരിധിയിലേക്ക് ഉയർന്നുവരാതെ, സ്വയം ഉയരാന്‍ കഴിയില്ല.’ തൊഴിലാളിവർഗ വിപ്ലവം പഴയ സമൂഹത്തിൽ നിന്ന് പൂർണമായി വേർപിരിയേണ്ടിവരുമെന്ന് അവർ വിവരിച്ചു. എവർബെക്ക് പറഞ്ഞതുപോലെ, ഫെബ്രുവരി വിപ്ലവവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ നിശബ്ദമായിരുന്നു ജൂൺ ദിനങ്ങളുടെ അനുഭവം. ജൂണിലെ പോരാളികൾ 1789നെക്കുറിച്ചുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നില്ല. അതുകൊണ്ടാണ് ഫെബ്രുവരി വിപ്ലവത്തെ ‘നല്ല വിപ്ലവം’ എന്ന് മാർക്സ് വിശേഷിപ്പിച്ചത്. ഇതിനുവിപരീതമായി, ജൂണിലേത് വൃത്തികെട്ട വിപ്ലവമായിരുന്നു, കാരണം അത് വർഗവിഭജനങ്ങളെ ഭയാനകമായി ദൃശ്യമാക്കി. പുതിയ ഫ്രഞ്ച് സർക്കാർ തൊഴിലാളികളുമായി യുദ്ധത്തിനാെരുങ്ങി. സൈന്യത്തെ വിളിച്ചു. കലാപകാരികൾക്കെതിരെ പ്രയോഗിച്ച അക്രമത്തിന്റെ വ്യാപ്തി മാർക്സും ഏംഗൽസും ഊന്നിപ്പറഞ്ഞു. ഭയന്ന ഒരു ബൂർഷ്വാസി തങ്ങളുടെ അധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് അത് വെളിപ്പെടുത്തി. 1919ലെ തൊഴിലാളി പ്രക്ഷോഭത്തിന് പിന്നാലെ, വിപ്ലവകാരിയായ റോസ ലക്സംബർഗ് കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പ്രോട്ടോ-ഫാസിസ്റ്റ് ഫ്രീകോർപ്‌സിനെക്കുറിച്ച് തന്റെ അവസാന ലേഖനം എഴുതി. അവർ അതിന് ‘ഉത്തരവുകള്‍ വാഴുന്ന ബെർലിന്‍’ എന്ന് പേരിട്ടു. മറ്റ് അടിച്ചമർത്തൽ ഭരണകൂടങ്ങളെപ്പോലെ ഫ്രഞ്ച് സർക്കാരും ജനങ്ങളെ കശാപ്പ് ചെയ്തതിനെ അനുസ്മരിക്കുന്ന ജൂൺ ദിനങ്ങളെക്കുറിച്ചുള്ള മാർക്സിന്റെ ലേഖനം സംബന്ധിച്ച പരാമർശമായിരുന്നു അത്. ബൂർഷ്വാ സാമൂഹികക്രമം അടിസ്ഥാനപരമായി അക്രമത്തിലും കീഴ്പ്പെടുത്തലിലും അധിഷ്ഠിതമാണെന്ന് മാർക്സും പിന്നീട് ലക്സംബർഗും വാദിച്ചു. അതുകൊണ്ടാണ് അവർ അതിനെ ചെറുക്കാന്‍ തങ്ങളുടെ ജീവിതം സമർപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.