23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026

വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയാൽ ഇടപെടും: സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
July 29, 2025 10:50 pm

ബിഹാറിലെ വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തെ (എസ്‌ഐആർ) വിമർശിച്ച് സുപ്രീം കോടതി. വോട്ടര്‍മാരെ കൂട്ടമായി ഒഴിവാക്കിയാല്‍ ഇടപെടുമെന്നും മുന്നറിയിപ്പ് നൽകി. വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സിപിഐ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും സംഘടനകളും സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 12, 13 തീയതികളിൽ വിശദവാദം കേൾക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, ജോയ്‌മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. 

ഓഗസ്റ്റ് ഒന്നിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് തടയാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. എന്നാൽ, 65 ലക്ഷത്തോളം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന ആശങ്ക ഹർജിക്കാർ അറിയിച്ചതോടെ കരട് രേഖയിൽ പോരായ്മയുണ്ടെങ്കിൽ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി ഹർജിക്കാരോട് ആവശ്യപ്പെട്ടു. മരിച്ചെന്ന പേരിൽ ജീവിച്ചിരിക്കുന്ന ആരെയെങ്കിലും ഒഴിവാക്കിയോ എന്ന് ബോധ്യപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. വോട്ടര്‍മാര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കാനുള്ള രേഖകളുടെ കൂട്ടത്തില്‍ ആധാര്‍, റേഷന്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍കൂടി ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ഇത് സ്വീകാര്യമല്ലെന്നാണ് കമ്മിഷന്‍ നിലപാട്.

ബിഹാറിന് പിന്നാലെ കേരളം, ബംഗാള്‍ അടക്കം മുഴുവന്‍ സംസ്ഥാനങ്ങളിലും ‘വോട്ടര്‍ പട്ടിക ശുദ്ധീകരണം’ നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി കേരളത്തിനും ഏറെ നിര്‍ണായകമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.