22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
November 26, 2024
November 26, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 15, 2024
October 15, 2024
October 7, 2024

യുവ കര്‍ഷകന്റെ മരണത്തില്‍ വന്‍ പ്രതിഷേധം; ഇന്ത്യ ഒരുമിക്കുന്നു

റെജി കുര്യന്‍
ന്യൂഡല്‍ഹി/ തിരുവനന്തപുരം
February 22, 2024 10:50 pm

കര്‍ഷക പ്രതിഷേധത്തിനിടെ ഹരിയാന പൊലീസിന്റെ വെടിയേറ്റ് യുവ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം പടരുന്നു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ റബ്ബര്‍ ബുള്ളറ്റുപയോഗിച്ച് പൊലീസ് നടത്തിയ വെടിവയ്പിലാണ് 21കാരനായ ശുഭാകരണ്‍ സിങ് കൊല്ലപ്പെട്ടത്.
സമരത്തിനോടൊപ്പം കൂടുതല്‍ കര്‍ഷക സംഘടനകളും അണിചേരാന്‍ തീരുമാനമെടുത്തു. സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) യുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും. രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) 26 ന് ട്രാക്ടര്‍ റാലി പ്രഖ്യാപിച്ചു.
ചണ്ഡീഗഢില്‍ ചേര്‍ന്ന എസ്‌കെഎം നേതൃയോഗമാണ് കരിദിനാചരണം തീരുമാനിച്ചത്. 2020–21ലെ കര്‍ഷക കരിനിയമങ്ങള്‍ക്കെതിരെ സമരം നടത്തി കേന്ദ്ര സര്‍ക്കാരിനെ മുട്ടുകുത്തിച്ചത് എസ്‌കെഎമ്മിന്റെ നേതൃത്വത്തിലായിരുന്നു. 

നിലവിലെ സമരത്തില്‍ എസ്‌കെഎം പങ്കെടുത്തിരുന്നില്ല. യുവ കര്‍ഷകന്റെ കൊലപാതകത്തിന് പിന്നാലെ കരിദിനം ആചരിച്ച് എസ്‌കെഎമ്മും സമരത്തിന്റെ മുന്‍നിരയിലേക്ക് കടക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ആഭ്യന്തരമന്ത്രി അനില്‍ വിജ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ കോലം കത്തിക്കുമെന്നും എസ്‌കെഎം അറിയിച്ചു. ഖട്ടറിനും അനില്‍ വിജിനുമെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നും എസ്‌കെഎം ആവശ്യപ്പെട്ടു. മാര്‍ച്ച് 14ന് ഡല്‍ഹിയില്‍ മഹാപഞ്ചായത്ത് നടത്താനും എസ്‌കെഎം നാഷ‌ണല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനമെടുത്തു. പഞ്ചാബ്, ഹരിയാന, യുപി, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള എസ്‌കെഎം നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

നിലവില്‍ സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതര വിഭാഗം), കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നിവരുടെ നേതൃത്വത്തിലാണ് ദില്ലി ചലോ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. സമരത്തിന് പിന്തുണയുമായി ബികെയു നേതൃത്വത്തില്‍ 26ന് ദേശീയ പാതകളില്‍ ട്രാക്ടര്‍ മാര്‍ച്ചുകള്‍ സംഘടിപ്പിക്കും. ഐക്യദാര്‍ഢ്യ പ്രഖ്യാപനമായി ഉത്തര്‍ പ്രദേശിലെ മീററ്റില്‍ ബികെയു ട്രാക്ടര്‍ റാലി സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഓഫിസിന് മുന്നില്‍ ധര്‍ണയും സംഘടിപ്പിച്ചു. രാജ്യമാകെ കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നതായും സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്ന പക്ഷം ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും കര്‍ഷക നേതാക്കളായ രാകേഷ് ടിക്കായത്തും നരേഷ് ടിക്കായത്തും പറഞ്ഞു.

കർഷക സമരം ഒത്തുതീര്‍പ്പാക്കണം‌

രാജ്യതലസ്ഥാനത്ത് കർഷകർ നടത്തുന്ന സമരത്തോട് ക്രൂരമായി പെരുമാറുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാടിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം പ്രതിഷേധം രേഖപ്പെടുത്തി. കർഷകർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കുന്നതിനു പകരം രാജ്യദ്രോഹികളോട് കാട്ടുന്നതുപോലെ കർഷകരെ ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല. ഒരു യുവകർഷകൻ ഈ അതിക്രമത്തിന്റെ ഭാഗമായി കൊലചെയ്യപ്പെട്ടത് അങ്ങേയറ്റം പ്രതിഷേധാർഹവും വേദനാജനകവുമാണ്. മോഡിയുടെ ഗ്യാരന്റി കർഷകർക്കല്ല കോർപറേറ്റുകൾക്കാണെന്ന് തിരിച്ചറിഞ്ഞ് കർഷകർ നടത്തുന്ന സമരത്തിന് രാജ്യത്തിന്റെ പിന്തുണയും പിൻബലവുമുണ്ടാകണം. സംയുക്ത സമരസമിതി ഇന്ന് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ ദിനാചരണത്തിൽ എല്ലാ പാർട്ടി ഘടകങ്ങളും പങ്കെടുക്കണമെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അഭ്യർത്ഥിച്ചു.

Eng­lish Summary:Massive protest over death of young farmer; India unites

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.