22 December 2024, Sunday
KSFE Galaxy Chits Banner 2

ജയ് കിസാന്‍ ജയ് ജനാധിപത്യം

രമേശ് ബാബു
December 2, 2021 7:03 am

ഉത്തമമായ ലക്ഷ്യബോധത്തോടെ, ഐക്യത്തോടെ നടത്തുന്ന ഒരു ജനകീയ പോരാട്ടത്തെയും പരാജയപ്പെടുത്താന്‍ ഒരു ശക്തിക്കും കഴിയില്ലെന്നതിന് തെളിവായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യസമരം. സഹനവും പരിത്യാഗവും മുഖമുദ്രയായ ഇത്തരം പ്രക്ഷോഭങ്ങള്‍ ആത്യന്തിക വിജയം കൈവരിച്ച കഥകളാണ് ലോക ചരിത്രത്തിലെമ്പാടും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. മഹാമാരിക്കിടയിലെ കൊടുംചൂടും കഠിനമായ തണുപ്പും മലിനവായുവും ശ്വസിച്ച് ഒരു വര്‍ഷത്തിലേറെ ഭാരതത്തിലെ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭം ഒടുവില്‍ ലക്ഷ്യം കണ്ടെത്തിയിരിക്കുകയാണ്. കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നും കാര്‍ഷികോല്പന്നങ്ങള്‍ പരിധിയില്ലാതെ രാജ്യത്ത് എവിടെയും കൊണ്ടുപോയി വില്‍ക്കാമെന്നുമൊക്കെ പറഞ്ഞ് ഭരണകൂടം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കിയ മൂന്ന് ഓര്‍ഡിനന്‍സുകള്‍ വിഷമുള്ളുകളാണെന്ന് തിരിച്ചറിയാന്‍ കര്‍ഷകര്‍ക്ക് അവരുടെ അനുഭവപാഠങ്ങള്‍ തന്നെ ധാരാളമായിരുന്നു. കാരണം ഇന്ത്യയില്‍ ബിജെപി നേതൃത്വം കൊടുക്കുന്ന സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നകാലം മുതല്‍ കോര്‍പറേറ്റ് പ്രീണനവും പൊതുമുതല്‍ വിറ്റുതുലയ്ക്കലും അവരുടെ പ്രഖ്യാപിത നയങ്ങളാക്കിയിരുന്നു. 2020 ജൂണ്‍ അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമം ഓര്‍ഡിനന്‍സുകള്‍ കാര്‍ഷികോല്പന്നങ്ങളുടെ താങ്ങുവില ഇല്ലാതാക്കുകയും ചെറുകിട കര്‍ഷകരെ വിപണിയില്‍ നിന്ന് അകറ്റുകയും ചെയ്യുമെന്ന തിരിച്ചറിവിലാണ് അഞ്ഞൂറിലേറെ കര്‍ഷക സംഘടനകളുടെ സംയുക്ത സമിതി സമരരംഗത്തേക്ക് പ്രവേശിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ സമരമുഹൂര്‍ത്തമായിരുന്നു ഒരു വര്‍ഷത്തിലേറെ തുടര്‍ന്ന കര്‍ഷക പ്രക്ഷോഭം. ഒരു നൂറ്റാണ്ടിന് മുമ്പ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടതും ബിഹാറിലെ ചമ്പാരനിലെ കര്‍ഷക ഭൂമിയില്‍ നിന്നായിരുന്നു.


ഇതുകൂടി വായിക്കാം; കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിന്റെ നാള്‍വഴികളിലൂടെ…


ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ സ്വന്തം കൃഷിഭൂമി പോലും നഷ്ടമായ ചമ്പാരനിലെ കര്‍ഷകര്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മനുഷ്യന്റെ നേതൃത്വത്തില്‍ സത്യഗ്രഹത്തില്‍ പ്രവേശിച്ചപ്പോള്‍ അതിന്റെ അലയൊലികള്‍ രാജ്യത്തൊട്ടാകെ വീശിയടിക്കുകയായിരുന്നു. ആ അഗ്നി പടര്‍ന്നുപിടിച്ചതിന്റെ പരിസമാപ്തിയില്‍ ബ്രിട്ടീഷുകാര്‍ക്ക് 1947 ല്‍ ഇന്ത്യ വിടേണ്ടിവന്നു. ചമ്പാരനിലെ കര്‍ഷകര്‍ പൊരുതിയത് വൈദേശിക ശക്തികളോടായിരുന്നുവെങ്കില്‍ 2020 ല്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് സമരം ചെയ്യേണ്ടിവന്നത് ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട, ഭൂരിപക്ഷം എന്നത് എന്തും കാട്ടാനുള്ള അധികാരമാണെന്ന് ധരിച്ചുവശായ ഒരു ഭരണകൂടത്തോടായിരുന്നു. രണ്ടു സമരങ്ങളിലും കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഭരണവര്‍ഗത്തിന് മുട്ടുമടക്കേണ്ടിവന്നു. ചമ്പാരന്‍ സമരം ചൂഷണം, അടിമത്തം എന്നിവയ്ക്കെതിരെയും സ്വയം നിര്‍ണയാവകാശത്തിനു വേണ്ടി ആയിരുന്നെങ്കില്‍ 2020 ല്‍ ഒന്നര വര്‍ഷക്കാലത്തോളം നീണ്ട ദേശീയ കര്‍ഷക സമരം കോര്‍പറേറ്റു വല്ക്കരണത്തിനെതിരെയും ജനാധിപത്യ മൂല്യങ്ങള്‍ക്കു വേണ്ടിയുമുള്ളതായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നാടകീയ പ്രഖ്യാപനം സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ വിധിനിര്‍ണായകമായ വഴിത്തിരിവിനെയാണ് ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മുട്ടുമടക്കലിനെയും പിന്‍വാങ്ങലിനെയും മഹാമനസ്കതയായും രാഷ്ട്ര തന്ത്രജ്ഞതയായും സ്തുതിപാഠകര്‍ വ്യാഖ്യാനിക്കുമ്പോള്‍ മറിച്ച് തന്ത്രപരമായ ഒരു പിന്മാറ്റം മാത്രമാണെന്ന് കര്‍ഷക നേതാക്കളും തിരിച്ചറിയുന്നുണ്ട്. ഇന്ത്യയിലെ കര്‍ഷക സമരം ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ പ്രതിഛായക്ക് മങ്ങലേല്പിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഉപതെരഞ്ഞെടുപ്പുകളില്‍ ഏറ്റ തിരിച്ചടികളും കോടതികള്‍ ആവര്‍ത്തിച്ചു നടത്തുന്ന അതിരൂക്ഷ വിമര്‍ശനങ്ങളും വര്‍ഗീയ വിഭജന അജണ്ടകള്‍ കൊണ്ടുമാത്രം നേരിടാനാകില്ലെന്ന് ചുമരെഴുത്തുകളില്‍ നിന്ന് ഭരണകൂടം വായിച്ചെടുത്തിരിക്കണം. കാര്‍ഷിക നിയമത്തിന് പുറമെ സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമം, ഭൂമി ഏറ്റെടുക്കല്‍ ഉത്തരവ്, നോട്ട് നിരോധനം, പെഗാസസ് തുടങ്ങിയവയെല്ലാംതന്നെ വികലമായ നയസമീപനങ്ങളാണെന്ന് കാലം തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. അമിതമായ ഇന്ധന നികുതി വരുത്തിവച്ച വിലക്കയറ്റം, തൊഴിലില്ലായ്മയുടെ ഭീതിദമായ അവസ്ഥ, സാമ്പത്തിക മുരടിപ്പ് തുടങ്ങിയ കാര്യങ്ങളിലൊന്നും തന്നെ സര്‍ക്കാരിന് പ്രായോഗികമായ ഒരു നടപടിയും കൈക്കൊള്ളാനായിട്ടില്ല. പോരെങ്കില്‍ രാജ്യത്തെ ഒരാളും പട്ടിണിമൂലം മരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീംകോടതി താക്കീതും കൊടുത്തിരിക്കുകയാണ്.


ഇതുകൂടി വായിക്കാം;കര്‍ഷക സമരം ഒരു രാഷ്ട്രീയ ശക്തിയാകും


കാര്‍ഷിക വൃത്തിയില്‍ അധിഷ്ഠിതമായ സാമ്പത്തിക അടിത്തറയുള്ള ഒരു രാജ്യത്ത് കോര്‍പറേറ്റ് സ്പോണ്‍സേഡ് ഭരണം നടത്താമെന്നതും വര്‍ഗീയ വിഭജനവും വിദ്വേഷം പടര്‍ത്തലും അധികാരത്തുടര്‍ച്ചയ്ക്ക് മൂലധനമാക്കാമെന്നുള്ളതും വ്യാമോഹം മാത്രമായിരിക്കും എന്നും കര്‍ഷക സമരവിജയം തെളിയിക്കുന്നു. 2022 ആരംഭത്തില്‍ ഉത്തര്‍പ്രദേശും പഞ്ചാബുമടക്കം സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ നില ഭദ്രമായിരിക്കില്ലെന്ന ആശങ്കകളാണ് കാര്‍ഷിക നിയമം പിന്‍വലിക്കാനുള്ള പ്രധാന സമ്മര്‍ദ്ദം. അഞ്ഞൂറില്‍പ്പരം കര്‍ഷക സംഘടനകള്‍ ഒത്തുചേര്‍ന്നാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തിയതെന്ന് പറയുമ്പോള്‍ ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ വലിയ സംസ്ഥാനങ്ങളിലെ ഭൂ ഉടമകളും മണ്ടികള്‍ നടത്തുന്ന ഗ്രാമത്തലവന്മാരും സെമിന്ദാര്‍മാരും ചെറുകിട ഭൂമിയുള്ള കൃഷിക്കാരും അവരുടെ ഭൂമിയില്‍ പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികളും എല്ലാം ഉള്‍പ്പെടും. ഇവരുടെ എല്ലാം പങ്കാളിത്തമാണ് സമരത്തെ ഒന്നര വര്‍ഷത്തോളം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പിടിച്ചുനിര്‍ത്തിയത്. ഈ കൂട്ടായ്മയുടെ സ്വാധീനം കാര്‍ഷിക രാഷ്ട്രമായ ഇന്ത്യയില്‍ നിര്‍ണായകമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഭരണകൂടത്തിന്റെ തന്ത്രപൂര്‍വമായ പിന്മാറ്റം. ഇതിനിടയിൽ അവസരം മുതലാക്കാൻ തീവ്രവാദ സംഘടനകളും ഇടപെടലിന് ശ്രമിച്ചു എന്നതും കാണാതിരുന്നു കൂടാ. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ വലിയ പരിഷ്കാരങ്ങള്‍ എന്നപേരില്‍ ഓരോ നയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഭരണകൂടത്തിന് ജനങ്ങളെ അത് ബോധ്യപ്പെടുത്താന്‍ കഴിയണം, പ്രതിപക്ഷത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിയണം. കാര്‍ഷിക നിയമത്തിന്റെ ഗുണഭോക്താക്കള്‍ എന്ന് സര്‍ക്കാര്‍ പറയുന്ന കര്‍ഷകരെപ്പോലും വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത ഈ നിയമങ്ങള്‍ പിന്നെ ആര്‍ക്കുവേണ്ടിയാണ് ‍ കെട്ടിയിറക്കിയത്? വേണ്ടത്ര ചര്‍ച്ച നടത്താതെയും പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റികളെ നോക്കുകുത്തികളാക്കിക്കൊണ്ടുമല്ല, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ ഭരണകൂടം തീരുമാനങ്ങൾ എടുക്കേണ്ടത്. വന്‍ ദുരന്തമായി മാറിയ നോട്ടുനിരോധനം, ചരക്ക് സേവന നികുതിയുടെ വികലമായ നടത്തിപ്പും തിരിച്ചടികളും ഒന്നും ഭരണത്തുടര്‍ച്ചയുടെ ഏഴര വര്‍ഷം പിന്നിടുന്ന മോഡി സര്‍ക്കാരിന് മനസിലാകുന്നില്ല. ഭരണകൂടങ്ങള്‍ നിഷേധാത്മക നിലപാടുകള്‍ ആവര്‍ത്തിക്കുമ്പോള്‍ പൗരസമൂഹത്തിന് നഷ്ടപ്പെടുന്നത് ജീവനും ജീവിതവും സമയവുമാണ്. കര്‍ഷക സമരത്തില്‍ പൊലിഞ്ഞത് ഏഴുന്നൂറിലേറെ ജീവനാണ്. ഈ ബലിക്ക് ആര് ഉത്തരം പറയും?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.