21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 24, 2024
September 24, 2024
September 15, 2024
September 15, 2024
September 14, 2024
September 14, 2024
September 14, 2024
September 13, 2024
September 12, 2024

ക്രിസ്മസ് പപ്പാഞ്ഞിക്ക് പകരം മാവേലിയും കരോൾ ഗാനങ്ങൾക്ക് പകരം ഓണപ്പാട്ടുകളും

Janayugom Webdesk
കൊച്ചി
September 6, 2024 4:11 pm

ഓണാഘോഷത്തിന് പുതുമ പകരാൻ ഓണക്കരോൾ. ക്രിസ്മസ് കരോളുകള്‍ നമുക്ക് ഏറെ പരിചിതമാണ്. എന്നാല്‍ ഓണക്കരോളെന്ന് കേട്ടിട്ടുണ്ടോ? അധികമാരും കേൾക്കാൻ സാധ്യതയില്ല. കാരണം ഇത് വളയൻചിറങ്ങര എന്ന കൊച്ചുഗ്രാമത്തിൻ്റെ മാത്രം ആഘോഷമാണ്.
ക്രിസ്മസ് പപ്പാഞ്ഞിക്ക് പകരം മാവേലിയും കരോൾ ഗാനങ്ങൾക്ക് പകരം ഓണപ്പാട്ടുകളുമായി അവരങ്ങനെ വീടുകൾ കയറി ഇറങ്ങും. കഴിഞ്ഞ 40 വര്‍ഷമായി തുടർന്നു പോരുന്ന ഓണക്കരോൾ എറണാകുളം ജില്ലയിലെ വളയൻചിറങ്ങരക്കാർക്ക് എന്നുമൊരു ആവേശമാണ്. 

1985ലാണ് വളയൻചിറങ്ങരയിൽ ഓണക്കരോൾ ആരംഭിച്ചതെന്ന് പഴമക്കാർ പറയുന്നു. കുട്ടികൾ മുതൽ വയോജനങ്ങൾ വരെ കരോളിന്റെ ഭാഗമായി ഓണപ്പാട്ടുകൾ പാടി മാവേലിക്കൊപ്പം വീടുകളിലെത്തുന്നു. തങ്ങളുടെ വീടുകളിലേക്കെത്തുന്ന മാവേലിയെ ഭക്തിയോടെയാണ് വീട്ടുകാരെല്ലാം സ്വീകരിക്കുന്നത്. ഇക്കുറി വ്യത്യസ്ഥമായ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ഓണക്കരോൾ നടത്തുന്നത്.

പുലികളി,ശിങ്കാരിമേളം, അമ്മൻ കുടം,തിറ,കഥകളി വേഷങ്ങൾ, കുടകളി, മാവേലിമാർ, കൈകൊട്ടിക്കളി തുടങ്ങിയവയാണ് ഇത്തവണത്തെ ഓണക്കരോളിന്റെ പ്രത്യേകത. വനിതകളും മാവേലിമാരായി എത്തുമെന്നതാണ് മറ്റൊരു കൗതുകം. അത്തം മുതൽ ഉത്രാട ഘോഷയാത്ര വരെയുള്ള സന്ധ്യകൾ നാടിന് കരോളിന്റെ ലഹരിയാണ്. 

ഉത്രാടം വരെ സംഘം പാട്ടും ആരവങ്ങളുമായി നാട്ടിലെ വീടുകളെല്ലാം കയറിയിറങ്ങും. ദിവസവും വീട്ടുകാരുടെ ആതിഥ്യം സ്വീകരിച്ച് അത്താഴവും കഴിച്ചാണ് സംഘം മടങ്ങുക. ഓരോദിവസവും വ്യത്യസ്ത വ്യക്തികളായിരിക്കും മാവേലിയായി വേഷം കെട്ടുന്നത്. ജില്ലയിലെ അക്ഷര ഗ്രാമം എന്നറിയപ്പെടുന്ന വളയൻചിറങ്ങരയ്ക്ക് ഇന്ന് മുതൽ കരോളിന്റെ തിരക്കും ആവേശവുമാണ്. 

വളയന്‍ചിറങ്ങരയിലെ സാംസ്കാരിക കൂട്ടയ്മയാണ് ഓണക്കരോളിന് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്തെ ഏറ്റവും മികച്ച ലൈബ്രറിയായ വി.എൻ. കേശവപിള്ള സ്മാരക വായനശാലയും നാട്ടിലെ കലാകാരന്മാരുടെ ആസ്ഥാന കേന്ദ്രമായ സുവർണ തീയേറ്റേഴ്‌സും കായികപ്രേമികളുടെ സംഘമായ ഒളിമ്പിക് സ്‌പോർട്സ് ക്ലബ്ബും ചേർന്നാണ് കരോൾ സംഘടിപ്പിക്കുന്നത്.

നാടു മുഴുവൻ മഹാബലിക്കൊപ്പം ഓരോ വീട്ടിലും കയറി ഓണപ്പാട്ടു പാടി ആശംസകൾ അർപ്പിക്കും. വൈകിട്ട് 6.30ന് ആരംഭിക്കുന്ന കരോൾ രാത്രി 10 മണി വരെ തുടരും. ഏകദേശം ആയിരം വീട്ടുകൾ മാവേലിയും കരോൾ സംഘവും സന്ദർശിക്കും. 

ആദ്യ കാലത്ത് പരിചമുട്ടുകളി പോലുള്ള വിവിധ കലാരൂപങ്ങളും കരോളിന്റെ ഭാഗമായിരുന്നു. പിന്നീട് സമയക്കുറവു മൂലം കലാപ്രകടനങ്ങൾ ഒഴിവാക്കിയിരുന്നു. എന്നാൽ ഇക്കുറി ഗംഭീരമാക്കാനാണ് പദ്ധതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.