23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
November 14, 2024
November 14, 2024
November 12, 2024
November 6, 2024
October 18, 2024
October 12, 2024
October 10, 2024
October 6, 2024
October 6, 2024

പുകയില ഉപയോഗവും ശ്വാസകോശവും; ലോക പുകയില വിരുദ്ധ ദിനം മെയ് 31ന്

Dr. Aswathy Thazhakottuvalappil
Consultant Pulmonologist SUT Hospital, Pattom
May 30, 2022 3:28 pm

മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആഘോഷിക്കുന്നു. ‘പരിസ്ഥിതിയെ സംരക്ഷിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. പുകയില മനുഷ്യരാശിയെയും നമ്മുടെ ഭൂമിയെയും കൊല്ലുന്നു. പുകയില കൃഷി, ഉല്‍പ്പാദനം, ഉപയോഗം എന്നിവ നമ്മുടെ ജലം, മണ്ണ്, നഗരം തുടങ്ങിയവയെ രാസമാലിന്യങ്ങള്‍ കൊണ്ട് വിഷലിപ്തമാക്കുന്നു. നമ്മുടെ ശ്വാസകോശത്തിന് പരിസ്ഥിതിയുമായി അടുത്ത ബന്ധമുണ്ട്. വര്‍ദ്ധിച്ചുവരുന്ന പരിസ്ഥിതി മലിനീകരണം നമ്മുടെ ശ്വാസകോശാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. നമ്മുടെ ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ പൂര്‍ണ്ണമായും ഒഴിവാക്കാവുന്ന ഒരു മലിനീകരണ വസ്തുവാണ് പുകയില. ലോകമെമ്പാടും പ്രതിവര്‍ഷം 5 ദശലക്ഷം സിഗരറ്റുകള്‍ ഉപേക്ഷിക്കപ്പെടുന്നു, ഇത് ഭൂമിയില്‍ ഏറ്റവും കൂടുതല്‍ മാലിന്യമായി മാറുന്നു. WHO‑യുടെ കണക്കു പ്രകാരം ഒരു വര്‍ഷം 80ലക്ഷം മരണമാണ് പുകയില കാരണം സംഭവിക്കുന്നത്.

പുകവലി പലതരത്തിലുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്നു. പുകവലിയുമായി ബന്ധപ്പെട്ട ശ്വാസകോശ രോഗം സാരമായ ലക്ഷണങ്ങല്‍ കാണിക്കുന്നു, ചില സന്ദര്‍ഭങ്ങളില്‍ ശ്വാസകോശം മാറ്റിവയ്ക്കല്‍ പോലും ആവശ്യമായി വന്നേക്കാം. മുകളില്‍ പ്രതിപാദിച്ച രോഗങ്ങള്‍ ഇവയാണ്:-

1. ശ്വാസകോശാര്‍ബുദം, തൊണ്ടയിലെ അര്‍ബുദം
2. സി.ഒ.പി.ഡി
3. ഇന്റര്‍സ്റ്റീഷ്യല്‍ ലംഗ് ഡിസീസ്
4. ആസ്ത്മ
5. പുകയിലയുടെ പുകയോടുള്ള അലര്‍ജി

വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, പൊതുവായ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നീ ലക്ഷണങ്ങളുള്ള ശ്വാസനാള രോഗമാണ് COPD, ഇത് പ്രതിരോധിക്കാനും ചികിത്സിക്കാനും സാധിക്കും.

ശ്വാസകോശ അര്‍ബുദം — ശ്വാസകോശ അര്‍ബുദത്തിന്റെ പ്രധാന കാരണം പുകവലിയാണ്. മിക്കവാറും ശ്വാസകോശ അര്‍ബുദം ഒരു വികസിത ഘട്ടത്തിലാണ് കണ്ടെത്തുന്നത്, ഈ സാഹചര്യത്തില്‍ ചികിത്സക്ക് ഫലം കാണില്ല, അതിനാല്‍ കാന്‍സര്‍ നേരത്തേ കണ്ടുപിടിക്കുന്നതിനായി പുകവലി ശീലമുള്ളവര്‍ ശ്വാസകോശം പരിശോധിന നടത്തണം. ആരൊക്കെയാണ് സ്‌ക്രീനിംഗിന് വിധേയരാകേണ്ടത്?

1. 20 പായ്ക്ക് വര്‍ഷങ്ങളില്‍ കൂടുതല്‍ (പായ്ക്ക് വര്‍ഷങ്ങള്‍ എന്നത് പുകവലിയുടെ വര്‍ഷങ്ങളുടെ എണ്ണം x സിഗരറ്റ് പാക്കറ്റുകളുടെ എണ്ണം/ദിവസം).
2. നിലവിലെ പുകവലിക്കാരോ 15 വര്‍ഷത്തിനുള്ളില്‍ പുകവലി ഉപേക്ഷിച്ചവരോ.
3. 50–80 വയസ്സിനിടയില്‍ പ്രായമുള്ളവര്‍.

ചുമ, കഫം, കഫത്തില്‍ രക്തം, ഭാരക്കുറവ്, വിശപ്പില്ലായ്മ എന്നിവയാണ് ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍. മിക്കപ്പോഴും, രോഗം അവസാന ഘട്ടത്തിലേക്ക് പോകുന്നതുവരെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടില്ല. തൊണ്ടയിലെ കാന്‍സര്‍ / ശ്വാസനാളത്തിലെ കാന്‍സര്‍ എന്നിവയും പുകവലി മൂലം ഉണ്ടാകാറുണ്ട്.

ഇന്റര്‍സ്റ്റീഷ്യല്‍ ലംഗ് ഡിസീസ്

ശ്വാസകോശത്തിന് സ്ഥിരമായ തകരാറുണ്ടാക്കുന്ന അപൂര്‍വ്വ രോഗമാണിത്. ചുമ, ക്രമേണ വര്‍ദ്ധിക്കുന്ന ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍, നേരത്തെ തന്നെ രോഗനിര്‍ണ്ണയം നടത്തിയില്ലെങ്കിലോ ഉചിതമായ ചികിത്സ നല്‍കിയില്ലെങ്കിലോ ശ്വാസകോശ സംബന്ധമായ തകരാറുകള്‍ തീവ്രമാവുകയും ഓക്‌സിജന്റെ ആവശ്യം അനിവാര്യമാവുകയും ചെയ്യും. ഈ അവസ്ഥയില്‍ രോഗിക്ക് ശ്വാസകോശം മാറ്റിവെക്കല്‍ ആവശ്യമായി വന്നേക്കാം.

ആസ്ത്മ / അലര്‍ജി

പുകവലി ആസ്ത്മയുടെ ലക്ഷണങ്ങളും മൂക്കിന്റെയും തൊണ്ടയുടെയും അലര്‍ജിയും വര്‍ദ്ധിപ്പിക്കുന്നു.

പുകവലി കാരണം ഉണ്ടാകുന്ന മറ്റു ബുദ്ധിമുട്ടുകള്‍

· ഹൃദയം — ഹൃദയാഘാതം, ഹൃദയസ്തംഭനം (Heart failure).
· ന്യൂറോളജിക്കല്‍ — സ്‌ട്രോക്ക്, തലച്ചോറിലെ രക്തസ്രാവം.
· PVOD — കാലുകളുടെ വാസ്‌കുലര്‍ രോഗം.
· പെരുമാറ്റ പ്രശ്‌നം — ഉറക്കമില്ലായ്മ.

സ്ത്രീകളിലെ പുകവലി

പുകവലിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭിണിയാകാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്, കൂടാതെ ഗര്‍ഭച്ഛിദ്രത്തിനുള്ള സാദ്ധ്യത കൂടുതലാണ്. പുകവലി കുഞ്ഞിന് ചില ജനന വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. കുഞ്ഞുങ്ങളിലെ ഭാരക്കുറവും മാസം തികയാതെയുള്ള പ്രസവവുമാണ് മറ്റ് പ്രശ്‌നങ്ങള്‍.

സെക്കന്‍ഡ് ഹാന്‍ഡ് പുകവലി

സിഗരറ്റ്, ചുരുട്ട്, ഹുക്ക, പൈപ്പുകള്‍ തുടങ്ങിയ പുകയില ഉല്‍പന്നങ്ങള്‍ കത്തിച്ചാല്‍ ഉണ്ടാകുന്ന പുകയാണ് സെക്കന്‍ഡ് ഹാന്‍ഡ് പുക. പുകവലിക്കാരന്‍ പുറന്തള്ളുന്ന പുകയാണിത്. പുകയില ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പുകയില്‍ നിന്ന് അര്‍ബുദം ഉണ്ടാക്കുന്ന 7000‑ത്തിലധികം രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. ചെറിയ സമയം പോലും സെക്കന്‍ഡ് ഹാന്‍ഡ് പുക ശ്വസിക്കുന്നത് എല്ലാ പ്രായക്കാര്‍ക്കും ദോഷകരമാണ്. സമ്പര്‍ക്കം വീട്ടിലോ ജോലിസ്ഥലത്തോ പൊതു സ്ഥലങ്ങളിലോ ആകാം. ഒരു ചെറിയ സമയത്തേക്ക് പോലും പുകവലിക്കുന്ന ഏതൊരു വ്യക്തിക്കും ശ്വാസകോശ രോഗങ്ങള്‍, അലര്‍ജികള്‍, ശ്വാസകോശ അര്‍ബുദം, ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, ആവര്‍ത്തിച്ചുള്ള ശ്വാസകോശ അണുബാധകള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കുട്ടികളില്‍ അതിന്റെ ഫലങ്ങള്‍ അതിതീവ്രമാണ്. വളരുന്നതിനനുസരിച്ച്, സെക്കന്‍ഡ് ഹാന്‍ഡ് പുകയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അവര്‍ ഇരയാകുന്നു. സെക്കന്‍ഡ് ഹാന്‍ഡ് പുക കാരണം അപ്രതീക്ഷിത മരണം (പെട്ടെന്നുള്ള ശിശു മരണം അല്ലെങ്കില്‍ കുട്ടികളിലെ മരണം) സംഭവിക്കാം.

പുകവലി ഉപേക്ഷിക്കൂ..

നമ്മുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് പുകവലി ഉപേക്ഷിക്കുക എന്നത്. പുകയിലയില്‍ കാണപ്പെടുന്ന നിക്കോട്ടിന്‍ എന്ന രാസവസ്തുവാണ് പുകയിലയോട് ആസക്തിയുണ്ടാകാന്‍ കാരണം. ഫാര്‍മക്കോ തെറാപ്പി — നിക്കോട്ടിന്‍ തെറാപ്പി (Phar­ma­co ther­a­py — nico­tine replace­ment), വരേനിക്ലൈന്‍ (Vareni­cline) / ബ്യൂപ്രെനോര്‍ഫിന്‍ (Buprenor­phine), പൊതുവായ മറ്റു നടപടികള്‍ എന്നിവയിലൂടെ പുകവലി നിര്‍ത്താന്‍ സാധിക്കും.

പുകവലി സ്വയം ഉപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

1. ഉപേക്ഷിക്കാന്‍ തീരുമാനമെടുക്കുക.
2. ഏതു രീതിയില്‍ ഉപേക്ഷിക്കണമെന്ന് തീരുമാനിക്കുക — സിഗററ്റിന്റെ എണ്ണം കുറയ്ക്കുക.
3. ഡോക്ടറോട് സംസാരിക്കുക (നിക്കോട്ടിന്‍ തെറാപ്പി, മരുന്നുകള്‍).
4. ആരോഗ്യപരമായ ജവിതശൈലി രൂപീകരിക്കുക (ഭക്ഷണം, വ്യായാമം).
5. മാനസിക പിന്തുണ ആവശ്യപ്പെടുക.

പുകവലി ഉപേക്ഷിക്കാന്‍ എങ്ങനെ നമുക്ക് മറ്റുള്ളവരെ സഹായിക്കാം

1. നിങ്ങളുടെ കമ്മ്യൂണിറ്റിയിലെ പുകവലിക്കാരെ തിരിച്ചറിയുക.
2. അവരെ പുകവലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുക.
3. ഉപേക്ഷിക്കാനുള്ള അവരുടെ സന്നദ്ധത നിര്‍ണ്ണയിക്കുക.
4. ഉപേക്ഷിക്കാന്‍ അവരെ സഹായിക്കുക.
5. അവരുടെ പുകവലി ശീലങ്ങള്‍ പിന്തുടരുക.

പുകവലി ഉപേക്ഷിക്കുന്നതിന്റെ ഗുണങ്ങള്‍

1. പൊതു ആരോഗ്യം മെച്ചപ്പെടുത്തുകയും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
2. കാന്‍സര്‍ സാദ്ധ്യത കുറയ്ക്കുന്നു.
3. ശ്വാസകോശ രോഗത്തിനുള്ള സാദ്ധ്യത കുറയ്ക്കുന്നു.
4. ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുന്നു.
5. പ്രത്യുല്‍പാദന ആരോഗ്യം മെച്ചപ്പെടുത്തുന്നു.
6. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നു.
7. സാമ്പത്തിക ഭാരം കുറയ്ക്കുന്നു.
8. പ്രകൃതി സംരക്ഷിക്കപ്പെടുന്നു.

പുകവലി ഉപേക്ഷിക്കുന്നതാണ് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും പുകവലിയുടെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. ഈ പുകയില വിരുദ്ധ ദിനത്തില്‍ നമുക്ക് എല്ലാവര്‍ക്കും പുകയില ഉപേക്ഷിച്ച് പരിസ്ഥിതി സംരക്ഷണം എന്ന മുദ്രാവാക്യം നടപ്പിലാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.