23 September 2024, Monday
KSFE Galaxy Chits Banner 2

അഞ്ചാംപനി ആഗോളഭീഷണി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

Janayugom Webdesk
ജെനീവ
December 8, 2022 11:27 pm

കുട്ടികള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന അ‍ഞ്ചാംപനി ആസന്നമായ ആഗോള ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അഞ്ചാംപനി ബാധിച്ച ഒരാളില്‍ നിന്ന് 18 പേര്‍ക്ക് വരെ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ചാംപനി വ്യാപനം രൂക്ഷമായിരിക്കുകയാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും ഗുരുതരം. കഴിഞ്ഞ രണ്ടുമാസത്തിനിടെ 18 പേര്‍ ഇവിടെ രോഗബാധിതരായി മരിച്ചു. നിലവില്‍ 800 ഓളം പേര്‍ ചികിത്സയില്‍ തുടരുകയാണ്. കേരളം, ഹരിയാന, ഝാര്‍ഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിലും അഞ്ചാംപനി ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.

രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം രോഗപ്രതിരോധത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. രോഗബാധിതരെ കര്‍ശനമായി നിരീക്ഷിക്കണമെന്നും വ്യാപനം ചെറുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
അഞ്ചാംപനി പ്രധാനമായും ബാധിക്കുന്നത് കുട്ടികളെയാണ്. വളരെ ചുരുക്കം കേസുകളില്‍ കൗമാരക്കാരിലും രോഗബാധയുണ്ടാകുന്നുണ്ട്. മീസല്‍സ്, റുബല്ല അഥവാ എംആര്‍ വാക്‌സിന്‍ നല്‍കുന്നതിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയും. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് സാധാരണ എംആര്‍ വാക്‌സിന്‍ നല്‍കുന്നത്. കുട്ടിയുടെ ഒമ്പതാം മാസത്തില്‍ ആദ്യ ഡോസ് എംആര്‍ വാക്‌സിനും പതിനാറാം മാസത്തില്‍ രണ്ടാം ഡോസും നല്‍കണം. എന്തെങ്കിലും കാരണത്താല്‍ ഏതെങ്കിലും ഒരു ഡോസ് എടുക്കാത്ത കുട്ടികള്‍ക്ക് അഞ്ച് വയസുവരെ വാക്‌സിന്‍ എടുക്കാവുന്നതാണ്. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഈ വാക്‌സിന്‍ സൗജന്യമായി ലഭിക്കും. 

പനി, പനിയോടൊപ്പം ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. മൂന്നുനാലു ദിവസം കഴിയുമ്പോള്‍ ദേഹമാസകലം ചുവന്ന തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടും. കൂടാതെ വയറിളക്കം, ഛര്‍ദ്ദി, ശക്തമായ വയറുവേദന ഇവയുണ്ടാകും. അസുഖമുള്ള ഒരാളുടെ ക­ണ്ണില്‍ നിന്നുള്ള സ്രവത്തില്‍ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങള്‍ വഴിയോ രോഗപ്പകര്‍ച്ചയുണ്ടാകാം. ന്യൂമോണിയ, ചെവിയില്‍ പഴുപ്പ് ‚വയറിളക്കത്തെ തുടര്‍ന്നുണ്ടാകുന്ന നിര്‍ജലീകരണം എന്നിവയാണ് രോഗത്തെ തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണതകള്‍. സംസ്ഥനത്ത് നിരീക്ഷണം ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചിരുന്നു. 

Eng­lish Sum­ma­ry: Measles is a glob­al threat, WHO warns

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.