10 January 2025, Friday
KSFE Galaxy Chits Banner 2

പ്രതീക്ഷകളുടെ മാധ്യമനാളുകൾ

എം കെ നാരായണമൂർത്തി
August 26, 2023 4:30 am

ടുവിൽ നിവൃത്തിയില്ലാതെ ഇന്ത്യയിലെ പ്രധാനപ്പെട്ട മാധ്യമ സംഘടനകൾ കേന്ദ്ര സർക്കാരിന്റെ മാധ്യമവേട്ടയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നു. പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ, ഇന്ത്യൻ വിമൻ പ്രസ് കോപ്സ്, ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ്, പ്രസ് അസോസിയേഷൻ, വർക്കിങ് ന്യൂസ് കാമറാമാൻ അസോസിയേഷൻ തുടങ്ങിയ സംഘടനകളാണ് കേന്ദ്ര ഇലക്ട്രാേണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ തെറ്റായ നടപടികൾക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കശ്മീർ വാല, ഗാവോൻ സവേര എന്നീ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ നടപടികൾ തുടങ്ങുകയും അവയുടെ പ്രവർത്തനം തടസപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഈ സംഘടനകളെല്ലാം കേന്ദ്രത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്.
2011ൽ പ്രവർത്തനം തുടങ്ങിയ കശ്മീർവാല വിവിധ സാമൂഹ്യ പ്രശ്നങ്ങളെ പൊതുജനമധ്യത്തിൽ കൊണ്ടു വന്ന ഒരു ന്യൂസ് പോർട്ടലാണ്. കശ്മീർ ഭരണകൂടത്തിന്റെ നെറികേടുകള്‍ പലതും അവർ പുറത്തു കൊണ്ടുവന്നു. സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ഭരണഘടനാ വിരുദ്ധ പ്രവൃത്തികളെ അവർ നിരന്തരം ചോദ്യം ചെയ്തതോടെ കശ്മീർ വാലയുടെ ഫൗണ്ടർ എഡിറ്റർ ഫഹദ്ഷായെ ഭരണകൂടം ജയിലിലടച്ചു. ഒരു ഗവേഷണ വിദ്യാർത്ഥിയായ ഫൈസലി കശ്മീർവാലയിൽ എഴുതിയ ലേഖനത്തിനാണ് ഫഹദ്ഷായെയും ലേഖകനെയും യുഎപിഎ ചുമത്തി ഒരു വർഷത്തോളമായി ജയിലിലടച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 19 മുതൽ കശ്മീർവാലയുടെ വെബ്സൈറ്റും ഫേസ്ബുക്ക് അക്കൗണ്ടും എക്സ് (പഴയ ട്വിറ്റർ) അക്കൗണ്ടും ബ്ലോക്ക് ചെയ്തിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ജീവനക്കാരുടെ വീടുകളിൽ റെയ്ഡിനും ഭീഷണികൾക്കും പുറമേ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നും ഒഴിയാനുള്ള നോട്ടീസും കെട്ടിട ഉടമയെക്കൊണ്ട് നൽകിച്ചിരിക്കുകയാണ് കേന്ദ്രം.


ഇതുകൂടി വായിക്കൂ:  യുഎസ് ഭരണകൂടത്തിന്റെ ക്യൂബന്‍ വിദ്വേഷം


യുവപത്രപ്രവർത്തകനായ മാൻദീപ് പുനിയ എഡിറ്ററായ ഗാവോൻ സവേരയെന്ന മാധ്യമ സ്ഥാപനം ഗ്രാമീണമേഖലയിലെ കൃഷിയും കർഷകരും കർഷകത്തൊഴിലാളികളും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സൂക്ഷ്മതലത്തിൽ റിപ്പോർട്ട് ചെയ്യുന്ന സ്ഥാപനമാണ്. പഞ്ചാബിലും ഹരിയാനയിലും നടക്കുന്ന കർഷകസമരങ്ങളെ കുറിച്ച് വിശദമായി റിപ്പോർട്ട് ചെയ്തതാണ് പെട്ടെന്ന് ഈ സ്ഥാപനത്തെയും പൂട്ടിക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചത്. മുഖ്യധാരാ മാധ്യമങ്ങൾ യാതൊരു പ്രാധാന്യവും നൽകാത്ത ഗ്രാമീണ മേഖല ആശ്രയിക്കുന്നത് ഗാവോൻ സവേരയെയാണ്. ഏതു നിമിഷവും അറസ്റ്റു പ്രതീക്ഷിക്കുകയാണ് താനെന്നാണ് മാൻദീപ് പുനിയ മാധ്യമങ്ങളോട് പറഞ്ഞത്. കേന്ദ്ര സർക്കാരിന്റെ ഈ മാധ്യമവിരുദ്ധ സ്വഭാവത്തിന് ആരും ഇരയാകാമെന്നതാണ് ഇന്നത്തെ ഇന്ത്യൻ അവസ്ഥ.
2024 പാർലമെന്റ് തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അലോസരമുണ്ടാക്കുന്ന വാർത്തകൾ ജനങ്ങളിലേക്ക് എത്തരുതെന്ന് കേന്ദ്ര സർക്കാരിനും സംഘ്പരിവാർ ബുദ്ധികേന്ദ്രങ്ങൾക്കും നിർബന്ധമുണ്ട്. രാജ്യമൊട്ടാകെയുള്ള ചെറുതും വലുതുമായ മാധ്യമങ്ങളെ വരുതിയിലാക്കാനോ വിലയ്ക്കെടുക്കാനോ ഉള്ള പ്രവർത്തനങ്ങൾ സംഘ്പരിവാർ നമ്മുടെ കേരളത്തിൽ പോലും തുടങ്ങിക്കഴിഞ്ഞു. ഹിന്ദി ഹൃദയമേഖലയിൽ തങ്ങളുടെ സ്വാധീനത്തിന് കോട്ടം തട്ടുന്ന വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങളിൽ വരാതിരിക്കാനുള്ള മുൻകരുതലുകളാണ് ബിജെപി ക്യാമ്പ് തുടങ്ങിയിട്ടുള്ളത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും പ്രതിരോധം തീർക്കാൻ ശ്രമിക്കുമെന്നായപ്പോൾ ബിജെപി ക്യാമ്പ് കൂടുതൽ ആക്രമണോത്സുകതയോടെ മാധ്യമങ്ങളെ വേട്ടയാടാൻ ആരംഭിച്ചിരിക്കുകയാണ്. അച്ചടിമാധ്യമങ്ങളെക്കാൾ സമൂഹമാധ്യമങ്ങളാണ് ഇപ്പോൾ ജനമനസുകളെ നേരിട്ട് സ്വാധീനിക്കുന്നതെന്ന് മനസിലാക്കിയാണ് ബിജെപി ക്യാമ്പ് പ്രവർത്തിക്കുന്നത്.


ഇതുകൂടി വായിക്കൂ: വീണ്ടും ന്യൂനപക്ഷ വേട്ട


എൻഡിടിവിയെ അഡാനിയെക്കൊണ്ട് ഏറ്റെടുപ്പിച്ച് മോഡിക്ക് വിടുപണി ചെയ്യാനുള്ള ഉപകരണമാക്കിയതില്‍ പ്രതിഷേധിച്ച് 26 വർഷങ്ങളായി അവിടെ പ്രവർത്തിച്ചിരുന്ന രവീഷ്‌കുമാർ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകര്‍ പടിയിറങ്ങിയപ്പോഴും മാധ്യമ ലോകം മിണ്ടാതിരിക്കുകയായിരുന്നു. അംബാനി ഇന്ത്യയിലെ ന്യൂസ് 18 അടക്കമുള്ള എഴുപതോളം മാധ്യമ സ്ഥാപനങ്ങളെ വിഴുങ്ങി മാധ്യമ ലോകത്തെ മലീമസമാക്കിയപ്പോഴും മാധ്യമ ലോകം മൗനം പാലിച്ചു. പക്ഷേ ഇപ്പോൾ സ്ഥിതി അല്പം മാറിയെന്നത് ശുഭോദർക്കമാണ്. മാധ്യമ മുതലാളിമാരുടെ ഭീഷണി തലയ്ക്ക് മുകളിലുള്ളപ്പോൾ തന്നെ സ്വന്തം തൊഴിലിന്റെ മഹത്വം തിരിച്ചറിഞ്ഞ മാധ്യമ പ്രവർത്തകർ വ്യവസ്ഥാപിത മാർഗങ്ങളിലൂടെയല്ലാതെ തന്നെ ബിജെപിയെയും സംഘ്പരിവാർ രാഷ്ട്രീയത്തെയും പ്രതിരോധിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ പ്രതിരോധമാണ് കർണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്പിക്കാൻ കോൺഗ്രസിന് തുണയായത്. 92ഓളം സംഘടനകളുടെ ഒരു കൂട്ടായ്മയിൽ കർണാടക മുഴുവൻ ബിജെപി വിരുദ്ധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത് കർണാടകയിലെ പ്രമുഖ മാധ്യമപ്രവർത്തകരായിരുന്നു.
ചന്ദ്രയാൻ ദൗത്യം ബിജെപിയുടെയും മോഡിയുടെയും വിജയമായി ആഘോഷിക്കാൻ അവർക്ക് കഴിയാതെ പോയത് മാധ്യമലോകത്തുണ്ടായിരിക്കുന്ന പുത്തൻ തിരിച്ചറിവിന്റെ ഭാഗമാണ്. കാര്യമായി ശ്രമിച്ചു നോക്കിയെങ്കിലും സംഘ്പരിവാറിന് ചന്ദ്രയാൻ ദൗത്യത്തെ ഹിന്ദുത്വ മൂശയിലേക്ക് തട്ടിയെടുക്കാന്‍ കഴിഞ്ഞില്ല. അർണാബ് ഗോസ്വാമിയും സംഘവും പോലും അനങ്ങിയില്ല. സമൂഹമാധ്യമങ്ങളിൽ ഭൂരിഭാഗവും ഇതിനെ ശാസ്ത്രത്തിന്റെ നേട്ടമായി തന്നെ അവതരിപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ കോടികളാണ് ബിജെപി ചെലവിടുന്നത്. പക്ഷേ എല്ലാക്കാലത്തും കമ്പോളശാസ്ത്രം തുണയാകുമെന്ന അവരുടെ വിശ്വാസത്തിന് നല്ലൊരു വിഭാഗം മാധ്യമങ്ങളും ഇരയായില്ല. ശാസ്ത്രത്തെ വിശ്വാസം കൊണ്ട് നേരിടാമെന്ന ധാരണയും പൊളിഞ്ഞു.


ഇതുകൂടി വായിക്കൂ: മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനവും യുഎസ് മാധ്യമങ്ങളും


മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ബംഗ്ലാദേശിനും താഴെ നിൽക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചു വരവ് ആവശ്യമാണ്. ഈ ആവശ്യം മാധ്യമപ്രവർത്തകർ മനസിലാക്കിയതുകൊണ്ടാണ് മണിപ്പൂരിലെ വംശഹത്യകളുടെ ക്രൂരകഥകൾ പുറംലോകമറിഞ്ഞത്. പ്രധാനമന്ത്രി ഇക്കാര്യത്തിൽ മൗനം അവലംബിച്ചതും മാധ്യമങ്ങളെ ഭയന്നു തന്നെയാണ്. എത്ര മൂടിവയ്ക്കാൻ ശ്രമിച്ചിട്ടും മണിപ്പൂരിന്റെ ദുഃഖം ലോകമറിഞ്ഞു. സ്ത്രീകളുടെ മാനത്തിന് വില പറയുന്ന സംഘ്പരിവാറിന്റെയും കൂട്ടരുടെയും ചെയ്തികൾ ലോകമറിഞ്ഞത് മാധ്യമവിജയമാണ്. അല്ലെങ്കിൽ ഗുജറാത്ത് കലാപകാലത്തേതു പോലെ മണിപ്പൂരും മുങ്ങിയേനെ. എന്തായാലും മാധ്യമ ലോകത്ത് നിന്നുള്ള പുതിയ പ്രതിഷേധങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന് കരുത്ത് പകരുക തന്നെ ചെയ്യും. അഡാനി-അംബാനിമാർ നിർമ്മിച്ചു വിടുന്ന വികല വാർത്തകളെയും അസത്യ പ്രചരണത്തെയും ചെറുക്കാൻ ഇന്ത്യയിലെ ചെറുതുംവലുതുമായ സമൂഹമാധ്യമങ്ങൾക്ക് സാധിക്കുമെന്നതു കൊണ്ടാണല്ലോ അവയെ അടിച്ചമർത്താൻ മോഡിയും സംഘവും ശ്രമിക്കുന്നത്. ഈ ചെറുത്തുനില്പിനെ കേവലമായി കാണേണ്ടതില്ല. സൂക്ഷ്മതലത്തിൽ നിന്നുകൊണ്ടുള്ള റിപ്പോർട്ടുകൾ വരുംനാളുകളിലും നമുക്ക് പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.