30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 8, 2025
March 8, 2025
March 8, 2025
July 8, 2024
March 10, 2024
March 8, 2024
March 7, 2024
March 9, 2023
March 8, 2023
March 8, 2023

വിധിയെന്ന് വിലപിക്കാതെ മീര പറക്കുകയാണ്…

ഷാജി ഇടപ്പള്ളി
കൊച്ചി
March 8, 2023 9:58 am

വിധിയെന്ന് വിലപിച്ചിരിക്കാതെ അതിനോട് പൊരുതി വിജയം നേടിയ പെൺകുട്ടിയാണ് മീര യു മേനോൻ. പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനസുണ്ടെങ്കിൽ ഏതു വിഘ്നങ്ങളെയും മറികടക്കാനാവുമെന്ന് ജീവിതം കൊണ്ട് തെളിയിച്ചവൾ. ഇന്നവൾ പറക്കുകയാണ്. അവളുടെ സ്വപ്നങ്ങൾക്ക് ചിറകു കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു. പറക്കാൻ അനുവദിച്ചാൽ മാത്രം മതിയായിരുന്നു. കാരണം അവൾക്കു ജനിച്ചപ്പോഴേ മുതുകിൽ ഒരു കുഞ്ഞു ചിറകുണ്ടായിരുന്നത്രെ. സ്പൈന ബിഫിഡ എന്ന രോഗാവസ്ഥയോടു കൂടിയാണ് ജനനം. നട്ടെല്ലിന്റെ അപൂർണ വളർച്ച കൊണ്ട് മുതുകിൽ ഒരു മുഴയോടു കൂടി ജനിച്ചത് കാരണം മൂന്നാം മാസം തന്നെ ഒരു ശസ്ത്രക്രിയക്ക് വിധേയയാകേണ്ടി വന്നു. പിന്നീട് മൂന്നാം വയസ് മുതൽ അച്ഛനമ്മമാരുടെ തീവ്ര പരിശ്രമങ്ങൾക്ക് അവൾ കൂട്ടായി നിന്നു. മീരക്ക് നടക്കാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ആറു വയസ്സിനു ശേഷം ഉയർന്ന ഷൂവും സഹായ ഉപകരണങ്ങളോടും കൂടി നടക്കാൻ തുടങ്ങിയപ്പോഴും അവളുടെ മുഖത്ത് പുഞ്ചിരി മാത്രം. പിടിച്ചു നടത്തുമ്പോൾ അവൾക്ക് ഓടാനാണ് പ്രിയം. 

ബാല്യകാലം ആശുപത്രിയിലും വീട്ടിലും ചികിത്സയിലും ഒക്കെയായി കടന്നുപോയി. അവൾക്കപ്പോഴും ഒരുപാട് സ്വപ്നങ്ങളാണ് ഉണ്ടായിരുന്നത്. അങ്ങിനെ ഏഴാമത്തെ വയസ്സിൽ നൃത്തം പഠിച്ചുതുടങ്ങി. രണ്ടു കസേരയുടെ നടുവിൽ പിടിച്ചുനിന്നും കാലുകളിൽ ഉറച്ചുനിന്നും ഭരതനാട്യത്തിന്റെ മുദ്രകൾ പഠിച്ചു.
സഹായ ഉപകരണങ്ങളണിഞ്ഞ പാദങ്ങൾ അങ്ങിനെ ചിലങ്കയണിഞ്ഞു. ഗുരുവായൂർ ക്ഷേത്ര നടയിൽ നൃത്തം അരങ്ങേറിയപ്പോൾ കണ്ടു നിന്നവരുടെയെല്ലാം കണ്ണുകൾ ഈറനണിഞ്ഞു. പഠനത്തോടൊപ്പം പഠ്യേതര വിഷയങ്ങളിലും മിടുക്കിയായിരുന്നു മീര. പ്രസംഗവും കവിത ചൊല്ലലും പ്രബന്ധാവതരണവും സംവാദവും ഇഷ്ടപ്പെട്ടവയായിരുന്നു. അധ്യാപകർക്കെല്ലാം പ്രിയപ്പെട്ടവളുമായി. പതിമൂന്നാമത്തെ വയസിൽ വീണ്ടും ആശുപത്രിവാസം. കസ്തൂർബാ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് വിധേയയായി. കിടക്കയിൽ നിന്ന് അനങ്ങാൻ പറ്റാത്തതിനാൽ അവൾ പുതിയ സൗഹൃദങ്ങൾ തേടി. പുസ്തകങ്ങൾ. അവളെ വായനയുടെ മാസ്മരിക ലോകം സ്വപ്നം കാണാൻ പഠിപ്പിച്ചു. അവൾ അവിടെ നിന്ന് മുറിഞ്ഞു പോയ ചിറകകുകൾ ഒട്ടിച്ചെടുത്തു പറക്കാൻ തുടങ്ങി. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. മനസ്സിലുള്ളതെല്ലാം കവിതയിലൂടെ എഴുതി. 2008 ൽ ‘ഒരു ഹൃദയത്തിന്റെ യാത്ര’ എന്ന കവിത സമാഹാരം പുറത്തിറങ്ങി. 

യുനെസ്കോയുടെ യങ് അചീവേഴ്സ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും മീരയെ തേടിയെത്തി. മണിപ്പാലിൽ ജേർണലിസം പഠിക്കാൻ ചേർന്നപ്പോൾ സ്വന്തമായി ഒരു സ്കൂട്ടർ വാങ്ങി. പിന്നീട് ബിരുദാനന്തര ബിരുദത്തിനു ഫസ്റ്റ് റാങ്കും ഗോൾഡ് മെഡലും വാങ്ങിയപ്പോഴും അവൾക്കു സ്വപ്നങ്ങൾ ബാക്കിയായിരുന്നു. വിവാഹവും ഇഷ്ടത്തിനൊത്ത് തന്നെ നടന്നു. സ്കൂൾ തലം മുതൽ പ്രണയിച്ചവനെ സ്വന്തമാക്കണമെന്ന സ്വപ്നം കൂടി 2015 മേയ് 10 ന് സഫലമായപ്പോൾ പിന്നെ മോഹം പിഎച്ച്ഡി എടുക്കണമെന്നായി. അതിനിടയിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിട്ടും ഡോക്ടറേറ്റ് എന്ന പരിശ്രമം ഉപേക്ഷിച്ചില്ല. മലയാള സിനിമയിൽ അംഗ പരിമിതരായ സ്ത്രീകളുടെ സാന്നിധ്യം എന്നതായിരുന്നു വിഷയം. അനുഭവങ്ങൾ ഒരു പാഠപുസ്തകമായി മുന്നിലുള്ളപ്പോൾ മീരക്ക് ആ വിഷയവും അനായാസം കൈകാര്യം ചെയ്യാനായി. ഇന്നവൾ ഡോക്ടർ മീര യു മേനോൻ ആണ്. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ശ്രീമൂലം വീട്ടിൽ അമ്മ ജയശ്രീയും അച്ഛൻ ഉണ്ണികൃഷ്ണനും സഹോദരൻ ശ്രീകാന്തും മീരയെ ചേർത്ത് നിർത്തിയാണ് പറക്കാൻ പഠിപ്പിച്ചത്. കൂടെ പറക്കാൻ പങ്കാളിയായി കമൽ എത്തിയപ്പോൾ അവളുടെ ചിറകുകൾക്ക് ശക്തി ഇരട്ടിയായി. മകൾ വൃഷ്ടിയുടെ സ്വപ്നങ്ങൾക്കും അവർ ചിറകുകൾ നൽകുകയാണ്. . കാക്കനാട് ഇൻഫോപാർക്കിൽ ഡൈനാമെഡ് ഹെൽത്ത് കെയർ സൊല്യൂഷൻസ് എന്ന സ്ഥാപനത്തിൽ കണ്ടന്റ് റൈറ്ററായി ജോലി ചെയ്യുകയാണിപ്പോള്‍. 

Eng­lish Summary;Meera is fly­ing with­out lament­ing the fate…
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.