19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

March 6, 2024
October 13, 2023
July 1, 2023
May 26, 2023
February 13, 2023
September 30, 2022
September 1, 2022
June 17, 2022
March 31, 2022
March 18, 2022

മെട്രോ കുതിപ്പില്‍; എസ് എൻ ജംഗ്ഷൻ പാത നാടിന് സമർപ്പിച്ചു

രണ്ടാം ഘട്ടം ശിലാസ്ഥാപനവും പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു
Janayugom Webdesk
കൊച്ചി
September 1, 2022 10:23 pm

കൊച്ചി മെട്രോയുടെ പേട്ട‑എസ്എൻ ജംഗ്ഷൻ പാത നാടിന് സമർപ്പിച്ചു. സമയ ലാഭം, ഗതാഗതക്കുരുക്ക് ഒഴിവാക്കൽ എന്നിവയ്ക്കൊക്കൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് വാട്ടർ മെട്രോയടക്കമുള്ള ഏകീകൃത ഗതാഗത സംവിധാനങ്ങൾ വഴിയൊരുക്കുമെന്ന് സമര്‍പ്പണം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. റയിൽവേ വികസന പദ്ധതികൾ സംസ്ഥാനത്തിനുള്ള ഓണസമ്മാനമാണെന്നും മോഡി പറഞ്ഞു.

ജെഎൻഎൽ സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള മെട്രോ രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു. റയിൽവേയുടെ കുറുപ്പന്തറ‑കോട്ടയം-ചിങ്ങവനം ഇരട്ടപാത ഉദ്ഘാടനം കൊല്ലം-പുനലൂർ സിംഗിൾ ലൈൻ വൈദ്യുതീകരണ ഉദ്ഘാടനം, സ്പെഷ്യൽ ട്രെയിൻ ഫ്ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ ജോലികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. നഗരവികസനത്തിനും ഗതാഗത വികസനത്തിനും ദിശാബോധം നൽകുന്ന പദ്ധതികളാണ് തുടക്കം കുറിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 25 വർഷക്കാലം മഹത്തായ വികസന ലക്ഷ്യമാണ് മുന്നോട്ടുവയ്ക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. കേരള ശൈലിയിൽ കസവ് വസ്ത്രങ്ങൾ ധരിച്ചാണ് പ്രധാനമന്ത്രി എത്തിയത്.

കേരളത്തിലെ ഗതാഗത വികസന പദ്ധതികളിൽ കേന്ദ്ര സഹായം വേണമെന്ന് ചടങ്ങിൽ സ്വാഗതം ആശംസിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സംസ്ഥാനം സമർപ്പിച്ച പദ്ധതികളിൽ കാലതാമസമില്ലാതെ തീരുമാനമെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എംപി എന്നിവരും പങ്കെടുത്തു.

എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽ 445 കോടിയുടെ വികസനം

എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽ 445 കോടി രൂപയുടെയും ടൗൺ സ്റ്റേഷനിൽ 226 കോടി രൂപയുടെയും പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇരു സ്റ്റേഷനുകളിലെയും കെട്ടിടങ്ങൾ പൂർണമായും പൊളിച്ച് മാറ്റി ആധുനിക രീതിയിൽ പുതുക്കി നിർമ്മിക്കാനാണ് റയിൽവേയുടെ തീരുമാനം. ജംഗ്ഷൻ സ്റ്റേഷനിൽ അഞ്ച് നിലകളിലും ടൗൺ സ്റ്റേഷനിൽ നാല് നിലകളിലുമുള്ള ഓഫീസ് കെട്ടിടങ്ങളാണ് നിർമ്മിക്കുന്നത്. പ്ലാറ്റ്ഫോമുകളിൽ മഴയും വെയിലുമേൽക്കാത്ത രീതിയിൽ പൂർണമായും മൂടുന്ന തരത്തിലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളാണ് ഒരുക്കും.
കാർ പാർക്കിങ് സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി പല നിലകളിലുള്ള പാർക്കിങ് കോംപ്ലക്സുകൾ രണ്ട് സ്റ്റേഷനിലും നിർമ്മിക്കുന്നുണ്ട്. ജംഗ്ഷൻ സ്റ്റേഷനിൽ നിലവിലുള്ള ഫുട് ഓവർ ബ്രിഡ്ജിന് പകരം അത്യാധുനിക മാതൃകയിലുള്ള രണ്ട് എയർ കോൺകോഴ്സുകൾ നിർമ്മിക്കും. 25 മീറ്റർ വീതിയിൽ നിർമിക്കുന്ന കോൺകോഴ്സുകളിൽ യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളുണ്ടാകും.

ടൗൺ സ്റ്റേഷനിൽ 226 കോടിയുടെ പദ്ധതികള്‍

ടൗൺ സ്റ്റേഷനിൽ 36 മീറ്റർ വീതിയിലുള്ള എയർ കോൺകോഴ്സും 12 മീറ്റർ വീതിയിൽ ഫുട് ഓവർ ബ്രിഡ്ജുമാണ് നിർമ്മിക്കുന്നത്. ജംഗ്ഷൻ സ്റ്റേഷനെ കൊച്ചി മെട്രോയുടെ എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക് ബന്ധിപ്പിക്കുന്ന 95 മീറ്റർ നീളമുള്ള ആകാശപാതയും റയിൽവേ വിഭാവനം ചെയ്തിട്ടുണ്ട്. പാരമ്പര്യ ഊർജ സ്ത്രോതസുകളെ പരമാവധി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ സോളാർ വൈദ്യുതിക്ക് വേണ്ടിയുള്ള സംവിധാനങ്ങൾ ഒരുക്കും.
ജല ദൗർലഭ്യം പരിഹരിക്കുന്നതിനായി മഴവെള്ള സംഭരണികളും ജല ശുദ്ധീകരണ പ്ലാന്റുകളും നിർമിക്കുന്നുണ്ട്. ഗതാഗതം സുഗമമാക്കുന്നതിനായി റോഡുകളുടെ വീതി കൂട്ടും. ഭിന്നശേഷി സൗഹൃദമായിട്ടായിരിക്കും പുനർനിർമാണം. ഇതിനോടൊപ്പം നവീകരിക്കുന്ന കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലും സമാന സൗകര്യങ്ങൾ ഒരുക്കും.

Eng­lish Summary:Metro on the rise; The SN junc­tion road was hand­ed over to the nation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.