23 December 2024, Monday
KSFE Galaxy Chits Banner 2

ജീവനക്കാരെ വെട്ടിക്കുറച്ച് മൈക്രോസോഫ്റ്റ്; ഐടി രംഗത്തും മാന്ദ്യം

നിയമനങ്ങള്‍ വൈകിപ്പിച്ച് ഗൂഗിള്‍ അടക്കമുള്ള വന്‍കിട കമ്പനികള്‍ 
Janayugom Webdesk
July 13, 2022 8:59 pm

സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ വന്‍കിട കമ്പനികള്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത് തുടരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി കുറച്ച് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി മൈക്രോസോഫ്റ്റ് ഇന്നലെ അറിയിച്ചു. 1,80,000 ജീവനക്കാരില്‍ ഒരു ശതമാനത്തില്‍ താഴെയാളുകളെ മാത്രമേ ഇത് ബാധിക്കൂവെന്ന് കമ്പനിയുടെ ഇമെയിലില്‍ പറയുന്നു. എല്ലാ കമ്പനികളേയും പോലെ ഞങ്ങളും കുറച്ചുപേരെ പിരിച്ചുവിടുകയാണ്. മുന്‍ഗണനാക്രമത്തില്‍ ദൈനംദിന കാര്യങ്ങള്‍ അവലോകനം ചെയ്തതിന് ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനാണ് ഈ നടപടിയെന്നും സന്ദേശത്തില്‍ പറയുന്നു. 

കോവിഡ് മഹാമാരിക്ക് പിന്നാലെ ഉക്രെയിനില്‍ റഷ്യ നടത്തിയ പ്രത്യേക സൈനീക നടപടി ആഗോള തലത്തിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയെന്ന പഠനങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് വന്‍കിട കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുന്നത്. ഇന്ത്യയിലടക്കം വിവിധ രാജ്യങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളും വ്യാപകമായി പിരിച്ചുവിടല്‍ തുടരുകയാണ്. ഗൂഗിള്‍ ജീവനക്കാരുടെ നിയമനത്തില്‍ കുറവുവരുത്താന്‍ ആലോചിക്കുന്നതായി ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചെ അറിയിച്ചു. 2022, 23 വര്‍ഷങ്ങളില്‍ സാങ്കേതിക, എന്‍ജിനീയറിങ് തുടങ്ങിയ നിര്‍ണായക മേഖലകളിലേക്കുള്ള നിയമനങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് സുന്ദര്‍ പിച്ചെയുടെ ഇ മെയില്‍ സന്ദേശത്തില്‍ പറയുന്നു. 

സാമ്പത്തികമാന്ദ്യം നേരിട്ട ഘട്ടങ്ങളിലെല്ലാം സാങ്കേതിക മേഖലയില്‍ താരതമ്യേന പ്രതിരോധം തീര്‍ത്ത സ്ഥാപനമാണ് ഗൂഗിള്‍. സാമ്പത്തിക പ്രതിസന്ധികളില്‍ ജീവനക്കാരെ നിയമിക്കുന്നതില്‍ കുറവ് വരുത്തിയെങ്കിലും സ്മാര്‍ട്ട്ഫോണ്‍, സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ തുടങ്ങിയ മേഖലകളില്‍ പുതിയ നിയമനങ്ങള്‍ നടത്തുന്നതില്‍ ഗൂഗിള്‍ ശ്രദ്ധചെലുത്താറുണ്ട്. 

ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫാബെറ്റില്‍ മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 1,64,000 ജീവനക്കാരുള്ളതായാണ് കണക്കുകള്‍. മേയ് മാസത്തില്‍ സ്നാപ്, ലിഫ്റ്റ് എന്നീ സ്ഥാപനങ്ങളില്‍ നിയമനം കുറയ്ക്കുന്നതായി അറിയിച്ചിരുന്നു. ഇന്‍സ്റ്റകാര്‍ട്ടും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. പത്തുശതമാനം ജീവനക്കാരെ കുറയ്ക്കാന്‍ തീരുമാനിച്ചതായി ടെസ്‌ലയും പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക മേഖലയിലെ ആശങ്കയെ തുടര്‍ന്ന് ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചതായി മെറ്റ പ്ലാറ്റ്ഫോംസും അറിയിച്ചിരുന്നു. 

Eng­lish Summary:Microsoft cuts staff; Slow­down in IT sec­tor too
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.