രാജ്യത്ത് പാല്‍വില കുതിച്ചുയരുന്നു. പണപ്പെരുപ്പം പിടിച്ചുകെട്ടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കും പാല്‍വിലയിലെ വര്‍ധന തിരിച്ചടിയായി മാറിയിട്ടുണ്ട്. പാല്‍വിലയില്‍ 12 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ലിറ്റര്‍ പാലിനു വിപണിയില്‍ ഇപ്പോള്‍ 57 രൂപ 15 പൈസയായി വില ഉയര്‍ന്നു. ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം, കാലിത്തീറ്റയുടെ വില വര്‍ധനവ് എന്നിവയാണ് പാല്‍ വില കുതിച്ചുയരാന്‍ ഇടയാക്കിയത്. ഉല്പാദനത്തില്‍ വന്ന കുറവും വിലക്കയറ്റത്തിന് ആക്കം കൂട്ടി. രാജ്യത്ത് ജനങ്ങള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന പാലിനും പാല്‍ ഉല്പന്നങ്ങള്‍ക്കും വിലകൂടിയത് സാധാരണക്കാരുടെ കുടുംബബജറ്റ് താളം തെറ്റിച്ചുകഴിഞ്ഞു.
ലോകത്തിലെ പാൽ വിതരണത്തിന്റെ ഏകദേശം നാലിലൊന്ന് ഇന്ത്യയിലാണുള്ളത്. 2021–22 സാമ്പത്തിക വര്‍ഷത്തില്‍ പാല്‍ ഉല്പാദനം 221 ദശലക്ഷം ടണ്‍ ആയിരുന്നു. മുന്‍വര്‍ഷം ഇത് 208 ദശലക്ഷം ടണ്‍ ആണ് രേഖപ്പെടുത്തിയത്. എങ്കിലും ആവശ്യകതയ്ക്ക് അനുസരിച്ചുള്ള വര്‍ധന രേഖപ്പെടുത്തിയിട്ടില്ല. പാല്‍ ഉല്പാദനത്തിന്റെ ഭൂരിഭാഗവും ചെറിയ അളവില്‍ പശുക്കളെ പരിപാലിക്കുന്ന ദശലക്ഷക്കണക്കിനുവരുന്ന ചെറുകിട കർഷകരാണ്. കാലിത്തീറ്റയ്ക്ക് വില ഉയര്‍ന്നതോടെ ഇവര്‍ക്ക് തങ്ങളുടെ കന്നുകാലികളെ നന്നായി പോറ്റാനാകാത്ത സ്ഥിതിയിലേക്കെത്തി. ഇത് ഉല്പാദനത്തില്‍ കുറവുണ്ടാക്കി.
രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ചര്‍മമുഴ രോഗം പടര്‍ന്നതോടെ പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. ഇതും ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചു. വേനല്‍ക്കാലമായതോടെ ഐസ്ക്രീം, തൈര് തുടങ്ങിയ പാല്‍ ഉല്പന്നങ്ങള്‍ക്ക് ആവശ്യകത കൂടിയിട്ടുമുണ്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍ ആരംഭിച്ച ഉത്സവസീസണിലും പാല്‍ ഉല്പന്നങ്ങള്‍ക്ക് വന്‍തോതില്‍ ആവശ്യകത വര്‍ധിച്ചിരുന്നു. അതേസമയം ഉല്പാദനച്ചെലവ് അപഹരിക്കുന്നതിനാല്‍ വിലക്കൂടുതലിന്റെ ഗുണം ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്നുമില്ല. കഴിഞ്ഞവര്‍ഷം രാജ്യത്തുനിന്നുള്ള പാല്‍ ഉല്പന്നങ്ങളുടെ കയറ്റുമതി ഉയരുകയും ചെയ്തിട്ടുണ്ട്. 2021–22 സാമ്പത്തിക വർഷത്തിൽ ഏകദേശം 391.59 ദശലക്ഷം ഡോളറിന്റെ പാലുല്പന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്തു. മുന്‍ വർഷം ഇത് 321.96 ദശലക്ഷം ഡോളറിന്റേതായിരുന്നു. ഭക്ഷ്യ പണപ്പെരുപ്പത്തില്‍ വലിയ പങ്കുവഹിക്കുന്ന പാല്‍ വിലയിലെ വര്‍ധന നിയന്ത്രിച്ചില്ലെങ്കില്‍ പണപ്പെരുപ്പം പരിധിവിടുമെന്ന് ഉറപ്പാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
വിലക്കയറ്റം നിയന്ത്രിക്കാന്‍ പാല്‍ ഉല്പന്നങ്ങളുടെ ഇറക്കുമതി വരെ കേന്ദ്രസര്‍ക്കാരിന്റെ ആലോചനയിലുണ്ട്. വെണ്ണ, നെയ്യ് എന്നിവയുടെ ഉല്പാദനം രാജ്യത്ത് വലിയ തോതില്‍ കുറഞ്ഞതായി ക്ഷീരവികസന മന്ത്രാലയം പറയുന്നു. ഇക്കാര്യം കേന്ദ്ര ക്ഷീരവികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രുപാല ഇന്നലെ നിഷേധിച്ചുവെങ്കിലും രാജ്യത്തെ പാല്‍ സംഭരണത്തിന്റെയും വിതരണത്തിന്റെയും വിവരങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. 2011 ലാണ് ഇതിന് മുമ്പ് ഇന്ത്യ പാല്‍ ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുള്ളത്.
English Summary;Milk prices hike; The challenge of controlling inflation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.