പോഷകങ്ങളുടെ സമ്പന്ന കലവറയായ ചെറുധാന്യങ്ങൾക്ക് (മില്ലറ്റ്സ്) പ്രാമുഖ്യമുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ തയ്യാറാക്കി നൽകാൻ മില്ലറ്റ് കഫെകൾ സംസ്ഥാനത്ത് എല്ലാ ജില്ലയിലും തുടങ്ങാനുള്ള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആദ്യ മില്ലറ്റ് കഫെ പയ്യന്നൂരിൽ തുടങ്ങുന്നു.പയ്യന്നൂർ പൊലീസ് സ്‌റ്റേഷന് പിറകിൽ നാളെ രാവിലെ 9.30ന് ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനംചെയ്യും.വർഷങ്ങളായി ജൈവകൃഷി രംഗത്തുള്ള മില്ലറ്റ് കൃഷിയും ഭക്ഷണവും പ്രചരിപ്പിക്കുന്ന കർഷകരുടെ കൂട്ടായ്‌മയായ ജൈവഭൂമി നാച്വറൽ ഫാർമേഴ്സ് സൊസൈറ്റിയാണ് പയ്യന്നൂരിൽ മില്ലറ്റ് കഫെ ഏറ്റെടുത്ത് നടത്തുന്നത്.
അന്തർദേശീയ മില്ലറ്റ് വർഷാചരണത്തോടനുബന്ധിച്ചാണ് സംസ്ഥാന സർക്കാർ പോഷക സമൃദ്ധി മിഷന്റെ ഭാഗമായി ചെറുധാന്യ കഫെകൾ സ്ഥാപിക്കുന്നത്.ജനങ്ങളുടെ ഇടയിൽ ചെറുധാന്യങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ മില്ലറ്റ് കഫെകളിലൂടെ ലക്ഷ്യമിടുന്നു. അരി, ഗോതമ്പ് എന്നിവയെക്കാൾ പോഷകസമ്പന്നമാണ് മില്ലറ്റുകൾ. പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുലവണങ്ങൾ, നാരുകൾ എന്നിവ കൂടുതലാണ്. പയ്യന്നൂർ മില്ലറ്റ് കഫേയിൽ ജൈവരീതിയിൽ ഉൽപ്പാദിപ്പിച്ച ചാമ, തിന, റാഗി, വരക്, കുതിരവാലി, പനിവരക്, മണിച്ചോളം, കമ്പം, കൊറലേ എന്നിവ ഉപയോഗിച്ചുള്ള വിഭവങ്ങൾ ഒരുക്കും.
ദോശ, പുട്ട്, ഇഡലി, ഉപ്പുമാവ്. പറാത്ത, അട, വട, കട്‌ലറ്റ്, മുട അപ്പം, വെജ് ബിരിയാണി. കഞ്ഞി, പായസം, സൂപ്പ്, സാദം, അംബലി, റാഗിമുദ്ദ, ബാക്കാർ വടി, ഹെൽത്ത്ഡ്രിങ്ക്, റാഗി സ്മൂത്തി, മില്ലെറ്റ് കുക്കീസ്, ലഡു, ഹലുവ എന്നിങ്ങനെ വൈവിധ്യവും ആരോഗ്യകരവുമായ വിഭവങ്ങൾ കഫേയിൽ ലഭിക്കും. രാവിലെ 8.30 മുതൽ വൈകിട്ട് 7.30വരെയാണ് കഫെ പ്രവർത്തിക്കുക. വാർത്താസമ്മേളനത്തിൽ കെ പി വിനോദ്, പി പി രാജൻ, ശ്യാമള ശ്രീധരൻ, അത്തായി ബാലൻ, കല്ലത്ത് സുരേഷ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.