19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

August 18, 2024
January 3, 2024
December 29, 2023
November 26, 2023
September 13, 2023
April 25, 2023
March 11, 2023
December 30, 2022
December 16, 2022
December 10, 2022

കേരളത്തെ ഇ എസ് ജി നിക്ഷേപങ്ങളുടെ ലക്ഷ്യസ്ഥാനമാക്കാന്‍ ശ്രമിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്

Janayugom Webdesk
കൊച്ചി
November 1, 2021 4:01 pm

ലോകത്ത് ഇന്നു നടക്കുന്ന നിക്ഷേപങ്ങളില്‍ നാലിലൊരു ഭാഗവും ഇ എസ് ജി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പരിസ്ഥിതി, സാമൂഹ്യ, ഭരണനിര്‍വഹണ (എന്‍വയോണ്‍മെന്റ്, സോഷ്യല്‍ ആന്‍ഡ് ഗവേണന്‍സ്) മേഖലകളിലാണെന്നും ഇന്ത്യയില്‍ ഈ രംഗത്തു നടക്കുന്ന നിക്ഷേപങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വ്യവസായ, നിയമ, കയര്‍ വകുപ്പുമന്ത്രി പി രാജീവ് പറഞ്ഞു. കൊച്ചി ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന ബ്രാന്‍ഡ് സ്റ്റോറീസ് ബിസിനസ് മാഗസിന്റെ പ്രകാശനവും ഇന്‍സ്‌പൈറിംഗ് ബ്രാന്‍ഡ് അവാര്‍ഡുകളുടെ വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം എന്ന ഏറെ മൂല്യവത്തായ ഒരു ബ്രാന്‍ഡ് നമുക്ക് സ്വന്തമായുണ്ട്. അതിനെ ഏറ്റവും മികച്ച രീതിയല്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാനാണ് ശ്രമം. കേരളത്തിന് ഏറെ ഗുണങ്ങളുണ്ട്. ചെറിയ ചില ദോഷങ്ങളുമുണ്ട്. എന്നാല്‍ ദോഷങ്ങള്‍ ഊതിപ്പെരുപ്പിച്ച് ലോകമെങ്ങും വിതരണം ചെയ്യാന്‍ ശ്രമിക്കുന്നവരുണ്ട്. 

നമ്മുടെ ചെറിയ ന്യൂനതകളെപ്പറ്റിയുള്ള പ്രചാരണം വേണമെങ്കില്‍ അറബിഭാഷയിലും ജര്‍മന്‍ഭാഷയിലും വരെ പരിഭാഷപ്പെടുത്തി ലോകമെങ്ങും നിര്‍വഹിക്കുന്നവരുണ്ട്. ദോഷങ്ങള്‍ പരമാവധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 50 കോടി രൂപയ്ക്കു മുകളിലുള്ള വ്യവസായങ്ങള്‍ക്ക് മതിയായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഒരാഴ്ചയ്ക്കകം അനുമതി നല്‍കുന്ന ബില്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയതും രാജീവ് ചുണ്ടിക്കാണിച്ചു. 10 ജില്ലകളില്‍ വ്യവസായികളുമായി നേരിട്ട് സംഗമങ്ങള്‍ നടത്തി. സാധാരണ നിക്ഷേപ സംഗമങ്ങള്‍ വല്ലപ്പോഴുമാണ് നടത്തിയിരുന്നത്. എന്നാല്‍ 100 കോടി രൂപയ്ക്കു മേലുള്ള നിക്ഷേപങ്ങള്‍ നടത്തുന്നവരുമായി ദിവസേന മീറ്റ് ദി ഇന്‍വെസ്റ്റര്‍ സംഗമം നടത്താനും ഈ സര്‍ക്കാര്‍ സജ്ജമായിക്കഴിഞ്ഞു. വ്യവസായ മന്ത്രി, വകുപ്പിലെ രണ്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, കെഎസ്‌ഐഡിസി, കിന്‍ഫ്ര എംഡിമാര്‍ തുടങ്ങി ചരുങ്ങിയത് അഞ്ചു പേരെങ്കിലും ഇതില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇവര്‍ക്ക് ഹാന്‍ഡ് ഹോള്‍ഡിംഗിനായി ഒരു ഉന്നത ഉദ്യോഗസ്ഥനേയും നിയോഗിക്കും. ഇതുവഴി 3600 കോടി രൂപയിലേറെ മതിയ്ക്കുന്ന നിക്ഷേപങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളും താല്‍പ്പര്യങ്ങളും വന്നു കഴിഞ്ഞു. എല്ലാം നിയമാനുസൃതമായിരിക്കും. ആവശ്യമെങ്കില്‍ നിയമങ്ങളും ചട്ടങ്ങളും മാറ്റും. കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇവ കണ്ടെത്താന്‍ നുവാല്‍സ് വൈസ് ചാന്‍സലര്‍ തലവനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. നേരത്തെ ലോ റിഫോംസ് കമ്മിറ്റി കണ്ടെത്തിയ കാലഹരണം വന്ന നിയമങ്ങള്‍ റദ്ദാക്കാനും തീരുമാനമായിട്ടുണ്ട്.

എംഎസ്എംഇയുടെ മുന്നില്‍ നാനോയുടെ വക ഒരു എന്‍ കൂടി വന്ന് അത് എന്‍എംഎസ്എംഇ ആയി. എന്നാല്‍ സംരഭകര്‍ അധികവും മൈക്രോയില്‍ ഒതുങ്ങാതെ സ്‌മോള്‍, മീഡിയം തലങ്ങളിലേയ്ക്കു കൂടി വളരാന്‍ ലക്ഷ്യമിടണെമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ ഉപകരണങ്ങള്‍, ഐടി, ഫാര്‍മ, ടൂറിസം തുടങ്ങി വലിയ പരിസരമലിനീകരണം ഇല്ലാത്ത മേഖലകളാണ് കേരളത്തിന് അനുയോജ്യം. സര്‍ക്കാരിനു കീഴിലുള്ള മൂന്ന് ടെക്‌സ്റ്റൈല്‍ മില്ലുകള്‍ ഏറെക്കാലത്തിനു ശേഷം ഇതാദ്യമായി ഈ അര്‍ധസാമ്പത്തികവര്‍ഷം ലാഭത്തിലായെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ടെക്‌സ്‌റ്റൈല്‍ മേഖലകളില്‍ പതിയെ ഒരു കുതിപ്പ് പ്രതീക്ഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഡിസൈന്‍ തുടങ്ങിയ മേഖലകളില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരാന്‍ ഖാദി, കൈത്തറി മേഖലകള്‍ക്കായി ഹാക്കത്തോണ്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

അവാര്‍ഡ്‌നിശയുടെ ഭാഗമായി പ്രതിസന്ധികളും പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും അതിജീവിച്ച് ബിസിനസില്‍ എങ്ങനെ മുന്നേറാമെന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പ്രശസ്ത മോട്ടിവേഷനല്‍ പരിശീലകന്‍ മധു ഭാസ്‌കരന്‍ മോഡറേറ്ററായി.. ശീമാട്ടി സിഇഒ ബീനാ കണ്ണന്‍, ഫ്രഷ് റ്റു ഹോം സിഇഒയും സ്ഥാപകനുമായ മാത്യു ജോസഫ്, അക്യുമെന്‍ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് എംഡി അക്ഷയ് അഗര്‍വാള്‍, പഴേരി ഗ്രൂപ്പ് എംഡി അബ്ദുള്‍ കരീം പി, ഒസാക്ക ഗ്രൂപ്പ് ചെയര്‍മാന്‍ പി. ബി. ബോസ്, വീകേവീസ് കാറ്ററേഴ്‌സ് സ്ഥാപകന്‍ വി കെ വര്‍ഗീസ്, ജയ്ഹിന്ദ് ഗ്രൂപ്പ് എംഡി ദിവ്യ കുമാര്‍ ജെയ്ന്‍, സഞ്ജീവനി ലൈഫ് കെയര്‍ വില്ലേജ് സിഎംഡി എ ടി രഘുനാഥ്, റോയല്‍ ഡ്രൈവ് എംഡി മുജീബ് റഹ്‌മന്‍, പ്രശസ്ത യൂട്യൂബറും ഇന്‍ഫ്‌ളുവെന്‍സറുമായ സുജിത് ഭക്തന്‍ തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
eng­lish sum­ma­ry; Min­is­ter P Rajeev has said that he will try to make Ker­ala an ESG invest­ment destination
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.