വേതന വർധനവ് ഉൾപ്പെടെ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർ തൊഴിൽ മന്ത്രി വി ശിവൻകുട്ടിയെ നേരിട്ടുകണ്ട് നിവേദനം സമർപ്പിച്ചു. ഓണറേറിയം 21,000 ആയി വർധിപ്പിക്കുക, ശമ്പളം എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പായി നൽകുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ അനുവദിക്കുക, വിരമിക്കൽ പ്രായം 65 ആക്കുക, പെൻഷൻ ഏർപ്പെടുത്തുക, ഓണറേറിയത്തിന് ഇൻസെന്റീവിലൂടെ പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയത് പിൻവലിക്കുക എന്നീ അഞ്ച് ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി കെ സദാനന്ദൻ, ജനറൽ സെക്രട്ടറി എം എ ബിന്ദു എന്നിവരാണ് ഇന്ന് ഉച്ചയ്ക്ക് മൂന്നോടെ മന്ത്രിയുടെ ഓഫിസിലെത്തി കൂടിക്കാഴ്ച നടത്തിയത്.
നേരത്ത മൂന്നു തവണ ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
അതിനു പിന്നാലെയാണ് തൊഴിൽ മന്ത്രിയെ സമരസമിതി നേതാക്കൾ കണ്ടത്. കമ്മിറ്റിയെ നിയോഗിക്കാനുള്ള ദൈർഘ്യം ഒരു മാസമായി കുറയ്ക്കുക എന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ആരോഗ്യമന്ത്രിയുമായി ചർച്ച നടത്താമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചതായി സമരസമിതി നേതാക്കൾ പറഞ്ഞു. വേതന വർധന പ്രഖ്യാപിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് മന്ത്രിയെ അറിയിച്ചതായും നേതാക്കള്‍ പറഞ്ഞു. സമരം അവസാനിപ്പിക്കുന്നതിനായി ഇടപെടൽ നടത്താം എന്ന തൊഴിൽ മന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയുണ്ടെന്ന് വി കെ സദാനന്ദൻ പറഞ്ഞു. അതേസമയം, കൂടിക്കാഴ്ചയെ ആരോഗ്യമന്ത്രി വീണാ ജോർജ് സ്വാഗതം ചെയ്തു. ആശമാരുമായി മന്ത്രി ശിവൻകുട്ടി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ അറിയില്ല. സമരം അവസാനിപ്പിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ആശമാരുടെ ആവശ്യങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുകയെന്നത് നേരത്തെ തീരുമാനിച്ചതാണെന്നും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.