
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം വ്യാപകമാകുമ്പോഴും ആ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ ന്യൂനപക്ഷ കമ്മിഷൻ ചെയർ പേഴ്സനും അംഗങ്ങളുമില്ലാതെ അനാഥാവസ്ഥയിൽ. ഒഴിവുകൾ നികത്തി കമ്മിഷൻ പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്ന് നിരന്തരം ഉയരുന്നുണ്ടെങ്കിലും കേന്ദ്രം ചെവിക്കൊള്ളുന്നില്ല. 1992ലെ ദേശീയ ന്യൂനപക്ഷ കമ്മിഷൻ നിയമപ്രകാരം മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി, ജൈന എന്നീ ആറ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്ന് ഓരോ അംഗം വീതവും ഹിന്ദു അടക്കമുള്ള മറ്റേതെങ്കിലും സമുദായത്തിൽ നിന്നുള്ള ഒരംഗവും ഉൾപ്പെടെ ഏഴ് അംഗങ്ങളെ ചേർത്ത് രൂപവല്ക്കരിക്കപ്പെട്ടിട്ടുള്ളതാണ് ദേശീയ ന്യൂനപക്ഷ കമ്മിഷൻ. മൂന്ന് വർഷമാണ് കമ്മിഷനിലെ ഓരോ അംഗത്തിന്റെയും കാലാവധി.
ചെയര്‍പേഴ്സണ്‍ അടക്കം ഏഴ് അംഗങ്ങളും കാലാവധി പൂർത്തിയാക്കി വിരമിക്കുകയും പകരം നിയമനം നടത്താൻ കേന്ദ്രം താല്പര്യമെടുക്കാതിരിക്കുകയും ചെയ്തതോടെ, ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനായി അർധ ജുഡീഷ്യൽ അധികാരങ്ങളോടെ രൂപം നൽകിയ കമ്മിഷൻ നാളുകളായി ഫലത്തിൽ നോക്കുകുത്തിയായിരിക്കുകയാണ്. വിഷയത്തിൽ കേന്ദ്രം പുലർത്തുന്ന അലംഭാവത്തിനെതിരെ നിശിത വിമർശനമാണുയരുന്നത്.
അഞ്ച് വർഷമായി കമ്മിഷനിൽ ക്രൈസ്തവ വിഭാഗത്തിന് പ്രാതിനിധ്യമില്ല എന്നതും കടുത്ത ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. നിലവിലെ കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യനായിരുന്നു കമ്മിഷനിലെ അവസാനത്തെ ക്രിസ്ത്യൻ പ്രതിനിധി. ഉപാധ്യക്ഷനായിരുന്ന ജോർജ് കുര്യൻ 2020 മാർച്ച് 31 ന് വിരമിച്ച ശേഷം പകരം ആരെയും പരിഗണിച്ചില്ല. ഇതോടെ, അംഗസംഖ്യ ആറായി. അവരെല്ലാം മൂന്ന് വർഷം കാലാവധി പൂർത്തിയാക്കി വിരമിക്കുകയും ചെയ്തു.
ദേശീയ ന്യൂനപക്ഷ കമ്മിഷനോടുള്ള കേന്ദ്രത്തിന്റെ ചിറ്റമ്മ നയം ഇതാദ്യത്തേതല്ല. 2017ലും കമ്മിഷനിൽ ചെയർപേഴ്സണും അംഗങ്ങളുമില്ലാത്ത സ്ഥിതി മാസങ്ങളോളം തുടർന്നിരുന്നു. ഒഴിവുകൾ നികത്തണമെന്ന് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ട ശേഷമാണ് കേന്ദ്രം അനങ്ങിയത്. ന്യൂനപക്ഷങ്ങളുടെയും സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ അവകാശം സംരക്ഷിക്കാനായി 2004 ൽ രൂപവല്‍ക്കരിച്ച ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷനും ഏതാണ്ട് ഇതേ അവസ്ഥയിലാണ്. അവിടെയും ന്യൂനപക്ഷ പ്രാതിനിധ്യം ഇല്ലാതായിട്ട് വർഷങ്ങളായി. ചെയർ പേഴ്സണ്‍ അടക്കം നാല് അംഗങ്ങളുണ്ടാകേണ്ട സ്ഥാനത്ത് രണ്ട് വർഷമായി ഒരംഗം മാത്രമാണുള്ളത്. ന്യൂനപക്ഷ കമ്മിഷനിലും ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷനിലും കാലാവധി പൂർത്തിയാക്കി അംഗങ്ങൾ വിരമിച്ചിട്ടും പകരം നിയമനം നടത്താത്തതിൽ പ്രതിഷേധം പ്രകടിപ്പിച്ച കെസിബിസി ജാഗ്രതാ കമ്മിഷൻ, രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളും ഏറുന്ന സാഹചര്യത്തിൽ കമ്മിഷനുകളുടെ പ്രവർത്തനം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.