19 November 2024, Tuesday
KSFE Galaxy Chits Banner 2

ന്യൂനപക്ഷ അവകാശദിനം ഓര്‍മ്മിപ്പിക്കുന്നത്

എ എ റഷീദ്
December 18, 2023 4:30 am

പ്രതിബദ്ധതയുടെയും സഹവർത്തിത്വത്തിന്റെയും സന്ദേശവുമായി ഡിസംബർ 18ന് വീണ്ടും ലോക ന്യൂനപക്ഷ അവകാശദിനം കടന്നുവരുന്നു. ലോകമെമ്പാടുമുള്ള ന്യൂനപക്ഷം കടന്നാക്രമണങ്ങളുടെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും ഭീതിദമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന വർത്തമാനകാലഘട്ടത്തിൽ ന്യൂനപക്ഷ അവകാശ ദിനത്തിന്റെ പ്രസക്തിയേറുകയാണ്. ആക്രമിക്കപ്പെടേണ്ടവരല്ല സംരക്ഷിച്ചു ചേർത്തുനിർത്തപ്പെടേണ്ടവരാണ് ന്യൂനപക്ഷ ജനവിഭാഗങ്ങൾ എന്ന പൊതുബോധ നിർമ്മിതിയാണ് കാലഘട്ടം നമ്മോടാവശ്യപ്പെടുന്നത്. വംശീയ ന്യൂനപക്ഷങ്ങൾക്ക് സ്വാതന്ത്യ്രത്തിനും തുല്യ അവസരങ്ങൾക്കുമുള്ള അവകാശം ഉറപ്പുവരുത്തുകയും ന്യൂനപക്ഷങ്ങളുടെ അഭിമാനവും അന്തസും സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം. 1849ൽ ഹംഗേറിയൻ ഡയറ്റാണ് ലോകത്താദ്യമായി ന്യൂനപക്ഷ അവകാശങ്ങൾ രൂപവല്‍ക്ക രിക്കുന്നത്. വംശപരവും, മതപരവും, ഭാഷാപരവുമായ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, അന്തർദേശീയ മനുഷ്യാവകാശ നിയമങ്ങളുടെ അവിഭാജ്യ ഘടകമാണ്. 1992ൽ ഐക്യരാഷ്ട്ര സഭ ഡിസംബർ 18 ന്യൂനപക്ഷ അവകാശദിനമായി പ്രഖ്യാപിച്ചതിന് മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും തുല്യനീതിക്കും നിലനില്പിനുമായുള്ള പോരാട്ടത്തിലാണ് ലോകമാസകലമുള്ള ന്യൂനപക്ഷ ജനവിഭാഗം. ഇന്ത്യയിലെ മതന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുവാനും ഭരണഘടനയും പാർലമെന്റും സംസ്ഥാന നിയമസഭകളും ന്യൂനപക്ഷ സംരക്ഷണത്തിനും സമഗ്ര വികസന ത്തിനുമായി രൂപം നൽകിയിട്ടുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരു ത്താനുമാണ് 1992 ലെ നാഷണൽ കമ്മിഷൻ ഫോർ മൈനോറിട്ടീസ് ആക്ട് പ്രകാരം ദേശീയ ന്യൂനപക്ഷ കമ്മിഷന് കേന്ദ്രസർക്കാർ രൂപം നൽകിയത്.

കേരളത്തിൽ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർതലത്തിൽ ന്യൂനപക്ഷ വകുപ്പും, ന്യൂനപക്ഷ ഡയറക്ടറേറ്റും, ന്യൂനപക്ഷ കമ്മിഷനും ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്കും ക്ഷേമത്തിനും സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടിയാണ് 2013ലെ ന്യൂനപക്ഷ കമ്മിഷൻ ഓർഡിനൻസും 2014ലെ ന്യൂനപക്ഷ കമ്മിഷൻ ആക്ടും പ്രകാരം ന്യൂനപക്ഷ കമ്മിഷൻ രൂപീകരിച്ചിട്ടുള്ളത്. പാർശ്വവല്‍ക്കരിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്ന ദൗത്യമാണ് ന്യൂനപക്ഷ കമ്മിഷൻ പ്രധാനമായും ഏറ്റെടുത്തിരിക്കുന്നത്. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി, ജൈനർ എന്നീ മതവിഭാഗങ്ങളാണ് ഇന്ത്യയിൽ ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇവയിൽ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളാണ് കേരളത്തിൽ കൂടുതലായുള്ളത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ന്യൂനപക്ഷ വിഭാഗം മികച്ച ജീവിതനിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ടെങ്കിലും ചില മേഖലകളിൽ ഇപ്പോഴും പിന്നാക്കാവസ്ഥ നിലനിൽക്കുന്നുണ്ട്. സർക്കാർ സർവീസുകളിലടക്കം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരിലുണ്ടായിട്ടുള്ള കുറവ് ഇനിയും പരിഹരിക്കപ്പെടേണ്ടതായുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ഏറെ പുരോഗതി നേടിയ സംസ്ഥാനമാണ് കേരളം. ന്യൂനപക്ഷമേഖലയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് നമ്മുടെ സംസ്ഥാനത്താണെങ്കിലും ഈ വിഭാഗങ്ങളിലെ ദരിദ്രരായ കുട്ടികൾ ഇപ്പോഴും പല പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്നു. തങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച ശരിയായ അവബോധത്തിന്റെ കുറവാണ് അരികുവൽക്കരിക്കപ്പെടലിന്റെ പ്രധാന കാരണം. വേണ്ട അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ബൃഹദ്പരിപാടികൾക്ക് രൂപം നൽകിവരികയാണ്.


ഇതുകൂടി വായിക്കൂ:ഇന്ത്യയും ഭാരതവും: വിമർശനങ്ങൾ വസ്തുതകൾ


ന്യൂനപക്ഷ അവകാശങ്ങളെ സംബന്ധിച്ചും നീതി നിഷേധിക്കപ്പെട്ടാൽ കൈക്കൊള്ളേണ്ട നിയമ നടപടികളെ സംബന്ധിച്ചും അവകാശ സംരക്ഷണത്തിനായി ന്യൂനപക്ഷ കമ്മിഷനെ സമീപിക്കുന്നത് സംബന്ധിച്ചുമൊക്കെയുള്ള സമഗ്രമായ ദിശാബോധം ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വളർത്തിയെടുക്കുന്നതിനുമുള്ള പ്രചരണപരിപാടികൾക്കാണ് കമ്മിഷൻ പദ്ധതിയിടുന്നത്. കമ്മിഷന് മുമ്പിൽ വരുന്ന പരാതികളിൽ കാലതാമസം കൂടാതെ തീർപ്പുവരുത്തുന്നതിൽ ജാഗ്രത പുലർത്താറുണ്ട്. ജില്ലാ അദാലത്തുകൾ സംഘടിപ്പിച്ച് ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കിടയിൽ അടുത്തിടപഴകാന്‍ ഉതകുംവിധമുള്ള പ്രവർത്തനങ്ങളാണ് കമ്മിഷൻ ഇപ്പോൾ പ്രാവർത്തികമാക്കുന്നത്. ലോകം വിരൽത്തുമ്പിലേക്ക് ചുരുങ്ങുന്ന വിവര സാങ്കേതികവിദ്യയുടെ അതിപ്രസരമാർന്ന പുതിയ കാലഘട്ടത്തിന് അനുയോജ്യമായ വിധത്തിൽ അതേ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലേക്ക് കൂടുതൽ അടുത്തിടപഴകുന്നതിനുള്ള ആശയങ്ങൾ നടപ്പിലാക്കുന്നതും കമ്മിഷന്റെ പരിഗണനയിലാണ്. ഇന്റര്‍നെറ്റിന്റെയും മൊബൈൽഫോണിന്റെയും സഹായത്തോടെ ഇ മെയിൽ വഴിയോ മറ്റ് നൂതന മാർഗങ്ങളിലൂടെയോ ആവലാതിക്കാർക്ക് കമ്മിഷനുമായി ബന്ധപ്പെടുന്നതിനും പരാതി കൈമാറുന്നതിനും കഴിയും. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അവകാശപ്പെട്ട സ്കോളർഷിപ്പുകളുടെ വിതരണം, സംവരണം ഇവയെല്ലാം കമ്മിഷൻ ജാഗ്രതയോടെ നിരീക്ഷണവിധേയമാക്കാറുണ്ട്.

മാറിയ കാലത്തും അരക്ഷിതബോധം പേറി ജീവിക്കാൻ വിധിക്കപ്പെട്ട ന്യൂനപക്ഷത്തിലെ ജനസമൂഹം ഇന്നും നമുക്കിടയിലുണ്ട്. അവരുടെ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനും ജാഗ്രത്തായുള്ള പ്രവർത്തനങ്ങളാണ് അനിവാര്യം. അതിനുള്ള ഇന്ധനം പകരുവാൻ ഇത്തരം ദിനാചരണങ്ങൾക്കാകണം. കേരളത്തിലെ ന്യൂനപക്ഷ അവകാശ ദിനാചരണം വൈവിധ്യമാർന്ന ജനസഞ്ചയത്തെ ഉൾക്കൊള്ളുന്നതിനും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള ആത്മസമർപ്പണത്തിന്റെ തെളിവാണ്. സംസ്ഥാനത്തിന്റെ മാതൃകാപരമായ സാമൂഹിക ഐക്യവും ന്യൂനപക്ഷ അവകാശങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലെ പുരോഗതിയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് മാതൃകയാണ്. മതപരമോ, ഭാഷാപരമോ ആയ പശ്ചാത്തലം പരിഗണിക്കാതെ എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിക്കുന്നതിനുള്ള തത്വങ്ങൾ ഊന്നിപ്പറയുവാനുള്ള അവസരമാകാന്‍ ന്യൂനപക്ഷ അവകാശദിനത്തിന് കഴിയണം. മരണത്തിനും ജീവിതത്തിനുമിടയിൽ നിശ്ചലമാക്കപ്പെട്ട് ജീവിക്കാൻ വിധിക്കപ്പെട്ടവരല്ല, എല്ലാ മൗലികാവകാശങ്ങളോടും കൂടി വർണ, വർഗ, വംശ വ്യത്യാസങ്ങളേതുമില്ലാതെ, മുഖ്യധാരയിലേക്കുയർത്തപ്പെടേണ്ടവരാണ് ഏവരുമെന്ന പൊതു ബോധസൃഷ്ടിക്കായി ലോക ന്യൂനപക്ഷ അവകാശദിനത്തിൽ നമുക്കൊന്നായ് കൈകൾ കോർക്കാം. (സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാനാണ് ലേഖകന്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.