21 May 2024, Tuesday

Related news

May 20, 2024
May 19, 2024
May 19, 2024
May 18, 2024
May 18, 2024
May 17, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024

തെറ്റായ വിവരങ്ങള്‍: ദി കേരളാ സ്റ്റോറിയുടെ ടീസറിനെതിരേ കേസെടുക്കാന്‍ ഡിജിപിയുടെ ഉത്തരവ്

Janayugom Webdesk
തിരുവനന്തപുരം
November 9, 2022 1:29 pm

ദി കേരളാ സ്റ്റോറി എന്ന സിനിമയുടെ ടീസറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡിജിപി അനിൽ കാന്ത് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. ഹൈടെക് ക്രൈം എൻക്വയറി സെൽ പ്രാഥമിക അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം.

കേരളത്തിൽ നിന്നുള്ള 32,000 പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനം നടത്തുകയും പിന്നീട് ഐഎസിൽ ചേര്‍ക്കുകയും ചെയ്തെന്നാണ് ടീസറില്‍ ഫാത്തിമ ബാ എന്ന കഥാപാത്രം പറയുന്നത്. ദി കേരള സ്റ്റോറിയുടെ ടീസര്‍ തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിന് ചിത്രം ഇടയാക്കുമെന്നും, സംഘപരിവാര്‍ അജണ്ടയാണ് ഇതെന്നും, ജനങ്ങള്‍ക്കിടയില്‍ വദ്വേഷം വളര്‍ത്താനേ ഇത് ഉപകരിക്കുകയുള്ളുവെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു.

കേരളത്തിൽ കാണാതായ 32,000 പെൺകുട്ടികളെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങളൊന്നുമില്ലെന്നും സംസ്ഥാന പോലീസിന്റെ പക്കൽ അങ്ങനെയൊരു രേഖയില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പോലീസിൽ ഒരു രേഖയുമില്ല. കേന്ദ്ര ഇന്റലിജൻസിന്റെ പക്കൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പൊതുസമൂഹത്തില്‍ എത്തിക്കണം അദ്ദേഹം കൂട്ടിചേര്‍ത്തു. ഇപ്പോൾ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി വിവരം ലഭിച്ചു. സംസ്ഥാന പോലീസിന്റെ തീരുമാനത്തെ താൻ സ്വാഗതം ചെയ്യുന്നതായും വി ഡി സതീശന്‍ പറഞ്ഞു. ചിത്രം വിദ്വേഷം പരത്തുന്നതിനാല്‍ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ, ദി കേരള സ്റ്റോറി എന്ന പേരിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ടീസർ കണ്ടതിന് ശേഷം തമിഴ്‌നാട്ടിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ അരവിന്ദാക്ഷൻ ബി ആർ കേരള മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.

ചിത്രത്തിന്റെ സംവിധായകനെ വിളിച്ച് പുറത്തുവിട്ട ടീസറിന്റെ സത്യാവസ്ഥ അന്വേഷിക്കണമെന്നും അരവിന്ദാക്ഷന്‍ ആവശ്യപ്പെട്ടു. ചിത്രത്തിന്റെ ടീസർ 2022 നവംബർ 3ന് സൺഷൈൻ പിക്ചേഴ്സ് എന്ന യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തായും അദ്ദേഹം പറയുന്നു. വിപുൽ അമൃത്‌ലാൽ ഷാ നിർമ്മിച്ച് സുദീപ്തോ സെൻ സംവിധാനം ചെയ്‌ത ചിത്രം കേരളത്തില്‍ നിന്നും ഐഎസിൽ ചേരാൻ മതപരിവര്‍ത്തനം ചെയ്യപ്പെട്ട 32,000 സ്ത്രീകളുടെ കഥയാണ്.

അതുപോലെ, ഇതിലെ ഉള്ളടക്കത്തിന്റെ സത്യാവസ്ഥ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദാക്ഷൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിനും സെക്രട്ടറി അപൂർവ ചന്ദ്രയ്ക്കും കത്ത് അയച്ചിട്ടുണ്ട്. സിനിമയുടെ തിരക്കഥ തയ്യാറാക്കാൻ ഉപയോഗിച്ച വിവരങ്ങളുടെ ഉറവിടം കേന്ദ്രസര്‍ക്കാര്‍ സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

ഒരു അന്താരാഷ്ട്ര അതിർത്തിക്ക് മുന്നിൽ നില്‍ക്കുന്ന മുസ്ലീം സ്ത്രീയെയാണ് ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്.നടി ആധാ ശർമ്മ അവതരിപ്പിക്കുന്ന കഥാപാത്രം തന്റെ പേര് ശാലിനി ഉണ്ണികൃഷ്ണൻ എന്നായിരുന്നുവെന്നും നഴ്‌സായി ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിച്ചതെന്നും പറയുന്നു. തന്നെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് ഫാത്തിമ ബാ എന്ന് പുനർനാമകരണം ചെയ്തു. തുടർന്ന് ഐഎസിൽ ചേരുകയും പിന്നീട് അഫ്ഗാനിസ്ഥാനിൽ തടവിലാക്കപ്പെടുകയും ചെയ്തു. തന്റെയും കേരളത്തില്‍ നിന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായ 32,000 സ്ത്രീകളുടെയും കഥയാണ് കേരള സ്റ്റോറി എന്നും ടീസറില്‍ പറയുന്നു.

Eng­lish Summary:
Mis­in­for­ma­tion : DGP orders case against teas­er of The Ker­ala Story

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.