22 December 2024, Sunday
KSFE Galaxy Chits Banner 2

കേന്ദ്ര സർവകലാശാലയിൽ നിന്നും കാണാതാവുന്ന കുട്ടികൾ

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
February 1, 2024 4:45 am

ഹൈദരാബാദ് സർവകലാശാലയിലെ രോഹിത് വെമുലയുടെ മരണവും അതുയർത്തിയ ചോദ്യങ്ങളും ഇന്ത്യൻ സർവകലാശാലകളിൽ ഇപ്പോഴും നിലനിൽക്കുന്നു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തലശേരിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ, ദുഃഖം ഘനീഭവിച്ചത് പൊലിരുന്ന രോഹിത് വെമുലയുടെ അമ്മ രാധിക പരസ്യമായി പറഞ്ഞത് എന്റെ മകനെ അവർ കൊന്നുവെന്നാണ്. അമ്മമാരുടെ ഈ നിലയ്ക്കാത്ത നിലവിളി ഇപ്പോഴും തുടരുകയാണ്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള വാര്‍ത്തകൾ ഒട്ടും ആശാവഹമല്ല. വിവിധ ഐഐടി, ഐഐഎം കാമ്പസുകളിലായി കഴിഞ്ഞ വർഷം 33ലധികം വിദ്യാര്‍ത്ഥികൾ ആത്മഹത്യ ചെയ്തെന്നറിയിച്ചത് വിദ്യാഭ്യാസ മന്ത്രാലയം തന്നെയാണ്. ശരണ്യ ഭുവനേന്ദ്രൻ എന്ന മാധ്യമപ്രവർത്തക ഡൽഹിയിൽ നിന്നും ചെയ്ത റിപ്പോര്‍ട്ട് അനുസരിച്ചു 2014 — 2021 കാലത്ത് സ്വയം മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 122 ആണ്. ഇതിൽ പട്ടികജാതി-പട്ടികവർഗത്തിൽപ്പെട്ട 24 പേരും മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട 41 പേരും ഉണ്ടത്രേ. പഠിക്കാനുള്ള മനുഷ്യാവകാശം നിരോധിക്കപ്പെട്ടിരുന്ന കാലത്ത്, ആ പീഡനകാലത്തെ വിയർപ്പും വെള്ളവും കൊണ്ട് അതിജീവിച്ച ജനതയുടെ പുതിയ തലമുറ പാഠശാലകളിൽ അനുഭവിക്കുന്നത് ആത്മഹത്യയിലേക്ക് നയിക്കുന്ന ജീവിത പരിസരമാണ്. എല്ലാ ആത്മഹത്യകളും വിരുദ്ധ വ്യവസ്ഥിതി നടത്തുന്ന കൊലപാതകങ്ങളാണ്. ആ കൊലപാതകങ്ങൾക്ക് ഭരണകൂടം ഉത്തരം പറയേണ്ടതുണ്ട്. ശംബൂകനെ കൊന്ന രാമനെ ആരാധിക്കുന്ന ഭരണകൂടത്തിന് നീതിപൂർണമായ ഒരു സാമൂഹ്യാവസ്ഥ സൃഷ്ടിക്കാൻ സാധിക്കില്ല. സിലബസിന്റെ ഭാരം കൊണ്ടല്ല വിദ്യാർ‍ത്ഥികൾ പഠനം ഉപേക്ഷിക്കുന്നത്. അതിനു സാമൂഹ്യാവസ്ഥ പ്രധാന കാരണമാണ്.

 


ഇതുകൂടി വായിക്കൂ; മതം നോക്കി തല്ലിച്ചോ?


സാമ്പത്തിക പ്രശ്നങ്ങളും സാമൂഹ്യമായ പിന്നാക്കാവസ്ഥയും കൂടി ചേരുമ്പോൾ ദളിത് വിദ്യാർത്ഥികളുടെ മുന്നിൽ ഉയരങ്ങളിലേക്കുള്ള വാതിൽ അടയുകയാണ്. ഭരണകൂടത്തിന് മനുബോധം കൂടിയുണ്ടെങ്കിൽ കൂരിരുട്ടേ മുന്നിൽ ഉണ്ടാവുകയുള്ളൂ. ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയെന്ന ആശയം കൊലചെയ്യപ്പെടും. അടിമപ്പണിയിൽ നിന്നും കരകയറാനുള്ള മനുഷ്യാവകാശം നിരോധിക്കപ്പെടും.
കേന്ദ്ര സർവകലാശാലകളിൽ നിന്നും കൊഴിഞ്ഞുപോയ വിദ്യാർത്ഥികളുടെ എണ്ണം പതിനായിരത്തോളം. ഐഐടിയിൽ നിന്നും കൊഴിഞ്ഞുപോയവർ മൂവായിരത്തിയഞ്ഞൂറിലധികം വരും. എൻഐടികളിലും ഐഐഎമ്മുകളിലുമായി പഠിത്തം നിര്‍ത്തിയവരും നിരവധിയുണ്ട്. ഇതിൽ ദളിത് വിദ്യാർത്ഥികളുടെ എണ്ണം ഭയാനകമാണ്. ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗം അപകടത്തിലായിരിക്കുന്നു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

 


ഇതുകൂടി വായിക്കൂ;  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗുരുതര ജാതിവിവേചനം


ഒരു ദളിത് വിദ്യാർത്ഥി ഉന്നത വിദ്യാഭ്യാസ മേഖലയോളം എത്തുന്നതിനിടയ്ക്ക് നേരിടേണ്ടി വരുന്ന നിരവധി അപമാനങ്ങളുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ മാത്രമല്ല വെമുലമാർ നേരിടേണ്ടി വരുന്നത്. മനുസ്മൃതിയുടെ സാന്നിധ്യം ഇപ്പോഴും പ്രകടമാണ്. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ അത് വളരെ സ്പഷ്ടവുമാണ്. ഇവിടെയാണ് അന്തസോടെ ജീവിക്കാനുള്ള സന്ദർഭം എല്ലാ ഭാരതീയർക്കും ഒരുക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്ന വാസ്തവം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടത്.
കേരളത്തിൽ പോലും ആദിവാസി മേഖലയിൽ നിന്നും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ എത്തുന്നവർ തുലോം കുറവാണ്. എൽപി സ്കൂൾ കണ്ടു ഭയന്ന് ഊരിലേക്ക് തിരിച്ചോടിയ കുട്ടികളുടെ കഥകൾ ഒരു പോയകാല ചിത്രമല്ല. ആഹാരവും പുസ്തകവും വസ്ത്രവുമായി നിന്നിട്ടുപോലും എല്ലാ കുട്ടികളും സ്കൂളിൽ തുടരുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുള്ള സഞ്ചാരവും കുറവാണ്. അതിനിടയിലാണ് തൊഴിലും ജാതിവ്യവസ്ഥയും തമ്മിൽ യോജിപ്പിച്ചു കൊണ്ടുള്ള പ്രീണന പദ്ധതികൾ അടിച്ചേൽപ്പിക്കപ്പെടുന്നത്.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.