9 May 2024, Thursday

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗുരുതര ജാതിവിവേചനം

Janayugom Webdesk
ന്യൂഡല്‍ഹി
July 6, 2023 11:57 pm

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ജാതി വിവേചനം ഗുരുതര വിഷയമാണെന്ന് സുപ്രീം കോടതി. പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിവേചനം അടിയന്തരമായി അവസാനിപ്പിക്കാന്‍ യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യുജിസി) നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ജാതി വിവേചനത്തിനിരയായി ജീവനൊടുക്കിയ രോഹിത് വെമുല, പായല്‍ തദ്‌വി എന്നിവരുടെ അമ്മമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ദളിത് വിദ്യാര്‍ത്ഥികള്‍ ജാതീയമായി ഉള്‍പ്പെടെ അനുഭവിക്കുന്ന വിവേചനം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല 2016 ലാണ് ജാതി വിവേചനത്തിന്റെ ഇരയായി ആത്മഹത്യ ചെയ്തത്. മുംബൈയിലെ ടിഎന്‍ തോപ്പിവാല നാഷണല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനിയായിരുന്ന ആദിവാസി വിഭാഗത്തിലെ പായല്‍ തദ്‌വി 2019ല്‍ കോളജ് ഹോസ്റ്റലില്‍ ജീവനൊടുക്കി. ഇത്തരം ദൗര്‍ഭാഗ്യകരമായ നടപടികള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നിയമ നിര്‍മ്മാണം അടക്കം യുജിസി ആലോചിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതി വിവേചനം നിലനില്‍ക്കുന്നു എന്നത് ഗുരുതരമായ സ്ഥിതിവിശേഷമായി കോടതി വിലയിരുത്തി. ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാനും സമത്വം ഉറപ്പുവരുത്താനും ബാധ്യതയുള്ള യുജിസി കര്‍ശനമായ നടപടി സ്വീകരിക്കണം. ഇത്തരം മനുഷ്യത്വരഹിതമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ അധികൃതര്‍ സ്വീകരിക്കണം.
ഇത്തരം സ്ഥാപനങ്ങളില്‍ കൊടിയ ജാതി വിവേചനം നിലനില്‍ക്കുന്നതായി ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ ഇന്ദിരാ ജയ്‌സിങ് ബോധിപ്പിച്ചു. വിവേചനത്തിന്റെ ഫലമായി മുന്‍വര്‍ഷങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യയില്‍ അഭയം തേടിയതായും അവര്‍ പറഞ്ഞു. കേസ് നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. 

Eng­lish Sum­ma­ry: Seri­ous caste dis­crim­i­na­tion in insti­tu­tions of high­er education

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.