20 December 2025, Saturday

Related news

December 19, 2025
December 16, 2025
December 14, 2025
December 10, 2025
December 10, 2025
December 5, 2025
December 5, 2025
November 26, 2025
November 2, 2025
November 1, 2025

മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസം; പ്രമേയം കൊണ്ടുവരാന്‍ ‘ഇന്ത്യ’യുടെ നീക്കം

* പാര്‍ലമെന്റില്‍ 2003 ന് ശേഷം ആദ്യം
* സഭകള്‍ ഇന്നും പ്രക്ഷുബ്ധം
റെജി കുര്യന്‍
ന്യൂഡല്‍ഹി
July 25, 2023 11:00 pm

മണിപ്പൂര്‍ കലാപം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നും വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. വിഷയത്തില്‍ കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷസഖ്യം നീക്കം തുടങ്ങി. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനം.
ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസിലെ (ഇന്ത്യ) പാർട്ടികളുടെ യോഗം നിർദേശം ചർച്ച ചെയ്തു. വംശീയ കലാപം തുടരുന്ന മണിപ്പൂരിലെ സ്ഥിതിഗതികളിൽ പ്രധാനമന്ത്രി പാർലമെന്റിൽ വിശദീകരണം നൽകണമെന്ന ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം ശക്തമായ നിലപാടിലേക്ക് നീങ്ങുന്നത്. വിഷയത്തിൽ മോഡിയെ കൊണ്ട് സംസാരിപ്പിക്കുവാൻ അവിശ്വാസപ്രമേയത്തിന് സാധിക്കുമെന്ന് പ്രതിപക്ഷം കരുതുന്നു. നടപ്പായാല്‍ 2003 ന് ശേഷമുള്ള പാര്‍ലമെന്റിലെ ആദ്യ അവിശ്വാസ പ്രമേയമാകും ഇത്. 

പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാതെ അച്ചടക്ക നടപടികളുമായി സര്‍ക്കാര്‍ നിലയുറപ്പിച്ചതോടെ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നലെയും സ്തംഭിച്ചു. രാവിലെ സമ്മേളിച്ച രാജ്യസഭയില്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് 51 പ്രതിപക്ഷ അംഗങ്ങളാണ് റൂള്‍ 267 പ്രകാരം നോട്ടീസ് നല്‍കിയത്. ഇതിന് പ്രതിരോധമൊരുക്കാന്‍, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ നടന്ന അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് 11 ഭരണപക്ഷ അംഗങ്ങള്‍ 176 പ്രകാരം നോട്ടീസ് നല്‍കി. മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സമാന സംഭവങ്ങള്‍ ചര്‍ച്ചയാക്കാന്‍ സന്നദ്ധമെന്ന് രാജ്യസഭാ നേതാവ് പിയൂഷ് ഗോയല്‍ വ്യക്തമാക്കി. എന്നാല്‍ റൂള്‍ 267 പ്രകാരമുള്ള നോട്ടീസുകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ റൂള്‍ 176 പ്രകാരമുള്ള നോട്ടീസുകള്‍ സസ്‌പെന്റ് ചെയ്യുന്ന കീഴ്‌വഴക്കമാണ് സഭയ്ക്കുള്ളതെന്ന് ടിഎംസി അംഗം ഡെറിക് ഓബ്രയാന്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം പ്രതിഷേധം തീര്‍ത്തതോടെ രാജ്യസഭാ നടപടികള്‍ തടസപ്പെട്ടു.

ആദ്യം 12 മണിവരെ നിര്‍ത്തിവച്ച സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രതിരോധം കനത്തതോടെ രണ്ടു മണിവരെ നിര്‍ത്തി വച്ചു. പിന്നീട് സമ്മേളിച്ചപ്പോഴും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. ഇത് അവഗണിച്ച് ഛത്തീസ്ഗഢിലെ ചില വിഭാഗങ്ങളെ എസ‌്ടി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ഭരണഘടനാ (എസ‌്ടി) ചട്ടം (അഞ്ചാം ഭേദഗതി) ബില്‍ 2022 പാസാക്കി സഭ പിരിഞ്ഞു.
രാവിലെ സമ്മേളിച്ച ലോക്‌സഭ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ രണ്ടുവരെ നിര്‍ത്തിവച്ചു. പിന്നീട് സമ്മേളിച്ചപ്പോഴും പ്രതിപക്ഷം പ്രതിരോധം തീര്‍ത്തതോടെ വൈകുന്നേരം അഞ്ച് വരെ നിര്‍ത്തിവച്ചു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം തുടരുന്നു. ഇതിനിടയിലും ചോദ്യവേള മുന്നോട്ടു കൊണ്ടുപോകാന്‍ ലോക്‌സഭാ ഉപാധ്യക്ഷന്‍ നടത്തിയ ശ്രമങ്ങളെ പ്രതിപക്ഷം ചെറുത്തു തോല്‍പ്പിച്ചതോടെ സഭ പിരിഞ്ഞു. 

വൈകുന്നേരം അഞ്ചിന് വീണ്ടും സമ്മേളിച്ച ലോക്‌സഭ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. ഇതിനിടയിലും സംസ്ഥാന സഹകരണ സൊസൈറ്റി ഭേദഗതി ബില്‍ അവതരിപ്പിച്ച് ശബ്ദവോട്ടോടെ പാസാക്കിയ ശേഷമാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിച്ചത്. സുപ്രധാനമായ 31 ബില്ലുകളാണ് നടപ്പു സമ്മേളനത്തില്‍ സര്‍ക്കാരിന് പാര്‍ലമെന്റിന്റെ അനുമതിയോടെ പാസാക്കേണ്ടത്. ബില്‍ ചര്‍ച്ചകളില്‍ ഇരുസഭകളിലും പ്രതിപക്ഷം വിട്ടു നിന്നു.

Eng­lish Sum­ma­ry: Mis­trust on the Manipur issue; Motion of ‘India’ to bring resolution

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 19, 2025
December 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.