22 December 2024, Sunday
KSFE Galaxy Chits Banner 2

അധികാരം നിലനിര്‍ത്താന്‍ ജനാധിപത്യത്തെ കൊല്ലരുത്

Janayugom Webdesk
October 26, 2023 5:00 am

നാല് വര്‍ഷം മുമ്പ് 2019ല്‍ സെെന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കര‑നാവിക‑വ്യോമസേനയിലെ എട്ട് മേധാവികളടക്കം നൂറിലധികം മുൻ ഉദ്യോഗസ്ഥര്‍ ഒപ്പുവച്ച ഒരു കത്ത് നല്‍കി. സെെനിക നടപടികൾ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്. കത്തിനിടയാക്കിയതാകട്ടെ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ നടപടികളും. ‘പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സേന’യെന്ന് സെെന്യത്തെ വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും യൂണിഫോം, മറ്റ് അടയാളങ്ങൾ തുടങ്ങി സെെനിക നടപടികൾ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നത് തടയണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടത്. മുൻകാലങ്ങളിലും അതിർത്തിയിൽ സെെനിക നടപടികൾ ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും രാഷ്ട്രീയവല്‍ക്കരിക്കുന്ന നിലപാട് പാർട്ടികൾ സ്വീകരിച്ചിരുന്നില്ലെന്നും സെെനികർ വ്യക്തമാക്കിയിരുന്നു. സാധാരണപ്രവര്‍ത്തകര്‍ മാത്രമല്ല, മോഡിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് തന്നെ സെെനിക വിഭാഗങ്ങളെ ‘മോഡിജി കി സേന’ എന്ന് തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ വിശേഷിപ്പിച്ചിരുന്നു. അന്നും രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയായിരുന്നു. കശ്മീരിലെ പുല്‍വാമയില്‍ 40 സെെനികരുടെ ജീവന്‍ നഷ്ടപ്പെട്ടതായിരുന്നു പരാമൃഷ്ടവിഷയം. ഇപ്പോഴും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് രാജ്യം. വിജയത്തിനായി 2019ല്‍ സെെന്യത്തിന്റെ നടപടികളാണ് ഉപയോഗപ്പെടുത്തിയതെങ്കില്‍ ഇത്തവണ സെെന്യം ഉള്‍പ്പെടെ രാജ്യത്തിന്റെ മുഴുവന്‍ ഭരണ സംവിധാനത്തെയും സ്വന്തം പാര്‍ട്ടിയുടെ പ്രചാ‌രകരാക്കുകയാണ് മോഡി ഭരണകൂടം. അതിനവര്‍ക്ക് നിയമമോ നീതിയോ തടസമല്ല. വിധേയരായ, അടിമഭൃത്യരായ ഉന്നതാേദ്യോഗസ്ഥര്‍ മാത്രം മതി.

സർക്കാർ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലും 2024ലെ പൊതുതെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനാണ് നരേന്ദ്ര മോഡിയുടെ പാർട്ടിയും കേന്ദ്രസർക്കാരും പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്ന കാലത്ത് ഇഡി, സിബിഐ, ആദായ നികുതി വകുപ്പ് തുടങ്ങിയ അന്വേഷണ ഏജന്‍സികളെ എതിരാളികളെ നിഷ്ക്രിയരാക്കാന്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചതിനിടയിലാണ് സർക്കാർ ജീവനക്കാരെയും പട്ടാളക്കാരെയും പോലും രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കാൻ ലക്ഷ്യമിട്ട് നരേന്ദ്ര മോഡി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. നവംബർ 20 മുതൽ ജനുവരി 25 വരെ സംഘടിപ്പിക്കുന്ന ‘വികസിത് ഭാരത് സങ്കൽപ് യാത്ര’യുടെ ഭാഗമായി ‘ജില്ലാ രഥ പ്രഭാരി’ കൾ എന്ന പേരിൽ കേന്ദ്ര സർക്കാരിലെ ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് സർക്കാർ ഉത്തരവ്. സർക്കാർ ജീവനക്കാരെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് 1964ലെ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നിരിക്കെയാണ് ജനാധിപത്യ മര്യാദകൾ തൃണവല്‍ഗണിച്ചുകൊണ്ട് പേഴ്സണൽ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ 765 ജില്ലകളിലായി 2.69 ലക്ഷം പഞ്ചായത്തുകളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും ഇതിന് പ്രചാരകരായി ആവശ്യത്തിന് ഉദ്യോഗസ്ഥരെ വിട്ടുനൽകണമെന്നും നിർദേശിച്ചാണ് വിവിധ മന്ത്രാലയങ്ങൾക്ക് കേന്ദ്ര പേഴ്സണൽ മന്ത്രാലയം കത്തയച്ചത്. മൂന്ന് മാസം നീളുന്ന യാത്രയുടെ പ്രചാരണം പഞ്ചായത്തുതലത്തിൽ നടത്താനാണ് ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കുന്നത്. പ്രതിരോധ സേനാംഗങ്ങൾ, ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നിവരടക്കം കേന്ദ്രസർക്കാരിന്റെ വിളംബര ജാഥക്കാരാകണമെന്നാണ് ഉത്തരവിന്റെ ചുരുക്കം. ഇതിനെക്കാള്‍ ഗുരുതരമായ ഉത്തരവ് ഏതാനും ആഴ്ച മുമ്പ് സെെന്യത്തിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം നല്‍കിയിരുന്നു.


ഇതുകൂടി വായിക്കൂ: രാജ്യം അത്യസാധാരണമായ സാഹചര്യത്തില്‍


രാജ്യത്തെ ഒമ്പത് നഗരങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം വച്ച് 822 സെൽഫി പോയിന്റുകൾ സജ്ജമാക്കാനായിരുന്നു കര, നാവിക, വ്യോമ സേനകൾക്കും, ഡിആർഡിഒയ്ക്കും നിർദേശം നൽകിയത്. അവധിക്കു നാട്ടിൽ പോകുന്ന സേനാംഗങ്ങളെപ്പോലും മോഡി സർക്കാരിന്റെയും ബിജെപിയുടെയും പ്രചാരകരാക്കണമെന്നും സായുധസേനയ്ക്ക് നൽകിയ ഉത്തരവിലുണ്ട്. നാട്ടിലുള്ള സെെനികര്‍, അവിടെ കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്ന ‘സോൾജ്യർ അംബാസഡർമാരായി’ പ്രവർത്തിക്കാൻ സമയം കണ്ടെത്തണമെന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ നിർദേശം. രാഷ്ട്രത്തെ പ്രതിരോധിക്കാൻ ജവാന്മാരെ സജ്ജമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആർമി ട്രെയിനിങ് കമാൻഡ്, സർക്കാർ പദ്ധതികൾ പ്രചരിപ്പിക്കാനുള്ള സ്ക്രിപ്റ്റുകളും കെെപ്പുസ്തകങ്ങളും തയ്യാറാക്കുന്ന അവസ്ഥയിലെത്തുന്നത് അത്യന്തം ഗുരുതരമായ സ്ഥിതിയാണ്. സായുധ സേനയെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തേണ്ടത് ജനാധിപത്യത്തിൽ അത്യന്താപേക്ഷിതമാണ്. അധികാരം നിലനിര്‍ത്താന്‍ തല്‍ക്കാലം സെെന്യത്തെ കൂട്ടുപിടിക്കുന്ന സ്വേച്ഛാധിപതികള്‍ രാജ്യത്തിന്റെ സുരക്ഷ അപകടപ്പെടുത്തുകയും ഒടുവില്‍ ജനാധിപത്യത്തെത്തന്നെ അട്ടിമറിക്കുകയും ചെയ്യുമെന്നതിന്റെ പ്രത്യക്ഷോദാഹരണമാണ് അയല്‍രാജ്യമായ പാകിസ്ഥാന്‍. മുക്കാല്‍ നൂറ്റാണ്ടായി ഇന്ത്യ കാത്തുസൂക്ഷിക്കുന്ന ജനാധിപത്യത്തെ സ്വേച്ഛാരാഷ്ട്രീയത്തിന് വേണ്ടി കുരുതികൊടുക്കാന്‍ അനുവദിച്ചുകൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.