
ഗുരുതര ലൈംഗികാരോപണങ്ങളിൽ കുരുങ്ങി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവയ്ക്കേണ്ടിവന്ന രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന ആവശ്യം വ്യാപകമായിരിക്കെ കോൺഗ്രസിലും പടയൊരുക്കം ശക്തമായി.
എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തിയതോടെ പാർട്ടി നേതൃത്വം വെട്ടിലാണ്. അതേസമയം പുതിയ പുതിയ വെളുപ്പെടുത്തലുണ്ടായിട്ടും മാളത്തിലൊളിച്ചിരിക്കുകയാണ് രാഹുല്‍. യുവതികളുടെ കൂടുതല്‍ ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ തനിക്കെതിരായ പരാതികളിൽ വിശദീകരണം നൽകുന്നതിനെന്ന് പറഞ്ഞ് വിളിച്ച വാർത്താസമ്മേളനം അവസാനനിമിഷം ഉപേക്ഷിക്കുകയും ചെയ്തു.
സാങ്കേതികത്വം പറഞ്ഞ് എംഎൽഎ സ്ഥാനം രാജിവയ്ക്കാതിരിക്കുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കും യുഡിഎഫിനും വിനയാകുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എന്തുവന്നാലും രാജിവയ്ക്കില്ലെന്ന നിലപാടിലാണ് രാഹുൽ.
എംഎൽഎ പദവി രാജിവയ്ക്കണമെന്ന് പാർട്ടിക്കുള്ളിൽ മുതിർന്ന നേതാക്കൾ അടക്കം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ഗൗരവമുള്ള ആരോപണമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നതെന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞു. ഏത് പ്രസ്ഥാനങ്ങളിലുള്ളവരായാലും പൊതുപ്രവര്‍ത്തകര്‍ മാതൃകയാകേണ്ടവരാണ്. വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരാകണം. തന്റെ കൂടി നിലപാടാണ് കെ സി വേണുഗോപാലും വി ഡി സതീശനും സണ്ണി ജോസഫും പറഞ്ഞിട്ടുള്ളതെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.
രാജി ആവശ്യത്തിൽ ഗ്രൂപ്പിന് അതീതമായി നേതാക്കൾ ഒരുമിച്ച് നിൽക്കുമ്പോഴും വി ഡി സതീശൻ അനുകൂലികളാണ് രാഹുലിന് സംരക്ഷണം ഒരുക്കുന്നത്. പാർട്ടിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ നിലപാടുകളിൽ മാറ്റംവരുത്തി പ്രതിപക്ഷ നേതാവും രംഗത്തെത്തി. പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നാണ് വി ഡി സതീശൻ ഇന്നലെ പറഞ്ഞത്. സംഘടനാ ചുമതലയിൽ നിന്ന് രാഹുലിനെ മാറ്റിയത് ആദ്യപടിയാണ്. രാഹുലിനെതിരായ പരാതികൾ ഗൗരവത്തോടെ പരിശോധിക്കുമെന്നും പരാതിക്കാരെ ആക്രമിക്കാൻ അനുവദിക്കില്ലെന്നും സതീശൻ വ്യക്തമാക്കി.
പരാതിക്കാരിക്കെതിരെയുള്ള വി കെ ശ്രീകണ്ഠന്റെ പ്രസ്താവന പൊളിറ്റിക്കലി ഇൻകറക്ടാണ്. പരാമർശം നടത്തിയതിന് പിന്നാലെ ശ്രീകണ്ഠനെ വിളിച്ചിരുന്നു. ഉടൻ അത് തിരുത്തിയെന്നും സതീശൻ പറഞ്ഞു.
ഇതിനിടെ രാഹുലിനെ ന്യായീകരിച്ച് ഷാഫി പറമ്പിൽ രംഗത്തെത്തി. രാഹുലിനെതിരെ നിയമപരമായ ഒരു പരാതിയുമില്ലെന്നും അദ്ദേഹം രാജിവച്ചത് ധാർമികത ഉയർത്തിപ്പിടിച്ചാണെന്നുമാണ് ഷാഫി പറമ്പിലിന്റെ വാദം. താൻ ബിഹാറിലേക്ക് മുങ്ങിയതല്ലെന്നും മാധ്യമങ്ങളെ നേരിട്ട് കാണണമെന്നതിന് ഇത്ര നിർബന്ധം എന്താണെന്നും ഷാഫി ചോദിച്ചു. രാഹുലിനെതിരെ തനിക്കും ആരും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഷാഫി കൂട്ടാക്കിയില്ല. അതേസമയം രാഹുലിനെതിരെ പാർട്ടിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് കേരള ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ പ്രതികരണം. എംഎൽഎ സ്ഥാനത്തുനിന്ന് ഇപ്പോൾ മാറേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. എന്നാല്‍ കൂടുതല്‍പേര്‍ പരാതിയുമായി രംഗത്തെത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാഹുലിനെ നേതൃത്വത്തിന് കൈവിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.