തൊഴിലാളികള്‍ക്ക് തൊഴിലിനും വേതനത്തിനും യാതൊരു ഉറപ്പുമില്ലാതെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി 15 വര്‍ഷം പിന്നിടുകയാണ്. ഓരോ സാമ്പത്തിക വര്‍ഷം കഴിയുമ്പോഴും പദ്ധതി കൂടുതല്‍ പ്രതിസന്ധി നേരിടുകയാണ്. പദ്ധതിയുടെ അടിസ്ഥാനപരമായ ലക്ഷ്യത്തില്‍ നിന്ന് മാറി സഞ്ചരിക്കുവാന്‍ തുടങ്ങിയിട്ട് ഏറെ വര്‍ഷങ്ങളായി. ഒരു കുടുംബത്തിന് കുറഞ്ഞത് നൂറു ദിവസം തൊഴില്‍ ഉറപ്പുവരുത്തുന്ന പദ്ധതിയില്‍ ശരാശരി 50 ദിവസത്തെ തൊഴില്‍ നല്കാന്‍ പോലും കഴിയുന്നില്ല. 2018–19 ല്‍ 50.88, 2019–20ല്‍ 48.8, 2020–21 ല്‍ 51.2 ദിവസവുമാണ് ശരാശരി തൊഴില്‍ ദിനങ്ങള്‍ രാജ്യത്ത് നല്കിയത്. 2021–22ല്‍ മൂന്നു മാസം ബാക്കി നില്ക്കേ ശരാശരി തൊഴില്‍ദിനം 41.47 മാത്രമാണ് നല്കാന്‍ കഴിഞ്ഞത്.
കേരളം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65 ദിവസത്തെ ശരാശരി തൊഴില്‍ ദിനങ്ങള്‍ വഴി ദേശീയ ശരാശരിയേക്കാള്‍ 14 ദിവസം കൂടുതല്‍. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷം കേരളത്തിന്റെ സ്ഥിതിയും ആശാവഹമല്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദേശീയശരാശരി 51 ദിവസത്തെ തൊഴില്‍ ദിനങ്ങള്‍ ലഭിച്ചപ്പോള്‍ ആകെ ചെലവഴിച്ച തുക ഒരു ലക്ഷത്തിപ്പതിനൊന്നായിരം കോടിയാണ്. അത്രയും തുക ചെലവഴിച്ച അനുഭവം നില്ക്കുമ്പോഴാണ് 2021–22 സാമ്പത്തിക വര്‍ഷം 73,000 കോടി ബജറ്റില്‍ വകയിരുത്തിയത്. അതായത് 38,000 കോടി രൂപയുടെ കുറവാണ് ഗവണ്‍മെന്റ് ബജറ്റില്‍ വരുത്തിയത്. നിലവില്‍ ബജറ്റില്‍ വകയിരുത്തിയ തുക പൂര്‍ണമായും ചെലവഴിച്ചു കഴിഞ്ഞു. 10,000 കോടിയില്‍ അധികം തുക ഇപ്പോള്‍ കുടിശിക നല്കാനുണ്ട്. മെറ്റീരിയല്‍ ഉപയോഗിച്ചു ചെയ്യുന്ന പ്രവൃത്തികളുടെ തുക കഴിഞ്ഞ അഞ്ച് മാസക്കാലമായി കുടിശികയാണ്. ഗ്രാമപ്രദേശങ്ങളില്‍ ക്ഷീരകര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ പണിത കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിഷെഡ്, പന്നിക്കൂട് അടക്കമുള്ള പ്രവൃത്തിയുടെ തുക കടം വാങ്ങി ചെയ്തവര്‍ കഴിഞ്ഞ അഞ്ചു മാസത്തിലധികമായി പദ്ധതിയില്‍ നിന്ന് തുക ലഭിക്കാതെ വിഷമിക്കുകയാണ്. തൊഴിലാളികളുടെ വേതനം കുടിശികയായി തുടങ്ങി. തനത് സാമ്പത്തിക വര്‍ഷം അമ്പതിനായിരം കോടി രൂപ അധികമായി അനുവദിക്കാതെ പദ്ധതി മുന്നോട്ടു പോകില്ല. തുക പദ്ധതിയില്‍ കുറവുവരുത്തിയത് കൊണ്ട് ആവശ്യാനുസരണം തൊഴില്‍ ദിനങ്ങള്‍ നല്കാതിരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ചെയ്തിരിക്കുകയാണ്. തൊഴിലും വേതനവും ലഭിക്കാതെ പദ്ധതിയെ ആശ്രയിച്ചു ജീവിക്കുന്ന തൊഴിലാളികള്‍ മറ്റ് തൊഴില്‍ മേഖലകളെ ആശ്രയിക്കേണ്ടിവരുന്നു.
രാജ്യത്ത് 9.87 കോടി കുടുംബങ്ങളില്‍ നിന്നായി 15.19 കോടി തൊഴിലാളികള്‍ പദ്ധതിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. 29.9 കോടി മനുഷ്യരാണ് തൊഴില്‍ കാര്‍ഡ് എടുത്തിട്ടുള്ളവര്‍. രാജ്യത്ത് ആകെ തൊഴിലാളികളുടെ 20.21 ശതമാനം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും 16.11 ശതമാനം പേര്‍ പട്ടികവര്‍ഗത്തില്‍പ്പെട്ടവരുമാണ്. അതായത് 36.32 ശതമാനം തൊഴിലാളികളും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. വനിതകളുടെ പങ്കാളിത്തം ദേശീയാടിസ്ഥാനത്തില്‍ നടപ്പുവര്‍ഷം 54.26 ശതമാനമാണ്. 33 ശതമാനം സ്ത്രീകള്‍ക്ക് തൊഴില്‍ സംവരണം ചെയ്തിട്ടുള്ള തൊഴിലുറപ്പു പദ്ധതിയില്‍ കേരളത്തില്‍ സ്ത്രീ പ്രാതിനിധ്യം 93 ശതമാനമാണ്. വേതനം വിതരണം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ജാതി വിഭജനം രാജ്യത്താകെ പ്രതിഷേധത്തിന് ഇടവരുത്തി. ഒരു സൈറ്റില്‍ നിന്ന് ഒന്നിച്ചു തൊഴില്‍ എടുത്തുകൊണ്ടിരുന്ന തൊഴിലാളികള്‍ക്ക് ജാതി അടിസ്ഥാനത്തില്‍ വേതനം വിതരണം ചെയ്തത് തൊഴിലെടുക്കുന്നതിനും വേതനം കൈപ്പറ്റുന്നതിനും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള തൊഴിലിനും വേതനത്തിനുമുള്ള തുല്യ അവകാശത്തെ ഹനിക്കുന്നതാണ്.
പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചിട്ട് 15 വര്‍ഷം പിന്നിടുമ്പോഴും ഒരു തരത്തിലുള്ള മെച്ചപ്പെട്ട ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്നില്ല. മിനിമം വേതനം നടപ്പിലാക്കണം എന്ന ആവശ്യം നിരാകരിക്കപ്പെടുകയാണ്. ഈ മേഖലയില്‍ തൊഴിലെടുത്ത് അന്തസായ ഉപജീവനം നടത്താനാവശ്യമായ തൊഴില്‍ ദിനങ്ങള്‍ നല്കേണ്ടത് അംഗീകരിക്കപ്പെടുന്നില്ല. തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും തൊഴില്‍ സ്ഥലത്ത്‍ വച്ചുണ്ടാകുന്ന മരണമോ സ്ഥിര അംഗവൈകല്യമോ സംഭവിച്ചാല്‍ 25,000 രൂപ സഹായധനം നല്കുന്നത് മാറ്റി അഞ്ചു ലക്ഷം രൂപ നല്കണം തുടങ്ങിയ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നില്ല. 2021–22 സാമ്പത്തിക വര്‍ഷം എല്ലാ സംസ്ഥാനങ്ങളിലും വേതനവര്‍ധനവ് നടപ്പിലാക്കി എന്നാല്‍ കേരളത്തേയും ലക്ഷദ്വീപിനേയും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. കേരളത്തോടും ലക്ഷദ്വീപിനോടും മോഡി സര്‍ക്കാര്‍ തുടരുന്ന രാഷ്ട്രീയ വിമോചനമാണ് അതിലൂടെ വെളിപ്പെടുന്നത്.
എക്കാലവും രാജ്യത്തിന് മാതൃകയായിട്ടുള്ള കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിസര്‍ക്കാര്‍ തൊഴിലുറപ്പ് തൊഴിലാളികളോടുള്ള കടമയും ബാധ്യതയും തെളിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സ് ആവശ്യപ്പെട്ടുകൊണ്ട് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന്‍ ദീര്‍ഘനാളായി നടത്തിവന്ന സമരത്തിനും നിവേദനങ്ങള്‍ക്കും ഫലം കണ്ടു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 100 ദിവസം തൊഴില്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് 1000 രൂപ ഫെസ്റ്റിവല്‍ അലവന്‍സ് നല്കി. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 75 ദിവസം തൊഴില്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് അലവന്‍സ് നല്കാന്‍ തീരുമാനിക്കുകയും അത് നല്കുകയും ചെയ്തു. ഫെഡറേഷന്‍ സര്‍ക്കാരിനോട് 50 ദിവസം തൊഴില്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സ് നല്കണം എന്ന് ആവശ്യപ്പെട്ടത് അംഗീകരിച്ച് നടപ്പിലാക്കും എന്ന പ്രതീക്ഷയിലാണ്.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദേശീയ ക്ഷേമനിധി ആവശ്യപ്പെട്ടുകൊണ്ടുള്ള ഫെഡറേഷന്റെ സമരങ്ങള്‍ 10 വര്‍ഷം പിന്നിടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യം അവഗണിച്ചപ്പോഴാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ ഫെഡറേഷന്‍ സമീപിച്ച് നിവേദനം നല്കിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷ ബജറ്റില്‍ ക്ഷേമനിധി പ്രഖ്യാപിച്ചു. 2021 ഓഗസ്റ്റ് മാസം ക്ഷേമനിധി ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ട് പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 12ന് കേരള നിയമസഭ തൊഴിലുറപ്പ് ക്ഷേമനിധി നിയമം പാസാക്കിയതോടെ കേരളത്തിലെ 25 ലക്ഷത്തോളം വരുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പു തൊഴിലാളികള്‍ക്കും നാല് ലക്ഷത്തോളം വരുന്ന അയ്യങ്കാളി തൊഴിലുറപ്പു തൊഴിലാളികള്‍ക്കും ആശ്വാസമായി ക്ഷേമനിധി നിലവില്‍ വന്നു. ക്ഷേമനിധി നിയമത്തില്‍ പോരായ്മകളുണ്ട്. ഒരു കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലെടുക്കുന്ന തൊഴില്‍ മേഖല എന്ന നിലയില്‍ നിയമത്തില്‍ ഭേദഗതി അനിവാര്യമാണ്. ആവശ്യമായ ഭേദഗതി നിര്‍ദേശങ്ങള്‍ തയാറാക്കി എല്‍ഡിഎഫില്‍ നല്കുന്നതിന് ഫെഡറേഷന് കഴിഞ്ഞിട്ടുണ്ട്. ആവശ്യമായ ചര്‍ച്ചകള്‍ക്ക് ശേഷം അനിവാര്യമായ ഭേദഗതി ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ക്ഷേമനിധിയുടെ ചട്ടങ്ങള്‍ ഇനിയും ആയിട്ടില്ല. അടിയന്തരമായി സര്‍ക്കാര്‍ ചട്ടം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കരുതുന്നു.
ഈ മേഖലയിലെ തൊഴിലാളികള നിരവധി പ്രതിസന്ധി നേരിടുകയാണ്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി നടപ്പിലാക്കിയ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തനം ആശാവഹമല്ല. ദേശീയ തൊഴിലുറപ്പ് പദ്ധതി മോഡലില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്കുന്നതിന് ആരംഭിച്ച പദ്ധതിയാണ്. എന്നാല്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ തൊഴില്‍ നഗരപ്രദേശങ്ങളില്‍ ലഭിക്കുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യമായ കൂടിയാലോചനകള്‍ നടത്തി തൊഴിലാളികള്‍ക്ക് ആവശ്യാനുസരണം തൊഴിലും വേതനവും നല്കണം. അത് തൊഴിലാളി വര്‍ഗ സര്‍ക്കാരിന്റെ കടമയാണ്.
തൊഴിലുറപ്പ് രംഗത്ത് വന്നിട്ടുള്ള മാറ്റങ്ങളും സംഘടനാപരമായ കാര്യങ്ങളും സംസ്ഥാനത്തെ ഫെഡറേഷന്‍ പ്രവര്‍ത്തകരെ മനസിലാക്കുന്നതിലേക്കും കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് രംഗത്ത് നടത്തുന്നതിനായി ഫെഡറേഷന്റെ നേതൃത്വത്തില്‍ 2021 ഡിസംബര്‍ 28, 29 തീയതികളില്‍ തൃശൂര്‍ പീച്ചിയില്‍ വച്ച് നേതൃത്വ ക്യാമ്പ് നടക്കുകയാണ്. 14 ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത നേതാക്കള്‍ ക്യാമ്പില്‍ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.