ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ തുണയായിരുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വലിയൊരു വിഭാഗത്തിന് നിഷേധിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ ഏകദേശം 1.5 കോടി പേർക്ക് ജോലി നിഷേധിക്കപ്പെട്ടുവെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലെ പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ പുരോഗതി റിപ്പോർട്ടിലാണ് തൊഴില്‍നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായ 2020–21, 21–22 വർഷങ്ങളിൽ പോലും, പദ്ധതിക്ക് കീഴിലുള്ള ജോലികൾ വർധിച്ചിരുന്ന സാഹചര്യത്തില്‍ നിന്നാണ് 2022 ഏപ്രിൽ മുതൽ ഒക്‌ടോബർ വരെ കുത്തനെ ഇടിവുണ്ടായത്. 2020–21‑ൽ സമ്പൂർണ ലോക്ഡൗണും തുടർന്നുള്ള നിയന്ത്രണങ്ങളും നിലനില്‍ക്കേ 13.3 കോടിയിലധികം പേര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി തേടി. ഇതില്‍ 11.2 കോടി പേർക്ക് ജോലി നൽകി. 2.1 കോടി അപേക്ഷകരാണ് പുറത്തായത്. തൊട്ടടുത്ത സാമ്പത്തിക വര്‍ഷം 12.4 കോടി പേർ അപേക്ഷിച്ചെങ്കിലും 10. 6 കോടി പേർക്ക് മാത്രമാണ് ജോലി ലഭിച്ചത്. 1.73 കോടി പേർക്ക് തൊഴില്‍ നിഷേധിക്കപ്പെട്ടു.
കോവിഡിന് മുമ്പും ഈ വിടവ് ഉണ്ടായിരുന്നെങ്കിലും അത്ര ഉയർന്നിരുന്നില്ല. 2019–20 ൽ 9.3 കോടി അപേക്ഷകരില്‍ 7.9 കോടി പേർക്ക് തൊഴില്‍ ലഭിച്ചു. 2018–19ൽ തൊഴില്‍ നിരസിക്കപ്പെട്ടവരുടെ എണ്ണം 1.3 കോടിയാണ്. എന്നാല്‍ നടപ്പ് സാമ്പത്തിക വർഷത്തിൽ, ഒക്‌ടോബർ 21 വരെയുള്ള അപേക്ഷകരിൽ 18 ശതമാനം പേർക്കാണ് തൊഴില്‍ നിരസിക്കപ്പെട്ടത്.
പദ്ധതിക്കായി അനുവദിച്ച ഫണ്ടിന്റെ അപര്യാപ്തതയും അനുമതി വൈകുന്നതുമാണ് തൊഴില്‍ നൽകാത്തതിന് കാരണമാകുന്നത്. വർഷങ്ങളായി തുടരുന്ന കുടിശിക അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കുന്ന അവസ്ഥ തുടരുന്നതിനാല്‍ ഫണ്ട് കുറച്ച് ഉപയോഗിക്കാനും സമ്മർദ്ദമുണ്ട്. മിക്ക വർഷവും ആരംഭിക്കുന്നത് പരിമിതമായ വിഹിതത്തോടെയാണ്. സംസ്ഥാന സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും തൊഴിലാളികളും ഒരു മുറവിളി ഉയർത്തിയതിന് ശേഷമായിരിക്കും പിന്നീട് തുക അനുവദിക്കുക.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ 59,795 കോടി രൂപയാണ് പദ്ധതിക്കായി ലഭ്യമായിരുന്നത്. കേന്ദ്ര‑സംസ്ഥാന ഗ്രാന്റുകളും മുൻ വർഷത്തേക്കുള്ള കുടിശികയും ചേര്‍ന്നാണിത്. ഒക്‌ടോബർ വരെയുള്ള യഥാർത്ഥ ചെലവ് 57,801 കോടി. കുടിശികയായി 6,247 കോടി രൂപ നൽകാനുണ്ട്. അതനുസരിച്ച് 4,254 കോടി രൂപ കമ്മിയാണ്. വർഷത്തിന്റെ പകുതി പിന്നിട്ടപ്പോഴാണിത്. വർഷാവസാനത്തോടെ കമ്മി ഇനിയും കൂടാനാണ് സാധ്യത.
ചില സംസ്ഥാനങ്ങൾക്ക് ഇതിനകം തന്നെ വലിയ കമ്മിയുണ്ട്. തമിഴ്‌നാട് 1.79 ലക്ഷം കോടി, പശ്ചിമ ബംഗാൾ 1.3 ലക്ഷം കോടി, രാജസ്ഥാൻ 31,223 കോടി, മഹാരാഷ്ട്ര 35,663 കോടി, മധ്യപ്രദേശ് 1.22 ലക്ഷം കോടി, കർണാടക 65,573 കോടി തുടങ്ങിയവയാണ് വന്‍ കുടിശികയുള്ള സംസ്ഥാനങ്ങള്‍. കേന്ദ്രസർക്കാർ വിഹിതം വർധിപ്പിച്ച് തുക യഥാസമയം അനുവദിക്കുക മാത്രമാണ് ഈ ദുരവസ്ഥയിൽ നിന്ന് കരകയറാനുള്ള പോംവഴിയെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
English Summary: MNREGA 1.5 crore people were denied employment in six months
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.