പട്ടികവര്‍ഗ വിഭാഗത്തിലെ കായിക പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനുള്ള കേരളത്തിലെ ആദ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളായ കരിന്തളം ഇഎംആര്‍എസ് സ്‌കൂള്‍ ഉദ്ഘാടനത്തിനൊരുങ്ങി.
കാസര്‍കോട് ജില്ലയുടെ കായികവികസനത്തിനു കുതിപ്പേകുന്ന ചുവടുവയ്പ്പാണ് കൂട്ടപ്പുനയില്‍ ആരംഭിക്കുന്ന ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂള്‍. പട്ടിക വര്‍ഗക്കാരില്‍ നിന്നും മികച്ച കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും മികച്ച വിദ്യഭ്യാസം നല്‍കുകയുമാണ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ലക്ഷ്യം. കേന്ദ്ര പട്ടികവര്‍ഗ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
2018 ലാണ് പരപ്പ ബ്ലോക്കിലെ കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ഇഎംആര്‍എസ് സ്‌കൂള്‍ അനുവദിക്കുന്നത്. തുടര്‍ന്ന് കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തില്‍ 10 ഏക്കര്‍ റവന്യു ഭൂമി ഏറ്റെടുത്തിരുന്നു. സ്‌കൂള്‍ കെട്ടിടം, ഹോസ്റ്റല്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഗ്രൗണ്ട്, നീന്തല്‍ കുളം അടക്കമുള്ള നിര്‍മാണപ്രവര്‍ത്തനത്തിനു ഭരണാനുമതി ലഭിക്കുകയും ചെയ്തു. നിലവില്‍ ഗ്രൗണ്ടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
നിലവില്‍ മടിക്കൈ കൂട്ടപ്പുനയിലെ കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കുക. ഇരുനിലകളിലായുള്ള കെട്ടിടത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള താമസസ്ഥലം, കിച്ചണ്‍, ഭക്ഷണ മുറി, രണ്ടു ക്ലാസ് മുറികള്‍, ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ ഗ്രൗണ്ട് സൗകര്യം കുറവായതിനാല്‍ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിലാണ് കായിക പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സ്‌കൂളില്‍ അധ്യാപക അനധ്യാപക ജീവനക്കാരുടെ നിയമനവും പൂര്‍ത്തിയായിട്ടുണ്ട്.
30 ആണ്‍കുട്ടികള്‍ക്കും, 30 പെണ്‍കുട്ടികള്‍ക്കുമാണ് ആറാം ക്ലാസിലേക്കാണ് പ്രവേശനം നടത്തുന്നത്. കേരളമെമ്പാടുമുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിവിധ കായിക ഇനങ്ങളില്‍ പ്രാവീണ്യം തെളിയിച്ച കുട്ടികളെയാണ് തെരഞ്ഞെടുക്കുന്നത്. ടെസ്റ്റ് ഇന്റര്‍വ്യൂ അടക്കമുള്ള കടമ്പകള്‍ കടന്നാണ് കുട്ടികള്‍ക്ക് പ്രവേശനം. ആറാം ക്ലാസ് മുതല്‍ പ്ലസ്ടുവരെയുള്ള വിദ്യാഭ്യാസത്തോടൊപ്പം മികച്ച കായിക പരിശീലനവും നല്‍കുകയാണ് ലക്ഷ്യം. നിലവില്‍ 54 കുട്ടികള്‍ പ്രവേശനം നേടിയിട്ടുണ്ട്. സിബിഎസ്ഇ സിലബസിലാണ് സ്‌കൂളിലെ അധ്യയനം നടത്തുക.
പരപ്പ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ് പരിധിയില്‍ വരുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളിന്റെ ഉദ്ഘാടനം 16ന് രാവിലെ പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്കക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി അധ്യക്ഷനാകും. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. പട്ടിക വര്‍ഗ വികസന ഡയറക്ടര്‍ ടി വി അനുപമ , ജില്ലാകളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, വിദ്യാഭ്യാസ, പട്ടികവര്‍ഗവികസന വകുപ്പ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ കൃഷ്ണപ്രകാശ്, മുന്‍ എംപി പി കരുണാകരന്‍, മുന്‍ എംഎല്‍എ എം കുമാരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി, കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി മേഘശ്രീ തുടങ്ങിയ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.