22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതില്‍ മോഡി സര്‍ക്കാര്‍ പരാജയം

കടുത്ത വിമര്‍ശനവുമായി മുന്‍ ധനകാര്യ സെക്രട്ടറിയുടെ പുസ്തകം 
Janayugom Webdesk
ന്യൂഡല്‍ഹി
October 6, 2024 10:44 pm

രാജ്യത്തെ വായു, ജലം, മണ്ണ് എന്നിവ വന്‍തോതില്‍ മലിനമായെന്നും പ്രശ്നം പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയമാണെന്നും മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. അദ്ദേഹം എഴുതിയ ദ ടെന്‍ ട്രില്യണ്‍ ഡ്രീം ഡെന്റഡ്: ദ സ്റ്റേറ്റ് ഓഫ് ദ ഇന്ത്യന്‍ ഇക്കോണമി ആന്റ് റിഫോംസ് ഇന്‍ മോഡി 2.0 (2019–2024) എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ അക്കമിട്ട് പറയുന്നത്. 

രാജ്യത്തെ മലിനമായ നദികളുടെ എണ്ണം 121ല്‍ നിന്ന് 2015ല്‍ 275 ആയും 2018ല്‍ 351 ആയും ഉയര്‍ന്നതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) റിപ്പോര്‍ട്ട് പറയുന്നു. 2016ല്‍ ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ചപ്പോള്‍ 521 നദികളില്‍ 320ലധികവും മലിനമാണെന്ന് കണ്ടെത്തി. ഈ നദികളിലെ ജലം കുടിക്കാനാകില്ലെന്നും കണ്ടെത്തി. ഫാക്ടറികളിലെയും നഗരങ്ങളിലെയും മാലിന്യങ്ങളും സംസ്കരിക്കാത്ത ജൈവവസ‍്തുക്കളും നദികള്‍, തടാകങ്ങള്‍, കുളങ്ങള്‍ എന്നിവയിലേക്ക് ഒഴുക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നു. വായുഗുണനിലവാരത്തില്‍ നൈജീരിയയും ബംഗ്ലാദേശും കഴിഞ്ഞാല്‍ ഏറ്റവും മോശം അവസ്ഥയിലാണ് ഇന്ത്യ. 

മലിനീകരണ നിയന്ത്രണ പദ്ധതി 2018 മുതല്‍ പ്രവര്‍ത്തനക്ഷമമാണ്. രാജ്യത്തുടനീളമുള്ള വായു ഗുണനിലവാരം നിരീക്ഷിക്കുകയും മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ജലത്തിന്റെ ഗുണനിലവാരം, ശബ്ദനില എന്നിവ നിരീക്ഷിക്കുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍. മലിനീകരണ നിയന്ത്രണ പദ്ധതിക്ക് കീഴില്‍ 2022–23ല്‍ 599.91 കോടിയാണ് ചെലവഴിച്ചത്. തൊട്ടടുത്ത വര്‍ഷം 848 കോടിയും. 2019–20ല്‍ 409 കോടിയായിരുന്നു പദ്ധതി ചെലവ്. 

വായു ഗുണനിലവാരം മെച്ചപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, 2023–24ലെ ശൈത്യകാലത്ത് ഡല്‍ഹിയിലും തലസ്ഥാന മേഖലയിലും അന്തരീക്ഷ മലിനീകരണം വളരെ മോശമായിരുന്നു. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റല്‍ അനാലിസിസ് പുറത്തിറക്കിയ 2023–24ലെ ശീതകാല റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ വായുമലിനീകരണ പ്രതിസന്ധിയുടെ വ്യാപനവും വ്യാപ്തിയും ശൈത്യകാലത്ത് പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുവെന്നും പുസ്തകത്തില്‍ കുറ്റപ്പെടുത്തുന്നു. 

ശൈത്യകാലത്ത് എല്ലാ വര്‍ഷവും അന്തരീക്ഷ മലിനീകരണ തോത് ക്രമാതീതമായി വര്‍ധിക്കുകയും ഡല്‍ഹി ഏകദേശം ഗ്യാസ് ചേംബറായി മാറുന്നതും പതിവാണ്. വായു ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്തതില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്കും കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റിനും സുപ്രീം കോടതിയുടെ രൂക്ഷമായ വിമര്‍ശനം നേരിട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.