
പലസ്തീൻ ജനതയ്ക്കെതിരെയുള്ള ഇസ്രയേലിന്റെ ക്രൂരമായ വംശഹത്യ തുടരുന്നതിനിടയിൽ, ബെഞ്ചമിൻ നെതന്യാഹു ഭരണകൂടവുമായി തന്ത്രപ്രധാന സഹകരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
പതിറ്റാണ്ടുകളായി ഇന്ത്യ പിന്തുടർന്നുപോന്ന ചേരിചേരാ നയത്തെയും പലസ്തീൻ അനുകൂല നിലപാടിനെയും പൂർണ്ണമായും തള്ളിക്കളയുന്നതാണ് മോഡിയുടെ ഈ ഇസ്രയേൽ സന്ദർശനം. അമേരിക്കയുടെ സാമ്രാജ്യത്വ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് ഇന്ത്യ നയതന്ത്ര മാറ്റം വരുത്തിയതെന്ന വിമർശനം ഇതിനോടകം ശക്തമായിക്കഴിഞ്ഞു.
ആശുപത്രികളും സ്കൂളുകളും തകർത്ത് പതിനായിരക്കണക്കിന് പലസ്തീൻ പൗരന്മാരെ കൊന്നൊടുക്കിയ ഇസ്രയേൽ ആഗോളതലത്തിൽ ഒറ്റപ്പെട്ട നിൽക്കുന്ന സമയത്താണ് മോഡിയുടെ സന്ദർശനം. ഈ സന്ദർശനം നെതന്യാഹു ഭരണകൂടത്തിന് നൽകുന്ന രാഷ്ട്രീയ അംഗീകാരമാണെന്ന് ഇടതുപാർട്ടികൾ കുറ്റപ്പെടുത്തി. ശാസ്ത്ര‑സാങ്കേതിക മേഖലകളിലെ സഹകരണമെന്ന് പുറമെ പറയുമ്പോഴും, ഇത് യുദ്ധക്കുറ്റവാളികളെന്ന് മുദ്രകുത്തപ്പെട്ടവരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
യുദ്ധം കാരണം തകർന്നടിഞ്ഞ ഇസ്രയേലിലെ തൊഴിൽ മേഖലയിലേക്ക് 50000 ഇന്ത്യൻ തൊഴിലാളികളെ അയയ്ക്കാനുള്ള തീരുമാനം കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. സ്വന്തം പൗരന്മാരുടെ ജീവൻ അപകടത്തിലാക്കി അവരെ യുദ്ധഭൂമിയിലേക്ക് അയയ്ക്കുന്നത് സാമ്പത്തിക താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്നതുകൊണ്ടാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. നിർമ്മാണ മേഖലയിലും റെസ്റ്റോറന്റുകളിലും ജോലി ചെയ്യുന്ന സ്വദേശികളെ ഒഴിവാക്കി ഇന്ത്യക്കാരെ നിയമിക്കുന്നത് ഇസ്രയേലിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് വിദേശകാര്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ പശ്ചിമേഷ്യൻ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് ഇന്ത്യ തിരക്കിട്ട് ഇസ്രയേലുമായി സ്വതന്ത്ര വ്യാപാര കരാർ ഉൾപ്പെടെയുള്ള ധാരണകളിൽ ഒപ്പിടുന്നത്. ഗാസയുടെ പുനർനിർമ്മാണത്തിൽ ഇന്ത്യക്ക് പങ്കുണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അവകാശപ്പെടുന്നുണ്ടെങ്കിലും, അത് ഇസ്രയേലിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലായിരിക്കുമെന്ന ആശങ്ക ശക്തമാണ്.
2017‑ലെ മോഡിയുടെ സന്ദർശനത്തിന് ശേഷം രൂപപ്പെട്ട ഈ ബന്ധം ഇപ്പോൾ ‘പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം’ എന്ന നിലയിലേക്ക് വളർന്നിരിക്കുന്നു. മാനുഷിക മൂല്യങ്ങളെക്കാൾ സൈനിക‑സാമ്പത്തിക താല്പര്യങ്ങൾക്ക് ഇന്ത്യ വില നൽകുന്നുവെന്ന സന്ദേശമാണ് ഇത് ലോകത്തിന് നൽകുന്നത്. പലസ്തീൻ പോരാട്ടത്തിന് ഇന്ത്യ നൽകിവന്ന ധാർമ്മിക പിന്തുണ മോഡി സർക്കാർ ഇല്ലാതാക്കിയത് അറബ് ലോകവുമായുള്ള ഇന്ത്യയുടെ പാരമ്പര്യ ബന്ധങ്ങളെ ബാധിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.