21 December 2024, Saturday
KSFE Galaxy Chits Banner 2

പഴഞ്ചൊല്ലിലെ നായയുടെ ഭാഗമഭിനയിക്കുന്ന മോഡിസർക്കാർ

Janayugom Webdesk
September 27, 2024 5:00 am

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തൊഴിലില്ലായ്മയുടെ പേരിൽ കേരളമടക്കം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുനേരെ ഇന്നലെ നടത്തിയ കടന്നാക്രമണം കഴിഞ്ഞ ഒരുദശകം മൃഗീയ ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കുകയും, തുടർന്ന് സഖ്യകക്ഷികളുടെ ഔദാര്യത്തിൽ അധികാരം നിലനിർത്തുകയും ചെയ്യുന്ന ബിജെപിയുടെ പരാജയങ്ങൾ മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഉയർന്ന തൊഴിലില്ലായ്മ ഭരിക്കുന്നവരുടെ അയോഗ്യതയായി വിലയിരുത്തുന്ന മന്ത്രി പ്രധാൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും അക്കാര്യത്തിൽ തങ്ങൾ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിലും സംഭവിച്ച പരാജയത്തെപ്പറ്റി യാതൊന്നും പരാമർശിക്കാതെ 2023 ജൂലൈ മുതൽ 2024 ജൂൺ വരെയുള്ള ഒരുവർഷക്കാലയളവിലെ ‘പീരിയോഡിക് ലേബർ ഫോഴ്സ് സർവേ’ (പിഎൽഎഫ്എസ്) ഫലത്തെ പ്രതിപക്ഷ വിമർശനത്തിനുള്ള അവസരമാക്കി മാറ്റുകയാണ് ചെയ്യുന്നത്. പിഎൽഎഫ്എസ് റിപ്പോർട്ടിന്റെ സൂക്ഷ്മമായ വിശകലനം വ്യക്തമാക്കുന്നത് ബിജെപി അധികാരത്തിലിരുന്ന കഴിഞ്ഞ ദശകത്തിൽ തൊഴിലില്ലായ്മയിൽ കാര്യമായ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നുതന്നെയാണ്. തൊഴിലവസരങ്ങൾ നേരിയ തോതിലെങ്കിലും മെച്ചപ്പെട്ടിട്ടുള്ളത് കാർഷിക മേഖലയിൽ മാത്രമാണ്. വ്യാവസായിക ഉല്പാദനരംഗത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി യാതൊരു പുരോഗതിയും കൈവരിക്കാനായിട്ടില്ല. ‘തൊഴിലില്ലായ്മയുടെ കാര്യത്തിൽ ശ്രദ്ധേയമായ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. പൊതുവായ തൊഴിലില്ലായ്മയും യുവാക്കളുടെ തൊഴിൽരാഹിത്യവും പഴയപടി തുടരുകയാണ്’, പ്രമുഖ തൊഴിൽ സാമ്പത്തിക വിദഗ്ധൻ സന്തോഷ് മെഹ്റോത്ര പിഎഫ്എൽഎസ് റിപ്പോർട്ട് വിലയിരുത്തി നിരീക്ഷിക്കുന്നു. തൊഴിൽശക്തി പങ്കാളിത്ത നിരക്കും (ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ റേറ്റ്-എൽഎഎഫ്‌പിആർ) തൊഴിലാളി സംഖ്യാ അനുപാത വർധനവും അടിസ്ഥാനമാക്കിയുള്ള അവകാശവാദമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. അത് കേവലം കാർഷിക തൊഴിൽവർധനവിനെ മാത്രം അടിസ്ഥാനമാക്കിയുള്ള അവകാശവാദമാണ്.


പരിഹാരമില്ലാത്ത തൊഴിലില്ലായ്മ


വ്യാവസായിക ഉല്പാദനരംഗത്തെ തൊഴിലാളി പങ്കാളിത്തം പഴയ 11.4 ശതമാനത്തിൽത്തന്നെയാണ് ഇപ്പോഴും നിൽക്കുന്നത്. വ്യാവസായിക ഉല്പാദനരംഗത്തെ സ്തംഭനാവസ്ഥയിലേക്കാണ് അത് വിരൽചൂണ്ടുന്നത്. തൊഴിൽനൈപുണ്യം നേടി പ്രതിവർഷം പുറത്തുവരുന്ന ലക്ഷക്കണക്കിന് തൊഴിലന്വേഷകർക്ക് തെല്ലും പ്രതീക്ഷ നൽകുന്ന അന്തരീക്ഷമല്ല രാജ്യത്ത് നിലനില്‍ക്കുന്നത്. 2012ൽ 12.8ശതമാനമായിരുന്ന തൊഴിലാളി പങ്കാളിത്തമാണ് മോഡി ഭരണത്തിന്റെ പത്തുവർഷംകൊണ്ട് ഏതാണ്ട് ഒരു ശതമാനത്തോളം പിന്നോട്ടുപോയത്. നിർമ്മാണ മേഖലയിൽ നേരിയ പുരോഗതി നേടിയിട്ടുണ്ടെങ്കിലും അവിടെയും ആവശ്യമായ ഉന്മേഷം പ്രകടമല്ല. കാർഷിക തൊഴിൽ മേഖലയിൽ ഇപ്പോൾ പ്രകടമായിട്ടുള്ള നേരിയ വളർച്ചയാകട്ടെ കാർഷികേതര മേഖലയിലേക്കുള്ള തൊഴിൽ അന്വേഷകരുടെ നിരാശാജനകമായ തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നത്. ആ തിരിച്ചൊഴുക്ക് തുടരുകയാണെന്നാണ് പിഎൽഎഫ്എസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അങ്ങനെ തിരിച്ചെത്തുന്നവരിൽ ഗണ്യമായ ഒരുപങ്ക് വേതനരഹിതമായ കുടുംബ തൊഴിലിലേക്കാണ് മടങ്ങിയെത്തുന്നത്. കൂലിരഹിതമായ ഇതും തൊഴിൽ പട്ടികയിലാണ് റിപ്പോർട്ട് ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ നാലുവർഷങ്ങൾ തുടർച്ചയായി ആവർത്തിക്കുന്ന ഈ പ്രതിഭാസം തൊഴിലില്ലായ്മയുടെ ഞെട്ടിപ്പിക്കുന്ന മുഖമാണ് തുറന്നുകാട്ടുന്നത്. വിദ്യാസമ്പന്നരായ യുവാക്കൾക്കിടയിലെ രൂക്ഷമായ തൊഴിലില്ലായ്മ മറച്ചുവയ്ക്കാനാണ് ഫലത്തിൽ പിഎൽഎഫ്എസ് റിപ്പോർട്ട് ശ്രമിക്കുന്നത്. മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങി കാർഷിക തൊഴിൽ സാധ്യതകൾ ഏറെയുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താണ് കേരളത്തിനെതിരെ തൊഴിലില്ലായ്മ ആയുധമാക്കി രാഷ്ട്രീയ ആക്രമണത്തിന് ധർമേന്ദ്ര പ്രധാൻ മുതിർന്നിരിക്കുന്നത്. കേരളത്തെ കടന്നാക്രമിക്കുന്ന പ്രധാൻ സ്വന്തം പാർട്ടി ഭരിക്കുന്ന ഗോവയുടെ അതിനേക്കാൾ ഉയർന്ന തൊഴിലില്ലായ്മയെപ്പറ്റി നിശബ്ദത പാലിക്കുന്നതും ശ്രദ്ധേയമാണ്.


തൊഴിലില്ലായ്മയിൽ വലയുന്ന ഇന്ത്യൻ യുവത്വം


പ്രതിവർഷം രണ്ടുകോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്താണ് 2014ൽ തങ്ങൾ അധികാരത്തിൽ വന്നതെന്ന വസ്തുത മോഡിയും കൂട്ടരും എന്നേ വിസ്മരിച്ചിരിക്കുന്നു. ആ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരുന്നെങ്കിൽ കഴിഞ്ഞ പത്തുവർഷംകൊണ്ട് രാജ്യത്ത് പുതുതായി ഇരുപതുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമായിരുന്നു. അതിന് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മാത്രം പോര. രാഷ്ട്രീയ നിശ്ചയദാർഢ്യവും, സാമ്പത്തിക കാഴ്ചപ്പാടും, വ്യക്തമായ കർമ്മപരിപാടിയും കൂടിയേതീരൂ. അതിന്റെ അടിത്തറ തങ്ങളെ അധികാരത്തിലെത്തിച്ച ജനങ്ങളോടും രാജ്യത്തോടുമായിരിക്കണം. മോഡിയുടെയും ബിജെപിയുടെയും കടപ്പാട് തങ്ങളെ അധികാരത്തിലേറ്റാൻ നിക്ഷേപം നടത്തിയ കോർപറേറ്റുകളോട് മാത്രമാണെന്ന് അവർ ആവർത്തിച്ചു തെളിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സമ്പത്തും, വലിയൊരളവ് തൊഴിൽദാതാക്കളുമായിരുന്ന പൊതുമേഖലയെ കോർപറേറ്റുകൾക്ക് അടിയറവയ്ക്കുകയും സർക്കാർ സേവനതുറകളിലും പൊതുമേഖലയിലുമുള്ള തസ്തികകളിലേക്ക് നിയമനം നടത്താതിരിക്കുകവഴി ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ രാജ്യത്തെ പുതുതലമുറയ്ക്ക് നിഷേധിക്കുകയും ചെയ്തവർ ആ പാപഭാരം പ്രതിപക്ഷ സംസ്ഥാന സർക്കാരുകളുടെ തലയിലേറ്റി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. സംസ്ഥാനങ്ങളുടെ ധനസ്രോതസുകൾ യഥേഷ്ടം കൊള്ളയടിക്കുകയും അർഹമായ വിഹിതം നിഷേധിക്കുകയും ചെയ്യുന്നവർ പഴഞ്ചൊല്ലിലെ നായയുടെ ഭാഗമാണ് അഭിനയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.